കൊല്ലം: ഡോ. വന്ദനയെ കുടവട്ടൂർ സ്വദേശിയായ സന്ദീപ് കൊലപ്പെടുത്തിയത് ക്രൂരമായാണെന്ന് കേസിലെ ഒന്നാംസാക്ഷി ഡോ. മുഹമ്മദ് ഷിബിൻ മൊഴി നൽകി. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുൻപാകെ നടന്ന വിസ്താരവേളയിൽ, സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കലിന്റെ ചോദ്യത്തിനു മറുപടിയായാണ് ഇപ്രകാരം മൊഴി നൽകിയത്.

To advertise here,

വന്ദന കൊല്ലപ്പെട്ട ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ജോലിചെയ്യുകയായിരുന്ന താൻ വന്ദനയെ പ്രതി ആക്രമിക്കുന്നത് കണ്ടിരുന്നു. രാവിലെ അഞ്ചുമണിയോടെ പൂയപ്പള്ളി പോലീസാണ് പ്രതിയെ കൊട്ടാരക്കര ഗവ. ആശുപത്രിയിൽ കൊണ്ടുവന്നത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രതി തലയിൽ കുത്തുകയായിരുന്നു. ആശുപത്രിയിലെ നിരീക്ഷണമുറിയിൽവെച്ചാണ് വന്ദനയെ തുരുതുരെ കുത്തിയത്.

ആക്രമിച്ചയാളെ അറിയാമോയെന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് ഷിബിൻ കോടതിയിലുണ്ടായിരുന്ന പ്രതി സന്ദീപിനെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ആക്രമിക്കാൻ ഉപയോഗിച്ച സർജിക്കൽ സിസർ കോടതിയിലുണ്ടായിരുന്നതും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഡോ. വന്ദനയുടെ സ്റ്റെതസ്കോപ്പും വസ്ത്രങ്ങളും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. തുടർ സാക്ഷിവിസ്താരം വ്യാഴാഴ്ച നടക്കും. കേസിൽ പ്രോസിക്യൂഷനുവേണ്ടി ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.