കൊല്ലം: കേരളത്തെ ഞെട്ടിച്ച ഡോ. വന്ദനാ ദാസ് കൊലക്കേസിൽ മാർച്ച് 17-ന് കോടതി വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കുക. കേസിലെ അന്തിമവാദം പൂർത്തിയായതിന് പിന്നാലെയാണ് വിധിപ്രസ്താവത്തിലേക്ക് കടക്കുന്നത്.

To advertise here,

കൊടുവട്ടൂർ സ്വദേശിയായ സന്ദീപ് ആണ് കേസിലെ ഏക പ്രതി. കേസിന്റെ വിചാരണവേളയിൽ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചിരുന്നു. ഇതിൽ 50 പേരും ഡോക്ടർമാരായിരുന്നു. കേരളത്തിൽ നടന്ന കൊലപാതക കേസുകളിൽ ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളായെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

ശക്തമായ തെളിവുകളാണ് പ്രതിക്കെതിരേ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 22 തൊണ്ടിമുതലുകളും 27 രേഖകളും തെളിവുകളിൽ ഉൾപ്പെടുന്നു. പ്രതിക്ക് പരാമവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

മുൻപ് കേസ് വിചാരണയ്ക്കായി തീയതി നിശ്ചയിച്ച സമയത്ത് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയുടെ നിർദേശാനുസരണം നടത്തിയ പ്രതിയുടെ മാനസികനില പരിശോധനയിൽ, ഇയാൾക്ക് വിചാരണ നേരിടാൻ ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പിന്നാലെയാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. ഇതിനിടെ പ്രതി നൽകിയ വിടുതൽ ഹർജിയും കോടതി തള്ളിയിരുന്നു.

2023 മേയ് 10-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിയായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നെന്നാണ് കേസ്. ഡ്യൂട്ടിക്കിടെ ഡോക്ടർ കൊല്ലപ്പെടുന്ന കേരളത്തിലെ ആദ്യസംഭവവുമാണിത്.

കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നില്ല. ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കും ഈ ദാരുണസംഭവം വഴിവെച്ചിരുന്നു. അതിനിടെ, സ്‌കൂൾ അധ്യാപകനായ പ്രതി സന്ദീപിനെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിടുകയുംചെയ്തു.