കൊച്ചി: ചേരാനല്ലൂരിൽ സ്‌കൂട്ടർ യാത്രികന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കസ്റ്റഡിയിലായ പതിനേഴുകാരന്റെ മൊഴി പുറത്ത്. കാർ ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാർ അറിയാതെ വാഹനം നിരത്തിലിറക്കിയതെന്ന് പ്രായപൂർത്തിയാകാത്ത പ്രതി പോലീസിനോട് പറഞ്ഞു. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നും ഇയാൾ പോലീസിന് മൊഴി നൽകിയതായാണ് വിവരം.

To advertise here,

ആലുവയിലെ ഫ്ലാറ്റിൽനിന്നാണ് കൗമാരക്കാരൻ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് കാറുമായി പുറത്തുപോയതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ ചേരാനല്ലൂരിലായിരുന്നു അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണൻ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. ഇയാൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലുണ്ടായിരുന്ന അരിയും മറ്റ് സാധനസാമഗ്രികളും റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ച നിലയിലായിരുന്നു.

സംഭവം നടന്ന ഉടൻതന്നെ ചേരാനല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും വാഹനമോടിച്ച പതിനേഴുകാരനെയും ബെൻസ് കാറും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ ബെൻസ് കാർ ഒരു ജഡ്ജിയുടെ പേരിലുള്ളതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം സെക്ഷൻ 281 (പൊതുവഴിയിൽ അലക്ഷ്യമായും ശ്രദ്ധയില്ലാതെയും വാഹനമോടിക്കൽ), സെക്ഷൻ 106 (1) (അശ്രദ്ധമൂലം ഒരാളുടെ മരണത്തിന് കാരണമാകൽ) എന്നീ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ സൗകര്യം ചെയ്തു നൽകിയ സാഹചര്യത്തിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെയും നിയമനടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം.

അതേസമയം, പ്രതിയുടെ കുടുംബത്തിനെതിരേ മരിച്ച ജയപാലകൃഷ്ണന്റെ ബന്ധുക്കൾ രംഗത്തെത്തി. പ്രതിയുടെ പിതാവ് ജഡ്ജിയാണെന്ന് അറിഞ്ഞപ്പോൾ പോലീസിന്റെ സമീപനം മാറിയെന്ന് ജയപാലകൃഷ്ണന്റെ സഹോദരൻ ആരോപിച്ചു. പ്രതിയുടെ ചിത്രമെടുത്തപ്പോൾ പോലീസ് എത്തി ഫോണിൽനിന്ന് ചിത്രം ഡിലീറ്റ് ചെയ്യിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.