ബെംഗളൂരു: മലയാളി വിദ്യാര്‍ഥികളെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. കെങ്കേരിയില്‍ ആര്‍ആര്‍ നഗറിന് സമീപം ഞായറാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം.

To advertise here,

ഇടുക്കി, കണ്ണൂര്‍ സ്വദേശികളായ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിച്ചതിന് ശേഷം താമസസ്ഥലത്തേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ എത്തി അജ്ഞാതന്‍ തടഞ്ഞു നിര്‍ത്തുകയും വടിവാള്‍ വീശി ഭയപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതിന് ശേഷം കടന്നുകളഞ്ഞു.

അവസാന വര്‍ഷ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികളായ മൂന്ന് പേരും പഠനത്തിന്റെ ഭാഗമായ പരിശീലനത്തിനായി ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വാടകവീട്ടിലേക്ക് മടങ്ങുമ്പോഴാണ് മധ്യവയസ്‌കനായ ഒരാള്‍ തടഞ്ഞു നിര്‍ത്തിയത്. ഇയാള്‍ വടിവാള്‍ വീശിയപ്പോള്‍ ഒരാള്‍ റോഡിലേക്ക് വീണു. പിന്നീട് മൂന്ന് പേരില്‍ നിന്നും മൊബൈല്‍ വാങ്ങി കടന്നു കളഞ്ഞു. ഭയന്ന് വീട്ടിലേക്ക് പോയ വിദ്യാര്‍ഥികള്‍ പിന്നീട് കെങ്കേരി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഇതിനിടെ കാണാതായ ഒരു ഫോണിലേക്ക് വിളിച്ചപ്പോള്‍ കോള്‍ എടുത്തയാള്‍ പണം നല്‍കാമെങ്കില്‍ ഫോണ്‍ തിരികെ നല്‍കാമെന്ന് പറഞ്ഞു.

ഇവര്‍ പറഞ്ഞസ്ഥലത്ത് പോലീസിന് ഒപ്പമെത്തിയെങ്കിലും അക്രമി എത്തിയില്ല. പിന്നീട് ഇതേ ഫോണില്‍തന്നെ വിളിച്ച് പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.