എം.എൻ. വിജയന്റെ 'വൈലോപ്പിള്ളി' എന്ന പുസ്തകത്തിൽനിന്നും ഒരു ഭാഗം വായിക്കാം. 

To advertise here,

വൈലോപ്പിള്ളിയെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ജീവിതത്തെ തലകീഴായി വീക്ഷിക്കുകയും മുഖത്തെ പിന്നിൽ കാണുകയും ഒരു വസ്തുവിനെയും മുഖവിലയ്ക്കെടുക്കാതിരിക്കുകയും എല്ലാറ്റിന്റെയും പിന്നിലെന്ത് എന്നന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു സംശയാലുവാണ് വൈലോപ്പിള്ളി എന്ന് അദ്ദേഹത്തിന്റെ കവിതകളിൽനിന്നറിയാം. ഒരർഥത്തിൽ, അദ്ദേഹം തന്റെ വീടിന്റെ വളരെയരികിൽ അന്ന് താമസിച്ചിരുന്ന ചങ്ങമ്പുഴയുടെ നേരേ വിപരീതമായിരുന്നു എന്നു പറയാം.

നാം സാഹിത്യചരിത്രത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ മറന്നുപോകുന്ന ഒരു കാര്യം എങ്ങനെയാണ് അടുത്തടുത്തു ജീവിച്ച രണ്ടു വ്യക്തികളുടെ ദ്വന്ദ്വാത്മകബന്ധം അവരുടെ കാവ്യജീവിതത്തെ രൂപപ്പെടുത്തുന്നത് എന്നതാണ്. കന്നിക്കൊയ്ത്ത് എന്ന കവിതാസമാഹാരം ആദ്യം പ്രസിദ്ധപ്പെടുത്തിയപ്പോൾ ആ കൃതിയിൽ 'കന്നിക്കൊയ്ത്ത്' എന്ന കവിത ഉണ്ടായിരുന്നില്ല.

ആകയാലൊറ്റയൊറ്റയിൽക്കാണു-
മാകുലികളെപ്പാടിടും വീണേ!
നീ കുതുകമോടാലപിച്ചാലു-
മേക ജീവിതാനശ്വരഗാനം
എന്നുള്ള വരികളെ എല്ലാവരും പ്രകീർത്തിച്ചിട്ടുണ്ട്. പക്ഷേ, ആ വരികൾ, ശരിക്കും മുഖത്തോടുമുഖം ചങ്ങമ്പുഴക്കവിതയുടെ ഒരു വിമർശനമായിരുന്നു. ഒറ്റയൊറ്റയായിക്കാണുമ്പോൾ ദുഃഖമായി കാണുന്ന ഈ ലോകത്തെ ചിത്രീകരിക്കുന്നതിനു പകരം ഈ ദുഃഖത്തെ പൂർണമായും വിസ്മരിക്കുവാൻ ചരിത്രത്തെ ഒന്നായി കാണണം എന്നായിരിക്കണം വൈലോപ്പിള്ളി ആ വരികളിൽ പറയുന്നത്.

ചേറ്റുപുഴ വിപത്തു കഴിഞ്ഞ്, ഏതാണ്ടൊരു വർഷം കഴിഞ്ഞ് വൈലോപ്പിള്ളി,
ജീർണത ചേറ്റിൽ താഴുന്നൂ, പുഴ
പൂർണത തേടി പായുന്നു

എന്നെഴുതി. ഇത് ഒരസാധാരണമായ വീക്ഷണമാണ്. ജീർണത എന്നു പറയുന്നത് ചേറ്റിൽ താഴുന്ന മനുഷ്യരെപ്പറ്റിയാണ്. പുഴ, പൂർണത തേടിപ്പായുന്ന പുഴ ഒഴുകിപ്പോകുന്ന ചരിത്രമാണ്. ഈ വിശേഷമായ കാഴ്ചപ്പാട് മിക്കവാറും വൈലോപ്പിള്ളിയുടെ കാവ്യജീവിതത്തിൽ മുഴുവൻ ഉള്ളതായി കാണാം.
അതുകൊണ്ട്,
കെട്ട ജീവിതം! ഉണ്ടെനിക്കെന്നാൽ
മറ്റൊരു കാവ്യജീവിതം മന്നിൽ
എന്ന് 'കുടിയൊഴിക്ക'ലിൽ അദ്ദേഹം പേർത്തും പേർത്തും പറയുകയുംചെയ്യുന്നു.

വൈലോപ്പിള്ളി എഴുതിയതാണ് എന്നു ഞാൻ വിശ്വസിക്കുന്ന, ചങ്ങമ്പുഴയെക്കുറിച്ച് എഴുതിയതാണ് എന്നും ഞാൻ വിശ്വസിക്കുന്ന, പുസ്തകരൂപത്തിൽ വന്നിട്ടില്ലാത്ത ഒരു കവിതയിൽ, 'മന്ത്രവാദി' എന്ന കവിതയിൽ, 'വധുവിന്റെ വസകൊണ്ട് പൊട്ടു തൊട്ട് അവനിരുന്നീടുന്നു മന്ത്രവാദി' എന്ന വരികളുണ്ട്. ഭാര്യയുമായി എന്നും പിണങ്ങുകയും ഭാര്യയെ വളരെ മനോഹരമായി വഞ്ചിക്കുകയും ചെയ്ത ചങ്ങമ്പുഴയാണ് ഈ കവിതയിലെ നായകനായ മന്ത്രവാദി.

തന്റെ ഭാര്യയുടെ വസയെടുത്ത് നെറ്റിയിൽ ചാർത്തുകയും ഭാര്യയുടെ ദുഃഖംകൊണ്ട് മന്ത്രവാദം ചെയ്യുകയും ചെയ്യുന്ന ഒരു മഹാമാന്ത്രികനാണ് ചങ്ങമ്പുഴ എന്നാണ് കവിതയിൽ പറയുന്നത്.

ചങ്ങമ്പുഴയ്ക്ക് ഭാവനയും യാഥാർഥ്യവും തമ്മിൽ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ മൗലികമായ ജീവിതപരാജയത്തിന്റെയും മൗലികമായ കാവ്യവിജയത്തിന്റെയും കാരണമായിരുന്നു. ഒരുപക്ഷേ ഇത് വൈലോപ്പിള്ളിയെ സംബന്ധിച്ചിടത്തോളവും വാസ്തവമാകാം. വൈലോപ്പിള്ളിയുടെ ജീവിതത്തെക്കുറിച്ച് എനിക്ക് ഒന്നുംതന്നെ അറിയില്ല.

ചങ്ങമ്പുഴയുടേതും ഒരു കെട്ട ജീവിതമായിരുന്നു. ഇവർ രണ്ടുപേരും പരസ്പരവിരുദ്ധമായാണ് ജീവിതത്തെ നോക്കിക്കണ്ടിരുന്നതെങ്കിലും മിക്കവാറും ഒരേ സ്ഥലത്തുതന്നെയാണ് എത്തിച്ചേർന്നത് എന്നത് അദ്ഭുതകരമായി തോന്നാം.

വൈലോപ്പിള്ളി അദ്ദേഹത്തിന്റെ കാവ്യലോകസ്മരണകളിൽ, എന്റെ കവിതയ്ക്ക് നിരൂപണം എഴുതിയ ആളുകളാരും എന്റെ കവിതകളിൽ ഒന്നുപോലും അനുരാഗകവിതയായിട്ടില്ല എന്ന കാര്യം ശ്രദ്ധിച്ചിട്ടില്ല എന്നു പറയുന്നുണ്ട്. ഇതു ശരിയാവാം. പക്ഷേ, ഇതിന്റെ അർഥം മറ്റൊന്നാണ്.

ചങ്ങമ്പുഴപ്രതിഷേധം അനുരാഗത്തിന്റെ കവിയായ ചങ്ങമ്പുഴയുടെ രീതിയോടുള്ള പ്രതിഷേധമായിക്കൂടി വൈലോപ്പിള്ളിക്കവിതയിൽ വന്നിട്ടുണ്ട് എന്നു കാണാം. വേറൊരു തരത്തിൽ പറഞ്ഞാൽ അവരുടെ സ്വഭാവഘടനകൾ തമ്മിൽ മൗലികമായ ഒരു വൈരുധ്യം ഉണ്ടായിരുന്നു എന്നതാണ്. ഈ വൈരുധ്യത്തിന്റെ ഒരു ഫലം ധ്രുവങ്ങൾ രണ്ടും ഒന്നുപോലെയായിരിക്കുന്നതുപോലെ, അവർ രണ്ടും ഒരർഥത്തിൽ ഒന്നുപോലെയായിത്തീർന്നു എന്നതാണ്. അതാണതിന്റെ പരിണതി എന്നു പറയാം.

അമ്മയെ സ്നേഹിച്ചേൻ ഞാൻ
വെറുത്തേൻ പെൺജാതിയെ
എന്നാണ് വൈലോപ്പിള്ളി എഴുതിയത്. ചങ്ങമ്പുഴയാണെങ്കിൽ ലോകത്തിലെ പെൺജാതിയായ പെൺജാതിയെ മുഴുവൻ സ്നേഹിക്കുകയും ഒരുപക്ഷേ അമ്മയെ വെറുക്കുകയും ചെയ്തു എന്നു പറയാം. രണ്ടിന്റെയും ഫലം ഒന്നാണ്. വൈലോപ്പിള്ളിയുടെ കവിതകൾക്ക്, അനുരാഗകവിതകൾക്ക് ഒരുതരം 'റാഷ്' കാരക്ടറുണ്ട്. വളരെയധികം 'ടീസിങ്' ആയിട്ടുള്ള വരികൾ അദ്ദേഹമെഴുതിയിട്ടുണ്ട്.

കന്യമാർക്കു നവാനുരാഗങ്ങൾ
കമ്രശോണസ്ഫടികവളകൾ.
ഒന്നു പൊട്ടിയാൽ മറ്റൊന്ന്.…
എന്നുള്ളത് ഏതു പെൺകുട്ടിക്കും സായാഹ്നങ്ങളിൽ ഓട്ടോഗ്രാഫിൽ എഴുതിക്കൊടുക്കുവാൻ പറ്റിയ വരികളാണ്. പെൺകുട്ടികൾക്ക് തിരിച്ചെഴുതിക്കൊടുക്കുവാനുള്ള വരികളും വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്.
മറ്റു പൂച്ചെടി ചെന്നു തിന്നാനെൻ
കൊറ്റനാടിനുണ്ടിപ്പൊഴേ മോഹം.
ഇത് വൈലോപ്പിള്ളിയുടെ അനുരാഗസങ്കല്പമാണ്. ഇത് വലിയൊരു സംശയത്തിന്റെ കഥയാണ്. വൈലോപ്പിള്ളിയുടെ കവിത വലിയൊരു സംശയത്തിലധിഷ്ഠിതമാണ്. 'വിഷുക്കണി' എന്ന ചെറിയ കവിതയിൽ ഈ ആശയം അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

നാളെ വരാനിരിക്കുന്ന ലോകം തേച്ചുമിനുക്കിയ ഉരുളിയിൽ മഞ്ഞപ്പൂക്കളും സ്വർണവും വെള്ളരിക്കയും മധുരോദാരമായ മറ്റു വസ്തുക്കളും നിറച്ചുവെച്ചിട്ടുള്ള ഒരു സുവർണലോകമാണ് എന്നു നമ്മെ തെറ്റിദ്ധരിപ്പിക്കുവാൻ ആളുകളുണ്ടാക്കിവെക്കുന്ന കെണിയെയാണ് നാം 'കണി'യെന്ന് പറയുന്നത്. ഇത് നമ്മുടെ കണ്ണു കെട്ടിയിട്ട് മുന്നിൽ കൊണ്ടുവെച്ച് 'കണികാണുക മകനേ' എന്ന് എല്ലാ അമ്മമാരും എല്ലാ അച്ഛന്മാരും മുത്തച്ഛന്മാരും പറഞ്ഞുണർത്തുകയും ചെയ്യുന്നു. അവിടംവരെയുള്ള വഴി എന്താണ് എന്നവരറിയാതിരിക്കാനാണ് അവരുടെ കണ്ണ് കെട്ടിക്കൊണ്ടേ പോവുന്നത്.

ഇങ്ങനെ കണ്ണു കെട്ടി തന്നെ വിഷുക്കണിയുടെ അരികിലേക്ക് കൊണ്ടുപോവുമ്പോൾ ഇടയ്ക്ക് കൈ തെറ്റിച്ച് താൻ കണ്ണു തുറന്നു നോക്കിയെന്നും അപ്പോൾ ലോകം മുഴുവൻ ഇരുട്ടാണെന്നും അയൽവീടുകളിലൊന്നും തിരിയെരിയുന്നില്ലയെന്നും താൻ മനസ്സിലാക്കിയെന്നും, അതോടുകൂടി ജീവിതത്തെക്കുറിച്ചുള്ള വലിയൊരു നൈരാശ്യബോധം തന്നിലുണ്ടായിത്തീർന്നു എന്നും വൈലോപ്പിള്ളി പറയുന്നുണ്ട്.

ഇരുട്ടിനെക്കുറിച്ച് ഒരുപാടു സങ്കല്പങ്ങൾ വൈലോപ്പിള്ളിക്കുണ്ടായിരുന്നു. ഇരുട്ട് എന്നുള്ളത് വൈലോപ്പിള്ളിക്ക് ഒരു മരത്തിന്റെ താഴെ വന്നുചേരുന്ന ഒരു നരിയും ആ നരിയൂട്ടുന്ന നരിക്കുഞ്ഞുങ്ങളും ആണ്. ലോകത്തിൽ ഏറ്റവുമധികം സ്നേഹമുള്ളത്, ഒരുപക്ഷേ തന്റെ അമ്മയ്ക്കല്ലെന്നും, ഈറ്റപ്പുലിക്കാണെന്നും, മനുഷ്യനു സ്നേഹമില്ല എന്നും വൈലോപ്പിള്ളി 'പെണ്ണും പുലിയും' എന്ന കവിതയിൽ പറയുന്നുണ്ട്. 'മാനുഷനുണ്ടോ വാത്സല്യം?' എന്നാണ്

നരി കുഞ്ഞുങ്ങളോടു ചോദിക്കുന്നത്. ഈ ചോദിക്കുന്ന നരി തീർച്ചയായും വൈലോപ്പിള്ളിയാണ് എന്നതിനു സംശയമില്ല. ഇതുപോലൊരു ചോദ്യം എൻ.വി. കൃഷ്ണവാരിയർ തന്റെ 'എലി'യെക്കൊണ്ട് ചോദിപ്പിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും സ്നേഹമുള്ള മൃഗം നാം സ്നേഹമില്ല എന്നു പറയുന്ന മൃഗങ്ങളാണെന്നും ക്രൗര്യമാണ് ഏറ്റവും വലിയ സ്നേഹം എന്നും ഇരുട്ടാണ് ഏറ്റവും വലിയ വെളിച്ചമെന്നും ഉള്ള മിക്കവാറും തലകീഴായ ഒരു തത്ത്വശാസ്ത്രം വൈലോപ്പിള്ളി തന്റെ ജീവിതബോധത്തിൽനിന്ന് ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. ഇതുകൊണ്ട് കവിതയ്ക്ക് വളരെ സവിശേഷമായ ചില പ്രത്യേകതകൾ ഉണ്ടായിത്തീരുന്നു. ഈ പ്രത്യേകതകളെക്കുറിച്ചാണ് നാം എന്നും ചർച്ച ചെയ്തുപോന്നിട്ടുള്ളത്.

'പുഞ്ചിരി ഹാ! കുലീനമാം കള്ളം' എന്നുള്ള പ്രസിദ്ധമായ വരിയിൽ അദ്ദേഹം ഒരു മുദ്രാവാക്യമായി എഴുതിപ്പിടിപ്പിച്ചിട്ടുള്ളതുപോലെ, ഈ ലോകത്തിൽ എപ്പോഴും നന്മ കാണുമ്പോൾ അതിന്റെ പിന്നിൽ തിന്മ കാണുവാൻ ശ്രമിക്കുകയും, ഭരണകൂടങ്ങൾക്ക് സ്തുതി പാടുന്ന ആളുകളെ കാണുമ്പോൾ ഞങ്ങൾ എന്നും ഒരു സൗവർണ പ്രതിപക്ഷമാണു എന്നു പറയുകയും, ലോകത്തിന്റെ സത്യം അതിന്റെ പിന്നാമ്പുറങ്ങളിൽ അധിഷ്ഠിതമാണെന്ന് കരുതുകയുമാണ് വൈലോപ്പിള്ളി ചെയ്തത്.

പകൽ ഗദ്യത്തിന്റെയും രാത്രി കവിതയുടെയും കാലമാണ് എന്നും രാത്രി കിനാവ് കാണുന്നതുകൊണ്ടാണ് പകൽ ചരിത്രമുണ്ടാകുന്നത് എന്നും ഉള്ള വിചിത്രമായ സങ്കല്പമാണ് വൈലോപ്പിള്ളിയുടെ കവിതയിൽനിന്ന് ഉരുത്തിരിയുന്നത്. ഈ സവിശേഷമായ വീക്ഷണം എങ്ങനെയുണ്ടായി എന്നെനിക്കറിയില്ല. അറിയണം എന്നുമില്ല.

ഇന്നു തൽച്ചെറു നിന്ദനമെന്നിൽ
ചെന്നിനായകം ചേർത്തിരിക്കുമ്പോൾ
എന്ന് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. ലോകം ഒരു കയ്ക്കുന്ന സത്യമാണ് എന്ന അനുഭവം ഒരുപക്ഷേ അമ്മ, മുല കുടിക്കുമ്പോൾ മുലയിൽ ചെന്നിനായകം പുരട്ടിയതുകൊണ്ട് ഉണ്ടായതാകാം.
മനമല്ലൽ കൊതിച്ചു ചെല്ലുകിൽ
തനിയേ കൈവിടുമീർഷ്യ ദുർവിധി

എന്ന വേദാന്തം, ദുഃഖത്തെ അന്വേഷിച്ചു ചെന്നാൽ സുഖം കിട്ടുമെന്ന വേദാന്തം, കുമാരനാശാന്റെ കവിതയിലുള്ള വേദാന്തം, വൈലോപ്പിള്ളിയുടെ കവിതയിൽ നിരന്തരമായി കാണാവുന്നതാണ്. ഇത് ഒരു ലോകവീക്ഷണമാണ്. ബുദ്ധനുണ്ടായിരുന്ന ജീവിതവീക്ഷണവും ഇതുതന്നെയായിരുന്നെന്ന് പറയാം.

ദുഃഖത്തെ ഉപാസിക്കുന്നവൻ സുഖത്തിലെത്തിച്ചേരുന്നുവെന്നും, കയ്പിനെ തേടി പോകുന്നവൻ മധുരത്തിലെത്തിച്ചേരുന്നുവെന്നും, ജീവിതത്തെ നിഷേധിക്കുന്നവൻ ഒരു കാവ്യജീവിതത്തിൽ ഉണരുന്നുവെന്നും, രാത്രിയിൽ കിനാവ് കാണുന്നവൻ പ്രഭാതത്തിൽ ഒരു പുതിയ ലോകത്തെ സൃഷ്ടിക്കുന്നുവെന്നും ഉള്ള സവിശേഷമായൊരു വീക്ഷണം വൈലോപ്പിള്ളി തന്റെ ജീവിതത്തിൽനിന്ന് ഉരുത്തിരിച്ചെടുത്തിരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനമായ മരണത്തെക്കുറിച്ച് പലതരം ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടാകാവുന്നതാണ്.
കെട്ട ജീവിതം! ഉണ്ടെനിക്കെന്നാൽ
മറ്റൊരു കാവ്യജീവിതം മന്നിൽ!
മാർച്ച് 1986