ന്യൂഡല്‍ഹി: സുരക്ഷിതവും നന്നായി പരിപാലിക്കുന്നതും ഗതാഗതയോഗ്യവുമായ റോഡുകൾക്ക് വേണ്ടിയുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണിതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. റോഡുകളുടെ നിർമാണം ഒരു സ്വകാര്യ വ്യക്തിയ്ക്ക് കരാർ നൽകുന്നതിന് പകരം, റോഡുകളുടെ വികസനവും പരിപാലനവും സംസ്ഥാനം നേരിട്ട് ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചു.
മധ്യപ്രദേശ് റോഡ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ (MPRDC- മധ്യപ്രദേശ് സർക്കാർ സ്ഥാപനം) നൽകിയ റിട്ട് ഹർജി അനുവദിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ സ്ഥാപനം നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ഒരു സ്വകാര്യ സ്ഥാപനത്തിനെതിരെ റിട്ട് ഹർജി നിലനിൽക്കില്ലെന്ന് അപ്പീലിൽ ഹർജിക്കാരൻ വാദിച്ചു. അതിനാൽ, മധ്യപ്രദേശിൽ റോഡ് നിർമിക്കാൻ കരാർ ലഭിച്ച സ്വകാര്യ സ്ഥാപനത്തിനെതിരെ സംസ്ഥാനത്തിന് റിട്ട് ഹർജി നൽകുവാൻ സാധിക്കുമോ എന്നതായിരുന്നു കോടതിക്ക് മുന്നിലെത്തിയ ഒരു ചോദ്യം.
'മധ്യപ്രദേശ് ഹൈവേ നിയമം, 2004 അനുസരിച്ച്, സംസ്ഥാനത്തെ റോഡുകളുടെ വികസനം, നിർമാണം, പരിപാലനം എന്നിവയിൽ സംസ്ഥാനത്തിന്റെ പങ്ക് ആവർത്തിച്ച് ഉറപ്പിക്കുന്നു. ചില സാഹചര്യങ്ങളിൽ ഒഴിവാക്കലുകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി, രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും പ്രവേശിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(g) പ്രകാരം ഉറപ്പുനൽകുന്ന ഒരു മൗലികാവകാശമാണ്. സുരക്ഷിതവും നന്നായി പരിപാലിക്കുന്നതും ഗതാഗതയോഗ്യവുമായ റോഡുകൾക്കുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതുകൊണ്ട്, സംസ്ഥാനത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള റോഡുകൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്', കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്തിന്റെ റിട്ട് ഹർജി അനുവദിച്ച ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട് ജസ്റ്റിസ് മഹാദേവൻ എഴുതിയ വിധിന്യായത്തിൽ, അപ്പീൽ ഹർജിക്കാരൻ ഒരു സ്വകാര്യ സ്ഥാപനമാണെങ്കിലും തർക്കം ഒരു പൊതു പ്രവർത്തനവുമായി (റോഡ് അടിസ്ഥാന സൗകര്യ വികസനം) ബന്ധപ്പെട്ടതായതുകൊണ്ട് റിട്ട് നിലനിൽക്കുമെന്ന് നിരീക്ഷിച്ചു. എന്നിരുന്നാലും, ഇത്തരം സുപ്രധാന ചുമതലകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് പുറംകരാർ നൽകുന്നതിനെതിരെ കോടതി മുന്നറിയിപ്പ് നൽകുകയും റോഡുകൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം പൂർണമായും സംസ്ഥാനത്തിനാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.
'സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിക്കുന്നതുമായ ഒരു കോർപ്പറേഷൻ, സംസ്ഥാന പാത/ജില്ലാ റോഡ് നിർമിക്കുന്നതിനുള്ള കരാർ നൽകുമ്പോൾ അത് സ്വകാര്യ കക്ഷി നിർവഹിച്ചാൽ പോലും ഒരു പൊതു പ്രവർത്തനത്തിന്റെ സ്വഭാവം കൈവരിക്കുന്നു. ഇത് റിട്ട് ഹർജി നിലനിർത്തുന്നതിനുള്ള പ്രവർത്തനക്ഷമതാ പരിശോധനയെ തൃപ്തിപ്പെടുത്തും. അതനുസരിച്ച്, റിട്ട് ഹർജിയിൽ ഒരു പൊതു നിയമ ഘടകം ഉൾപ്പെടുന്നു. അതിനാൽ അത് ഹൈക്കോടതിയിൽ നിലനിൽക്കുന്നതായിരുന്നു', കോടതി വിലയിരുത്തി.
Content Highlights: Supreme Court says right to Safe and Motorable Roads Part Of Fundamental Right To Life
Published: 30 Jul 2025, 10:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented