കാക്കനാട്: 'ആശുപത്രിയിൽ പോകേണ്ട, ക്യൂ നിൽക്കേണ്ട, വെറും 20 മിനിറ്റിൽ കാഴ്ചപരിശോധനാ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ കിട്ടും! ' സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ വീണ് ഓൺലൈൻ വഴി കണ്ണ് പരിശോധനാ സർട്ടിഫിക്കറ്റുകളുമായി ലേണേഴ്സ് പരീക്ഷയ്ക്കെത്തിയ അപേക്ഷകർക്ക് മോട്ടോർ വാഹന വകുപ്പിന്റെ പൂട്ട്.

To advertise here,

എറണാകുളം ആർ.ടി. ഓഫീസിൽ ലേണേഴ്സ് ടെസ്റ്റിനായി എത്തിയ യുവാക്കൾ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ സംശയം തോന്നിയ വെഹിക്കിൾ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ, 'ഡോക്ടർ ഓൺലൈനായി പരിശോധിച്ച് വാട്സാപ്പിൽ അയച്ചുതന്നതാണ്' എന്നായിരുന്നു മറുപടി.

തുടർന്ന് ഇത്തരത്തിലുള്ള ഓൺലൈൻ മെഡിക്കൽ പരിശോധനകൾക്ക് നിയമസാധുതയുണ്ടോ എന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകൃത ലൈസൻസുണ്ടോ എന്നും വ്യക്തമാക്കാൻ എം.വി.ഡി., ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് കത്തയച്ചു. ഇതൊരു സംഘടിത തട്ടിപ്പാണെന്ന് ഐ.എം.എ.യുടെ മറുപടിയോടെ വ്യക്തമായി.

പരിശോധന ഗൂഗിൾ മീറ്റിൽ

തട്ടിപ്പ് വെബ്സൈറ്റുകളിൽ കയറി 900 രൂപ മുതൽ 1500 രൂപ വരെ ഫീസടയ്ക്കുന്നതോടെയാണ് പ്രക്രിയ തുടങ്ങുന്നത്. ലഭിക്കുന്ന ഗൂഗിൾ മീറ്റ് ലിങ്ക് വഴി ഫോൺ ക്യാമറയ്ക്ക് മുന്നിൽ മിനിറ്റുകൾ മാത്രം നീളുന്ന ഒരു കാഴ്ചപരിശോധന 'നാടകം' നടക്കും. തൊട്ടുപിന്നാലെ ഡോക്ടറുടെ വ്യാജ ഒപ്പും സീലുമടിച്ച സർട്ടിഫിക്കറ്റ് വാട്സാപ്പിൽ എത്തും.

കണ്ണിന്റെ ദൂരക്കാഴ്ച, കളർ വിഷൻ തുടങ്ങിയ സങ്കീർണമായ നേത്രപരിശോധനകൾ നേരിട്ട് ചെയ്യേണ്ടതാണ്. ചെറുതും വലുതുമായ അക്ഷരങ്ങൾ വായിപ്പിച്ചും മറ്റ് വിദഗ്ധ പരിശോധനകൾ പൂർത്തിയാക്കിയും മാത്രമേ സർട്ടിഫിക്കറ്റ് നൽകാൻ അംഗീകൃത ഡോക്ടർമാർക്ക് അധികാരമുള്ളൂ.

'ഹേമ കുമാറിൽ' തുടങ്ങി 'ഡോ. റെഡ്ഡി'യിലെത്തി

കഴിഞ്ഞ കുറച്ചു നാളുകളായി 'ഡോ. ഹേമ കുമാർ' എന്ന പേരിൽ എറണാകുളം ജനതാ റോഡിലെ വിലാസത്തിലാണ് നിരവധി അപേക്ഷകർ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ അങ്ങനെയൊരു കണ്ണാശുപത്രിയോ ഡോക്ടറോ ഇല്ലെന്ന് വ്യക്തമായി. പരിശോധന കർശനമാക്കിയതോടെ തട്ടിപ്പുകാർ 'ഡോ. റെഡ്ഡി' എന്ന പുതിയ പേരിൽ സർട്ടിഫിക്കറ്റുകൾ ഇറക്കാൻ തുടങ്ങി.

അംഗീകൃത ഐ ഹോസ്പിറ്റലുകളിൽ നേരിട്ടുപോയാൽ 350 രൂപയിൽ താഴെ ചെലവിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റിനാണ് ഓൺലൈൻ തട്ടിപ്പുകാർ 900 മുതൽ 1500 രൂപ വരെ ഈടാക്കുന്നത്. ഓൺലൈൻ വഴി നേടുന്ന ഇത്തരം സർട്ടിഫിക്കറ്റുകൾ ഒരു കാരണവശാലും ഡ്രൈവിങ് ലൈസൻസിനായി സ്വീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.