ലഡാക്കിൽ റോഡിൽനിന്ന് നദിയിലേക്ക് മറിഞ്ഞ വാഹനത്തിൽനിന്ന് രണ്ട് പേരെ രക്ഷിക്കാൻ നേരിട്ട് ഇടപെട്ട  കേന്ദ്രമന്ത്രി കിരൺ റിജിജുവിന് സമൂഹ മാധ്യമങ്ങളിൽ കൈയടി. തൻ്റെ വാഹനവ്യൂഹം ദ്രാസിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നതെന്നും നദിയിൽ വീണുകിടക്കുന്ന ഒരു മിനി ട്രക്ക് ശ്രദ്ധയിൽപ്പെട്ടതായും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ റിജിജു പറഞ്ഞു. ഭാഗികമായി മുങ്ങിയ വാഹനത്തിൻ്റെ മുകളിൽ കുടുങ്ങിക്കിടക്കുന്ന രണ്ടുപേരെ അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ കാണാം.

To advertise here,

റിജിജു നദീതീരത്തേക്ക് നടന്നുപോകുന്നതും അപകടം എങ്ങനെ സംഭവിച്ചുവെന്ന് അവരോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്. ട്രക്കിൻ്റെ ബ്രേക്ക് തകരാറിലായോ എന്ന് അന്വേഷിക്കുന്ന അദ്ദേഹം പ്രാദേശിക അധികാരികളുമായി സംസാരിക്കുന്നുമുണ്ട്. 

"ലഡാക്കിലെ ദ്രാസിൽ എത്തുന്നതിന് മുൻപ്, ഞങ്ങളുടെ വാഹനവ്യൂഹത്തിന് തൊട്ടുമുന്നിലായി ഒരു വാഹനം നദിയിലേക്ക് വീണു. ഭാഗ്യവശാൽ ഞങ്ങൾ കൃത്യസമയത്ത് എത്തിയതുകൊണ്ട് രണ്ടുപേരും രക്ഷപ്പെട്ടു', എന്ന് റിജിജു എക്സിൽ കുറിച്ചു. ഇരുവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ വളരെപെട്ടെന്ന് വൈറലായി. മന്ത്രിയുടെ പെട്ടെന്നുള്ള ഇടപെടലിനെ എക്സ് ഉപയോക്താക്കൾ പ്രശംസിച്ചു.“അങ്ങയുടെ വരവ് അവരുടെ രണ്ടുപേരുടെയും ജീവൻ രക്ഷിച്ചു, സർ', എന്ന് ഒരു എക്സ് ഉപയോക്താവ് കുറിച്ചു. 'അങ്ങ് കൃത്യസമയത്ത് അവിടെയെത്തിയത് അവരുടെ ഭാഗ്യമാണ്,” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.