വാഹനങ്ങളിൽ വരുത്തുന്ന അനധികൃത രൂപമാറ്റങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ട്രാൻസ്‌പോർട്ട് കമ്മീഷണർ. രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

To advertise here,

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കർശനമാക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ട്. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത രൂപമാറ്റങ്ങൾക്കും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ പിഴ ചുമത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദേശം.

വാഹനങ്ങൾ അനധികൃതമായ രൂപമാറ്റം വരുത്തുന്നതിനും മോടിപിടിപ്പിക്കുന്നതിനുമായി ഉപയോഗിച്ചിട്ടുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നതിനും, വാഹനം പൂർവ്വ സ്ഥിതിയിലേക്ക് മാറ്റിയ ശേഷം പരിശോധനയ്ക്ക് ഹാജരാക്കാൻ വാഹന ഉടമയ്ക്ക് നിർദേശം നൽകണമെന്നും മോട്ടോർ വാഹന വകുപ്പിന്റെ നിർദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. വാഹനങ്ങളിൽ അനധികൃതമായി പിടിപ്പിച്ചിട്ടുള്ള ലൈറ്റുകളെയും അലോയി വീലുകളെയുമെല്ലാം ഇത് ബാധിക്കും.

റീലുകളും വീഡിയോകളും ചിത്രീകരിക്കുന്നതിനായി രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങൾ കണ്ടെത്തിയാൽ അവയ്‌ക്കെതിരേയും നിലവിലെ നിയമം അനുസരിച്ചുള്ള നടപടി ഉദ്യോഗസ്ഥർക്ക് സ്വീകരിക്കണം. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തിയതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശങ്ങൾ നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എംവിഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. മോട്ടർവാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗവും പോലീസും ഇക്കാര്യത്തിൽ കർശനനടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടികളും പരിശോധനയും കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ, റെഡ്ബ്ലൂ സ്‌ട്രോബ് ലൈറ്റുകൾ, മൾട്ടി-കളർ ലൈറ്റുകൾ, വീൽ സ്പേസറുകൾ, അനുവദനീയ പരിധിക്കപ്പുറം വീതിയേറിയ ടയറുകൾ തുടങ്ങിയവയ്ക്കെതിരേ കർശന നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം വാഹനങ്ങൾ കാൽനടക്കാർ ഉൾപ്പെടെ മറ്റ് റോഡ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പറഞ്ഞു.