2026-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന മെക്സിക്കോ, തങ്ങളുടെ പോലീസ് വാഹന വ്യൂഹത്തിലേക്ക് ടെസ്‌ല സൈബർട്രക്കുകൾ ചേർത്തുകൊണ്ട് സുരക്ഷാ സംവിധാനം നവീകരിച്ചു. ടൂർണമെന്റ് സമയത്ത് തിരക്കേറിയ വിനോദസഞ്ചാര മേഖലകളിലടക്കം പട്രോളിങ്ങ് നടത്താനായി മൂന്ന് പ്രത്യേക സജ്ജീകരണങ്ങളുള്ള സൈബർട്രക്കുകളാണ് ജലിസ്കോ സംസ്ഥാന പോലീസ് സജ്ജമാക്കിയിരിക്കുന്നത്. 

To advertise here,

അടുത്തിടെ, രണ്ട് പോലീസ് ഫോർഡ് എഫ്-സീരീസ് ട്രക്കുകൾക്കൊപ്പം ഒരു സൈബർട്രക്ക് നിരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മാറ്റ് ബ്ലാക്ക് റാപ്പിൽ പൊതിഞ്ഞ വാഹനമായിരുന്നു ഇത്. സാധാരണയായി പോലീസ് വാഹനങ്ങളിൽ കാണാറുള്ള ചിഹ്നങ്ങളും ഇതിലുണ്ടായിരുന്നു.  

ചുവപ്പ്, നീല നിറങ്ങളിലുള്ള ലൈറ്റുകൾ മുന്നിലേയും പിന്നിലേയും ബമ്പറുകളിലും വശങ്ങളിലും ഘടിപ്പിച്ചിട്ടുണ്ട്. ഉൾവശത്തെ ചിത്രങ്ങൾ വ്യക്തമല്ലെങ്കിലും, പട്രോളിങ്ങിനും നിയമപാലനത്തിനും ആവശ്യമായ ഉപകരണങ്ങൾ വാഹനത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 

സംസ്ഥാനം പുറത്തിറക്കുന്ന നിരവധി പുതിയ വാഹനങ്ങളിൽ ചിലത് മാത്രമാണിവ. ജലിസ്കോ സർക്കാർ തങ്ങളുടെ സുരക്ഷാ സേനകൾക്കായി 678 വാഹനങ്ങളാണ് കൈമാറുക. ലോകകപ്പിന് മുന്നോടിയായി സുരക്ഷ മെച്ചപ്പെടുത്താനാണ് മേയർ പാബ്ലോ ലെമസ് നവാരോ ലക്ഷ്യമിടുന്നത്.

2026-ലെ ഫുട്ബോൾ ലോകകപ്പിന് മെക്സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. 16 നഗരങ്ങളിലായി ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.