'പണത്തിനൊപ്പം മറ്റെന്തെങ്കിലുമാണോ ആ കുറ്റവാളികളുടെ ലക്ഷ്യം? എന്തായിരിക്കും അത്?'-90 മിനിറ്റ്‌സ്- 7

90 മിനിറ്റ്സ് | നോവൽ
#അനീഷ്.പി.നായര്‍
വര: മനോജ്കുമാർ തലയമ്പലത്ത്\ മാതൃഭൂമി
വര: മനോജ്കുമാർ തലയമ്പലത്ത്\ മാതൃഭൂമി

റുവാലയേയും കൊണ്ട് സ്‌റ്റേഡിയത്തിലെ ഡ്രസ്സിങ് മുറിയിലേക്ക് കടന്നപ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് ടീമംഗങ്ങളും മന്ത്രിയും ദേവിനേയും സംഘത്തേയും സ്വീകരിച്ചത്. ടീം ഗ്രൗണ്ടിലേക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കളിക്കാരില്‍ ചിലര്‍ റുവാലയെ കെട്ടിപിടിച്ചു. മറ്റുചിലര്‍ ഹസ്തദാനം നടത്തി. റുവാലയാകട്ടെ വല്ലാത്തൊരു മാനസികാവസ്ഥയിലുമായിരുന്നു. റുവാലയെ കളികാണാന്‍ വി.ഐ.പി. ലോഞ്ചിലേക്ക് വിട്ടതിന് ശേഷം അവിടെ പ്രത്യേക സുരക്ഷ ഏര്‍പ്പാടക്കാന്‍ ദേവ് അന്‍വറിന് നിര്‍ദ്ദേശം നല്‍കി. മന്ത്രിയും സംഘവും കളികാണാന്‍ പോയതോടെ ഡ്രസ്സിങ് മുറി ഒഴിഞ്ഞു. ദേവ് ചുറ്റും നോക്കി. കളിക്കാരുടെ ബാഗുകളും ഒരു വലനിറയെ പന്തും, പിന്നെ പരിശീലനത്തിനുള്ള ചില ഉപകരണങ്ങളും. അയാള്‍ ഒരു കസേരയിലിരുന്നു. ഇനിയാണ് വെല്ലുവിളി. ശൂന്യതയില്‍ നിന്നാണ് ഇത്രവരെ എത്തിയത്. ഇനി എവിടെ തുടങ്ങണം. അയാളുടെ മനസ് പുകഞ്ഞു.

'അന്‍വര്‍, റുവാലയെ കളിക്ക് ശേഷം ചോദ്യം ചെയ്യാം. അയാളൊന്ന് റിലാക്‌സ് ചെയ്യട്ടെ. ക്രൈം സ്‌പോട്ടിലെ വിരലടയാളങ്ങള്‍ എടുക്കണം. ഫോറന്‍സിക് ടീമും വരട്ടെ. പിന്നെ അയാളുടെ കോള്‍ ഡിറ്റെയ്ല്‍സ് ചെക്ക് ചെയ്യണം. നമുക്ക് ചോദ്യം ചെയ്യാനുളള ആളുകളുടെ പട്ടിക തയ്യാറാക്കണം. നാളെ ഐ ജി കൊച്ചിയിലുണ്ട്്, രാവിലെ കാണാന്‍ മെസേജുണ്ട'്. എന്നിട്ട് അയാള്‍ ഫോണിലേക്ക് നോക്കി.
 
'അന്‍വര്‍,ഡെഡ്‌ലൈന്‍ കഴിഞിട്ട് അരമണിക്കൂര്‍ ആയല്ലോ. എന്നിട്ടും അവരുടെ കോളൊന്നും വന്നില്ലല്ലോ, അപ്പോ റുവാലയെ നമ്മള്‍ പൊക്കിയകാര്യം അവര്‍ അറിഞ്ഞുകാണും''.
'അതിന് സാധ്യതയുണ്ട് സാര്‍'
 
'അങ്ങനെയാണെങ്കില്‍ കോളനി വരുന്ന ടവറിന് കീഴിലുളള കോളുകളും മെസേജുകളും പരിശോധിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണം. വൈകിട്ട് 5.30 മുതല്‍ നമ്മള്‍ അവിടെ എത്തിയത്് വരെയുള്ള ടൈമിലുളളത് പരിശോധിച്ചാല്‍ മതി. പിന്നെ ആ വീടിനുള്ളിലുള്ള പരിശോധന എന്തായി. എന്തെങ്കിലും ലീഡ് കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്ക്'
'ഓ.കെ സാര്‍'

Content Highlights: 90 Minutes: Chapter 7 - Sports Thriller

Continue reading