'ഒരുപാടിഷ്ടമായിട്ടും കടലും ബസ്സ് യാത്രയും ഭയപ്പെട്ടിരുന്നു, സ്നേഹം കൊണ്ട് അതിനെ ഇല്ലാതാക്കിയത് റാം'

എൻ്റെ വിഷാദകാലങ്ങളെ ഞാൻ താണ്ടിയത് റാമിൻ്റെ സ്നേഹം കൊണ്ടായിരുന്നു. അല്ലെങ്കിൽ അയാളോടുള്ള എൻ്റെ സ്നേഹംകൊണ്ടായിരുന്നു. ആ സ്നേഹത്തെ പിൻപറ്റിയല്ലാതെ എനിക്ക് നിലനിൽക്കാൻ കഴിയാത്ത വിധം ഞാനയാളിൽ വീണുകിടന്നിരുന്നു. സ്നേഹം എന്നത് എന്നെ അത്രമേൽ ദുർബലയാക്കിയിരുന്നു. റാമിനുവേണ്ടി വേണ്ടി ഞാനെന്നെത്തന്നെ അയാളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഉതകും വിധം മാറ്റിക്കൊണ്ടിരുന്നു. അയാളില്ലാത്തൊരു നിമിഷം പോലും എനിക്ക് അതിജീവിക്കാൻ പറ്റാതെയായി. സ്വാർത്ഥതയോടെ റാമെന്നെ ചേർത്തു പിടിക്കുന്നതിൽ ഞാൻ അഹങ്കരിച്ചു. ഞങ്ങൾ ഒരുപാട് യാത്രകൾ ചെയ്തു കഥകളും കവിതകളും സിനിമയുമൊക്കെ ഞങ്ങളുടെ സംസാര വിഷയങ്ങളായി. കടൽ കാണാൻ എനിക്ക് ഇഷ്ടമായിരുന്നു പക്ഷെ കടലിൽ ഇറങ്ങാൻ എനിക്ക് ഭയമായിരുന്നു നിലതെറ്റി ഞാൻ അതിനുള്ളിലേയ്ക്ക് വീണു പോകുമോ എന്നായിരുന്നു എൻ്റെ പേടി. പക്ഷെ റാം എൻ്റെ കൈകളിൽ പിടിച്ച് എന്നെ കടലിലിറക്കി. ആദ്യമായെൻ്റെ കാലുകളിൽ തിരമാല ആഞ്ഞടിച്ചപ്പോൾ ഭയന്ന് നില തെറ്റിപ്പോയ എന്നെ ഇരു കൈകൾകൊണ്ടും ചേർത്തുപിടിച്ചുകൊണ്ട് “നിന്നെ ഞാൻ എവിടെയും വീഴാൻ അനുവദിക്കില്ലെന്നെൻ്റെ കാതിൽ പറഞ്ഞു”. ആ നിമിഷം ഒരു കടൽക്കുതിരയെപ്പോലെ എൻ്റെ മനസ്സ് പാഞ്ഞു. ആയിരം നക്ഷത്ര മത്സ്യങ്ങൾക്കിടയിലൂടെ കടലിൻ്റെ അടിത്തട്ടിൽ ഞാൻ നീന്തിനടന്നു. പണ്ട് വായിച്ച കഥകളിലെ കടൽക്കൊട്ടാരങ്ങൾ എനിക്കുമുന്നിൽ തുറന്നു. മത്സ്യ ദേവതകളും കിനാവള്ളികളുമെല്ലാം എനിക്കൊപ്പം നൃത്തം ചെയ്തു. കുറച്ചകലെയുള്ള പവിഴ ദ്വീപുകളിൽ അവർ എനിക്കായ് വിരുന്നൊരുക്കി. പളുങ്ക് മുത്തുകൾകൊണ്ട് അവർ എനിക്ക് ആഭരണങ്ങൾ സമ്മാനിച്ചു. സ്വർണ വാലുകളുള്ള മത്സ്യക്കുഞ്ഞുങ്ങൾ കടലിലെ നിഗൂഢമായ നിധി പേടകങ്ങൾ എനിക്ക് മാത്രമായി കാട്ടിത്തന്നു. “ഹോ എൻ്റെ ദൈവമേ ഞാൻ സ്വപ്നം കാണുകയാണോ? എൻ്റെ കാലുകളിൽ വന്നു തട്ടുന്ന തിരമാലകളുടെ തണുത്ത സ്പർശനം അനുഭവിച്ചുകൊണ്ട് റാമിൻ്റെ കൈകളിൽ മുറുക്കെ പിടിച്ചു സ്വപ്നത്തിലോ യാഥാർഥ്യത്തിലോ എന്നറിയാനാവാത്ത വിധം ഞാൻ കണ്ണുകളടച്ചു ലഹരിപൂണ്ടു മണിക്കൂറുകളോളം നിന്നു. കടൽ എന്ന എൻ്റെ ഭയം ആനന്ദമായി പരിണമിച്ചുകൊണ്ടിക്കുകയായിരുന്നു . എൻ്റെ ഉള്ളിലെ സ്വപ്നാടക എൻ്റെ ശരീരത്തെ ഭേദിച്ചുകൊണ്ട് ആ കടലിനു മുകളിലും അടിത്തട്ടിലുമായി ഒഴുകിനടന്നു. ഞാൻ എത്ര ഭാഗ്യവതിയാണെന്നെനിക്കുതോന്നി.
“വാ നമുക്ക് പോയാലോ?”റാം ചോദിച്ചു
Content Highlights: remya thuravoor autobiography pathiyatha kalppadukal