'ആ അമ്മയുടെ ചോദ്യം ഞെട്ടിച്ചുകളഞ്ഞു; ടാർഗറ്റിന് വേണ്ടി ജീവിതം ഹോമിക്കപ്പെടരുത്' | സ്‌നേഹഗംഗ

'ടാര്‍ഗറ്റുകളെക്കുറിച്ച് എഴുതിയപ്പോള്‍ സാറ് പീഡനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. പക്ഷേ അതെല്ലാം ടാര്‍ഗറ്റുകളുമായി ബന്ധപ്പെട്ട മാനസിക പീഡനങ്ങളായിരുന്നു. അതില്‍ ബാങ്ക് ജീവനക്കാരുടെ ജീവിതവും ടാര്‍ഗറ്റുകളുമാണ് സാറ് കൂടുതല്‍ പ്രതിപാദിച്ചിരുന്നത്. ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന ഞങ്ങളെ സാറ് മറന്നുപോയി. വിദ്യാര്‍ഥികളായ ഞങ്ങളെ സാറ് ഓര്‍ത്തതേയില്ല. പി.എച്ച്.ഡി. സ്‌കോളേഴ്സ് എന്ന ഓമനപ്പേരില്‍ അറിയുന്ന ഞങ്ങളുടെ പീഡനകഥകളും സാര്‍ വിസ്മരിച്ചു. സാറിന്റെ മേഖലയെക്കുറിച്ച് സാറെന്താ മൗനം പാലിച്ചത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായി മെഡിക്കല്‍ കോളേജുകളിലും മറ്റ് ആശുപത്രികളിലും പഠിക്കുന്ന ഞങ്ങളെയും സാറ് മറന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ പഠിക്കുന്ന ഞങ്ങളുടെ പ്രശ്നങ്ങളും സാറിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല'. ഇതെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കിടെ എനിക്ക് വന്ന കുറെ ഫോണ്‍ മെസേജുകളുടെയും ഇമെയിലുകളുടെയും ഉള്ളടക്കമാണ്.
ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന സാനി തന്റെ 35-ാം വയസ്സില്‍ ജോലി ഉപേക്ഷിക്കാന്‍ ഒരു മാസത്തെ മുന്‍കൂര്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. 'കലശലായ കഴുത്തുവേദനയും നടുവേദനയുമാണ് ഡോക്ടറേ. ഓര്‍ത്തോ ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം കുറിച്ചത് വിശ്രമമാണ്. എന്റെ ജോലിയുമായി ബന്ധപ്പെട്ടതാണ് പ്രശ്നമെന്നദ്ദേഹം തറപ്പിച്ച് പറഞ്ഞു. കഴിഞ്ഞ 10 മാസമായി എല്ലാ ദിവസവും ഞാന്‍ 14 മുതല്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ട്. അതും മുഴുവന്‍ സമയവും കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍. വര്‍ക്ക് ഫ്രം ഹോം (വീട്ടിലിരുന്നുള്ള ജോലി) എന്ന ഓമനപ്പേരിലാണ് ഇത്രയും സമയം ജോലി ചെയ്യിക്കുന്നത്. ഓഫീസിലാണെങ്കില്‍ വൈകീട്ട് 5 മണിക്ക് പണി നിര്‍ത്തി പുറത്തിറങ്ങാം'.
Content Highlights: oncologist dr vp gangadharan column snehaganga