മാവ് പുഴുങ്ങിയുണ്ടാക്കുന്ന ശെവ്വയി ; അച്ചാറോ സാമ്പാറോ കൂട്ടി കഴിക്കാന്‍ അത്യുഗ്രന്‍

ഇടിയപ്പം,നൂലപ്പം എന്നൊക്കെ നമ്മള്‍ മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിഭവത്തോട് കാഴ്ച്ചയില്‍ സാമ്യം തോന്നുന്ന ഒരു കൊങ്കണി വിഭവമുണ്ട്, 'ശെവ്വയി '. കാഴ്ച്ചയില്‍ എന്നത് മനഃപൂര്‍വം സൂചിപ്പിച്ചത് തന്നെയാണ്. ഇടിയപ്പത്തേക്കാളും അധികം ജോലിയും കാലതാമസവും വേണ്ട രുചിക്കൂട്ടാണ് ശെവ്വയിയുടേത്.
അരിപ്പൊടിയല്ല ഇവിടെ എടുക്കുന്നത്. മറിച്ചു പച്ചരിയും പുഴുക്കലരിയും തേങ്ങയും അരച്ച്, കുറുക്കി ആവിയില്‍ പുഴുങ്ങി , ശേഷം ഇതിനെ പിഴിഞ്ഞെടുക്കുന്നതാണ് രീതി. പുഴുങ്ങിയ മാവ് നിര്‍ബന്ധമായും ചൂടോടെ തന്നേ പിഴിയേണ്ടതാണ്. അതുകൊണ്ട് തന്നേ കൈയില്‍ വെച്ച് ഇടിയപ്പം ഉണ്ടാക്കുന്ന അച്ച് കൊണ്ട് പിഴിയുന്നത് എത്രത്തോളം ശ്രമകരമാണെന്ന് ഊഹിക്കാമല്ലോ. അതിനാല്‍ കൊങ്കണി വീടുകളില്‍ ഇതിന് വേണ്ടിയുള്ള ഉപകരണം കാണും.
' ശെവ്വയി ദന്‍തെ' എന്നാണിതിനു പേര്. ദന്‍തെയുടെ നടുക്കുള്ള ഇടിയപ്പം തട്ടില്‍ ചൂട് മാവ് നിറയ്ക്കുകയും, മുകളിലുള്ള സൈക്കിള്‍ ഹാന്‍ഡ്ല്‍ പോലെ കാണുന്ന ഭാഗം വട്ടത്തില്‍ തിരിക്കുകയും ചെയ്യുമ്പോള്‍ ചൂടോടെ ശെവ്വയി പുറത്തേക്ക് വരും. താഴെ ഒരു പ്ലേറ്റില്‍ ഇത് ഭംഗിയുള്ള ആകൃതിയില്‍ ശേഖരിക്കും. രണ്ട് പേര്‍ ഇതിന് വേണ്ടി വരും. ഇടിയപ്പത്തെ പോലെ ഇത് വീണ്ടും പുഴുങ്ങാറില്ല. നേരിട്ട് കഴിക്കേണ്ടതാണ്.
ഇരുമ്പ് കൊണ്ടുള്ളതും, താരതമ്യേനെ വിലക്കൂടുതല്‍ ഉള്ള പിച്ചള കൊണ്ടുള്ളതുമായ ശെവ്വയി ദന്‍തെ ഇന്ന് കടകളില്‍ ലഭ്യമാണ്. പണ്ട് കാലത്ത് തടി കൊണ്ടുള്ള ദന്‍തെകളും കൊങ്കണി അടുക്കളകളില്‍ കാണാറുണ്ടായിരുന്നു. അല്പം കൂടെ വലുപ്പം ഇതിന് ഏറും.ഇനി ശെവ്വയി വിശേഷങ്ങളിലേക്ക്.
മൂന്ന് തരത്തില്‍ ശെവ്വയി ഉണ്ടാക്കും.
1.പച്ചരി + തേങ്ങ.
2.പുഴുക്കലരി മാത്രം.
3.പച്ചരി +പുഴുക്കലരി + തേങ്ങാ.
മൂന്ന് രീതിയിലും ശെവ്വയിക്ക് അതിന്റെ തനത് രുചി കാണും. ശെവ്വയിക്ക് കൂട്ടായി അച്ചാറുകളാണ് മിക്കവര്‍ക്കും ഇഷ്ടം. മാങ്ങ അച്ചാറോ, ചേന അച്ചാറോ മറ്റോ ആയിരിക്കും. ഇതല്ലാതെ സാമ്പാറോ കടലക്കറിയോ ഒക്കെ ആവാം. മറ്റൊരു താരം ' മിര്‍സാങ്കി ഉദ്ദാക് ' എന്നറിയപ്പെടുന്ന ഒരുഗ്രന്‍ ഐറ്റം ആണ്. പച്ചമുളകാണ് താരം. പച്ചമുളകും ഉപ്പും പുളിയും കായവും വെള്ളം ചേര്‍ത്തരച്ച് മേലെ വെളിച്ചെണ്ണ തൂവി കൊടുക്കും. ഉഗ്രന്‍ കൂട്ടാണ് രണ്ടും. കട്ടി തേങ്ങാപ്പാലില്‍ ശര്‍ക്കര അലിയിച്ചതും ചേര്‍ത്തോഴിച്ചു ശെവ്വയി ആസ്വദിക്കുന്നവരുണ്ട്. ഇനി ഇതൊന്നുമില്ലെങ്കിലും വെറുതെ അല്പം വെളിച്ചെണ്ണ മീതെ തൂവി ശെവ്വയി കഴിക്കാനും പ്രത്യേക രുചി തന്നെയാണ്.മൂന്നാമത്തെ രീതിയിലുണ്ടാക്കുന്ന ശെവ്വയി ആണിന്നു പരിചയപ്പെടുത്തുന്നത്.
ചേരുവകള്‍
1.പച്ചരി-ഒരു കപ്പ്
2.പുഴുക്കലരി-ഒരു കപ്പ്
3.തേങ്ങാ-രണ്ട് കപ്പ്
4.ഉപ്പ്-ആവശ്യത്തിന്
പാചകരീതിയിലേക്ക്
പച്ചരിയും പുഴുക്കലരിയും ഒരുമിച്ചു ആറു മണിക്കൂര്‍ വരെ കുതിര്‍ക്കുക.ശേഷം തേങ്ങാ ചേര്‍ത്ത് നന്നായി അരയ്ക്കുക.ഒട്ടും തരുതരുപ്പ് പാടില്ല. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അരയ്ക്കാവുന്നതാണ്.
മാവിലേക്ക് ഉപ്പ് ചേര്‍ത്തിളക്കുക.
ഇനി വലിയൊരു പാന്‍ അല്ലെങ്കില്‍ ഉരുളി ചൂടാക്കി മാവ് ഒഴിച്ച് ചെറുതീയില്‍, കൈ എടുക്കാതെ തുടര്‍ച്ചയായി ഇളക്കി കുറുക്കി എടുക്കുക. ഏഴെട്ടു മിനിറ്റുകള്‍ക്കുള്ളില്‍ മാവ് കുറുകി ബോള്‍ പോലെയാവും. അന്നേരം വാങ്ങി വെയ്ക്കാം. ഇനി കൈത്തലം പച്ചവെള്ളത്തില്‍ മുക്കി, ഈ ചൂട് മാവിനെ വലിയ ഉരുളകളാക്കുക.
നിങ്ങളുടെ സേവനാഴിയുടെ തട്ടില്‍ പിടിക്കുന്ന അളവില്‍ വേണം മാവ് ഉരുട്ടാന്‍. ഇനി ഇത് ഇഡ്ഡലി ചെമ്പില്‍ വെച്ച് അരമണിക്കൂറെങ്കിലും വേവിയ്ക്കുക. ഒരു ടൂത്ത്പിക്ക് അല്ലെങ്കില്‍ സ്പൂണ്‍ കൊണ്ടോ കുത്തി നോക്കി വേവ് നോക്കാം. പശയില്ലാതെ ടൂത്ത്പിക്ക് ആയി പുറത്തു വന്നാല്‍, മാവ് പാകത്തിന് വെന്തു എന്നര്‍ത്ഥം.ഇനി ഉടനെ തന്നെ ചൂടോടെ സേവനാഴിയില്‍ ഇട്ട് പിഴിയുക.വീണ്ടും ആവി കേറ്റാറില്ല.ഇഷ്ടാനുസരണമുള്ള കറി കൂട്ടി ആസ്വദിക്കാം.
Content Highlights: konkani food shevai recipe