'ആ ക്രിക്കറ്റ് അസോസിയേഷന്‍കാരെ കുടഞ്ഞാല്‍ സംഭവം മണിമണിയായി പുറത്ത് വരും'

വിമാനത്തിന്റെ വിന്‍ഡോ സീറ്റിലിരുന്ന് ബോബു പുറത്തേക്ക് നോക്കി. പണ്ട് കുട്ടിക്കാലത്ത് കണ്ട പുരാണ സീരിയലുകളിലെ നായകന്‍മാര്‍ വെള്ളപ്പുകയുടെ ഉള്ളിലൂടെ നടക്കുന്നത് അയാള്‍ക്കോര്‍മ വന്നു. അതുപോലെ വിമാനം മേഘങ്ങള്‍ക്കിടയിലുടെ പോകുന്നതോര്‍ത്തപ്പോള്‍ മനസിലെ ആശങ്കകള്‍ക്കിടയിലും ചിരി വന്നു.
പിന്നെ പിന്നെ മനസ് കലുഷിതമാകാന്‍ തുടങ്ങി. ചിന്തിച്ചത് മുഴുവന്‍ ആ രണ്ട് പിഴവുകള്‍പ്പറ്റി. രണ്ടും ഓവര്‍ കോണ്‍ഫിഡന്‍സ് മൂലം സംഭവിച്ചത്. ആ ചിത്രമാണ് ആദ്യം ചതിച്ചത്. രണ്ടാമത്തേത് ഒരേ അഡ്രസ്സിലുള്ള ഫോണ്‍ നമ്പറുകളും. പിഴവുകളെപ്പറ്റി വ്യാകുലപ്പെട്ടിട്ട് കാര്യമില്ല. ഇനിയുളള നീക്കങ്ങള്‍ പിഴക്കരുത്. പോലീസ് തന്റെ മാത്രം പുറകെയല്ല. അവനേയും രക്ഷപ്പെടുത്തണം. കൊല്‍ക്കത്തയിലെത്തിയതിനുശേഷം അതിനുളള പദ്ധതി തയ്യാറാകണം. തന്നെ കണ്ടുപിടിക്കാതെ അവനിലേക്ക് എത്താനാകില്ല എന്നതാണ് ആകെയുളള ആശ്വാസം. കോളനിയില്‍ ഉപയോഗിച്ച ഫോണ്‍ അവര്‍ കണ്ടുപിടിക്കാതിരിക്കട്ടെ..
'നിങ്ങളെങ്ങോട്ടാ.. അടുത്ത സീറ്റിലിരുന്നയാള്‍ മലയാളത്തിലാണ് സംസാരിച്ചത്. ബോബു ഒരു നിമിഷം ജാഗരൂകനായി'.
'അയാള്‍ക്ക് പിടികൊടുക്കണോ, വേണ്ടയോ.. മലയാളത്തില്‍ സംസാരിക്കണമെങ്കില്‍ താന്‍ എവിടെ വെച്ചെങ്കിലും അറിയാതെ മലയാളം പറഞ്ഞത് അയാള്‍ കേട്ടിരിക്കണം. അയാള്‍ക്ക് മുന്നില്‍ നാടകം കളിച്ചാല്‍ കാര്യങ്ങള്‍ വഷളാകും'.
'ഡല്‍ഹി...' ബോബു പാതി മനസോടെ മറുപടി പറഞ്ഞു.
'എന്റെ പേര് ഗോവിന്ദ്, ഇവിടെ ഒരു കള്‍ച്ചറര്‍ പ്രോഗ്രാമുവുമായി വന്നതാണ്. നമ്മുടെ ടീം ഇതിലുണ്ട്. വണ്‍ വീക്ക് പ്രോഗ്രാമായിരുന്നു. ഇവിടെ മലയാളി സമാജമുണ്ട്. അവര്‍ അറേഞ്ച് ചെയ്തതാണ്. അവര്‍ വമ്പന്‍ ടീമാണ്. ഇനി അടുത്തത് ഡല്‍ഹിയിലാണ്'.
ഗോവിന്ദ് വാചാലനായി. ബോബു അപകടം മണത്തു.
'നിങ്ങള്‍ എന്ത് ചെയ്യുന്നു', ഗോവിന്ദ് വിടാന്‍ ഭാവമില്ലാതെ തുടര്‍ന്നു.
'ബിസ്‌നസ് ട്രിപ്പാണ്'.
'എന്ത് ബിസ്‌നസ്'
'പ്ലീസ്.. ഞാനൊന്ന് മയങ്ങട്ടെ.. പിന്നെ സംസാരിക്കാം.' ബോബു സീറ്റിലേക്ക് ചാരി കണ്ണടച്ചു കിടന്നു.
ഓ.കെ സാര്‍ ഗോവിന്ദ്, മറുവശത്തുള്ള യാത്രക്കാരന് നേരെ തിരിഞ്ഞു.
---------------
Content Highlights: sports investigation thriller, kerala police, soccer, football, novel 90 minutes, aneesh p nair