അസ്ഥിയില്‍ നിന്നുയരുന്ന പുകച്ചുരുളിനുള്ളില്‍ ഒരു വളര്‍ത്തുനായയെപ്പോലെ ഞാന്‍ അവരുടെ മണം പരതി

കുട്ടിയമ്മയുടെ കണ്ണോപ്പറേഷന്‍ കഴിഞ്ഞു. അവര്‍ക്ക് കാഴ്ച തിരിച്ചുകിട്ടിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. എന്റെ വിവാഹം നടന്നു കാണണമെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹം. റാമിന്റെ കാര്യം ഞാന്‍ ആദ്യം പറഞ്ഞതും കുട്ടിയമ്മയുടെ അടുത്തായിരുന്നു. അവരുടെ മുഖത്ത് സന്തോഷം ഉണ്ടായിരുന്നെങ്കിലും എന്തൊക്കെയോ ഒരു ആശങ്ക അവരില്‍ നിറഞ്ഞിരുന്നു. എന്റെ ശാരീരിക പരിമിതികൾ അറിഞ്ഞുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറുള്ള മനുഷ്യന്‍ ആണോ എന്ന ആശങ്ക അവരില്‍ ഉണ്ടായിരുന്നിരിക്കണം എന്നാലും എന്റെ സന്തോഷമാണ് വലുതെന്നവര്‍ പറഞ്ഞു. അതിനിടയില്‍ എനിക്ക് നിരവധി വിവാഹാലോചനകള്‍ വന്നെങ്കിലും അതൊക്കെയും നിരസിച്ചുകൊണ്ടിരുന്നു. എന്റെ പഠനവും പ്രണയവും കവിതയും പുസ്തകങ്ങളുമായി ജീവിതം നീങ്ങിക്കൊണ്ടിരിക്കുമ്പോഴായിരുന്നു എന്നെ തീരാത്ത വേദനയിലാഴ്ത്തിക്കൊണ്ട് കുട്ടിയമ്മ കിടപ്പിലാകുന്നത്. പെട്ടെന്നൊരു ദിവസം കുഴഞ്ഞുവീണതായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അറിഞ്ഞത്, വീഴ്ചയ്ക്കുള്ള കാരണം മസ്തിഷ്‌കാഘാതം ആയിരുന്നുവെന്ന്. അതേത്തുടര്‍ന്ന് അവരുടെ ശരീരത്തിന്റെ ഇടതുഭാഗം തളര്‍ന്നുപോയി.
കുട്ടിയമ്മയുടെ വീഴ്ച എന്നെ വല്ലാതെ ഉലച്ചു. അവരുടെ മടിത്തട്ടു പോലെ സുരക്ഷിതമായ ഒരിടം എവിടെയും കിട്ടില്ലെന്നെനിക്കറിയാമായിരുന്നു. കുട്ടിയമ്മയുടെ ചലനശേഷി നഷ്ടപ്പെട്ട കൈകളില്‍ തലോടിക്കൊണ്ട് ഞാന്‍ അവരുടെ കിടയ്ക്കക്കരികില്‍ത്തന്നെയിരുന്നു. ദൈവവിശ്വാസി അല്ലാതിരുന്നിട്ടും കുട്ടിയമ്മയെ ജീവിതത്തിലേയ്ക്ക് മടക്കിത്തരേണമേ എന്ന് ഞാന്‍ എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു. അവരുടെ കണ്ണുകളെ നോക്കി ആശുപത്രി മുറിയില്‍ ഞാന്‍ ഉറങ്ങാതിരുന്നു. കുട്ടിയമ്മയുടെ മുറുക്കാൻകറ പിടിച്ച പല്ലുകാട്ടിയുള്ള ചിരിയായിരുന്നു ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സൗന്ദര്യമുള്ള കാഴ്ച. ഓരോ കോശങ്ങളിലും സ്‌നേഹവും കാരുണ്യവും മാത്രം നിറച്ച അപൂര്‍വമായ ഒരു ജന്മമായിരുന്നു അവരെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്ര വലുതായിട്ടും രാത്രികളില്‍ അവരുടെ മടിയില്‍ കിടന്ന് കഥകള്‍ പറയാന്‍ ഞാനാവശ്യപ്പെടുമായിരുന്നു. എനിക്കവസാനമായി പറഞ്ഞുതന്ന കഥ ഞാനിപ്പോഴും ഓര്‍ക്കുന്നു. അതൊരു ഒരു ഗര്‍ഭിണിയുടേതായിരുന്നു.
Content Highlights: remya thuravoor autobiography pathiyatha kalppadukal