ആര്‍മി പ്രവേശനം; വേര്‍പാടിന്റെ വേദനയും പരിശീലനത്തിന്റെ കഷ്ടപ്പാടും | ജീവിതം എന്ന തീക്കടൽ | ആത്മകഥ

അച്ഛന്റെ അപ്രതീക്ഷിത മരണം കുടുംബത്തെ ആകെ തളര്‍ത്തിക്കളഞ്ഞു. അച്ഛന് ചിലപ്പോള്‍ ഇതൊക്കെ കണക്കുകൂട്ടിക്കാണും. അതുകൊണ്ടുതന്നെ ആയിരിക്കണം എനിക്കും ജ്യേഷ്ഠനും ഒരു ജോലിയായി കാണാന്‍ അച്ഛന് ആഗ്രഹിച്ചിരുന്നതും. ഏതായാലും ജ്യേഷ്ഠന് അച്ഛന്റെ കമ്പനിയില്‍ തന്നെ താല്ക്കാലികമായിട്ടെങ്കിലും ഒരു ജോലി വാങ്ങിക്കൊടുക്കുവാന്‍ പറ്റിയത് വളരെ ഉപകാരപ്രദമായി. അമ്മയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം മുഴുവനായും ജ്യേഷ്ഠന്റെ ഉത്തരവാദിത്വത്തിലായി. പഴയ വീട് ഒന്ന് പുതുക്കിപ്പണിയുക, ഇളയ മൂന്നുപേരുടെ വിദ്യാഭ്യാസം, രണ്ട് അനുജത്തിമാരെ കല്യാണം കഴിപ്പിച്ച് അയക്കുക, ഇതൊക്കെ ജ്യേഷ്ഠന് ഒരാളെക്കൊണ്ട് സാധിക്കുന്നതായിരുന്നില്ല. മറ്റുള്ളവര്‍ പറയുന്നതുപോലെ തെക്കും വടക്കും നോക്കി നടന്നിട്ട് കാര്യമില്ല. എങ്ങനെയെങ്കിലും ഒരു ജോലി കിട്ടിയേ തീരൂ. അച്ഛനുള്ളപ്പോള്‍ ഉണ്ടായിരുന്ന അഞ്ചാംപീടിക വായനശാലയിലെ പത്രവായനയും, ജയഭാരത കലാകേന്ദ്രത്തിലെ നാടകവും വണ്ണാത്തിപ്പറമ്പിലെ ഫുട്ബോള്‍ കളിയും ഇന്നും ഉണ്ടെങ്കിലും ഉത്തരവാദിത്വബോധത്തിനിടയില് അത് പണ്ടത്തെപ്പോലെ ആസ്വദിക്കാന്‍ പറ്റുന്നില്ല.
അങ്ങനെയിരിക്കുമ്പോഴാണ് കണ്ണൂരില്‍വെച്ച് ആര്‍മിയിലേക്കുള്ള മൂന്ന് ദിവസത്തെ 'റിക്രൂട്ട്മെന്റ് റാലി' ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. മുമ്പുണ്ടായിരുന്ന രണ്ട് പരാജയത്തില്‍ നിന്നും ചില പാഠങ്ങളൊക്കെ പഠിച്ചിരുന്നു. മുഖത്തും നെഞ്ചിലും ഉണ്ടായിരുന്ന വെളുത്ത കലകളൊക്കെ മരുന്ന് ഉപയോഗിച്ച് കളഞ്ഞിരുന്നു. കാല്‍മുട്ടുകള്‍ മുട്ടാതെ നില്ക്കാന് കുറെ പരിശീലിച്ചു. ദിവസവും രാവിലെ എഴുന്നേറ്റ് കുറെ ദൂരം ഓടി വരുമായിരുന്നു. ആദ്യദിവസം തിരക്ക് കൂടുതലായിരിക്കും എന്ന കണക്കുകൂട്ടലില്‍ രണ്ടാമത്തെ ദിവസത്തെ റാലിയില്‍ പങ്കെടുക്കാന്‍ ഞാന്‍ കണ്ണൂരിലേക്ക് പോയി. കോട്ടമൈതാനം മുഴുവന്‍ യുവാക്കളെക്കൊണ്ട് നിറഞ്ഞിരുന്നു. മത്സരാര്‍ഥികളെ നിയന്ത്രിക്കാന്‍ സൈനികരായ ഉദ്യോഗസ്ഥന്മാര് കുറെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇത്തവണ എന്റെ ആത്മവിശ്വാസത്തോടൊപ്പം തന്നെ എല്ലാം നല്ലതായി വരുന്നതുപോലെ തോന്നി. തിരക്ക് കുറയ്ക്കാന്‍വേണ്ടി ഗേറ്റില്‍തന്നെ നിശ്ചിത ഉയരത്തില്‍ ഒരു ചരട് കെട്ടിയിരുന്നു. അത് പട്ടാളത്തില്‍ ചേരാന്‍ പോകുന്ന ഒരാള്‍ക്ക് വേണ്ടുന്ന ഏറ്റവും കുറഞ്ഞ ഉയരത്തിന്റെ മാനദണ്ഡം ആണെന്ന് മനസ്സിലായി. ചിലരെങ്കിലും കാല്പാദം ഉയര്‍ത്തി അതുവഴി കടക്കാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. എന്നെപ്പോലെയുള്ള കുറച്ചുപേര്‍ മാത്രം അത് വഴി കുനിഞ്ഞ് പോകേണ്ടിവന്നു.
Content Highlights: Lieutenant Colonel Surendran M.K.'s autobiography Jeevitham enna theekkadal