'എനിക്ക് നല്ല ധൈര്യമുണ്ട്, നിങ്ങള്‍ പോകുമ്പോള്‍ ഞാന്‍ കരയില്ല' | ജീവിതം എന്ന തീക്കടൽ | ആത്മകഥ - 13

'മോര്‍ണിംഗ് പാഞ്ച് ബജെ ഫാള്‍ ഇന്‍, വിത്ത് പാക്ക് ലഞ്ച്'.
ബാറ്ററി ഹവില്‍ദാര്‍ മേജറിന്റെ ഇംഗ്ലീഷും ഹിന്ദിയും കലര്‍ന്ന ഓര്‍ഡര്‍ വന്നുകഴിഞ്ഞു. ഡല്‍ഹിയിലേക്ക് പോകുന്നതിനായി ബാറ്ററിയിലെ മുഴുവന്‍ ആള്‍ക്കാരും വാഹനങ്ങളും ഗണ്ണും എല്ലാമായി രാവിലെ 5 മണിക്ക് മൈതാനത്തില്‍ ഹാജരാകണം. അതിനുമുമ്പ് ലങ്കറില്‍ പോയി അവനവന്റെ പാക്ക് ലഞ്ച് കരസ്ഥമാക്കണം. ഇങ്ങനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള നീക്കങ്ങള്‍ക്കിടയില്‍ പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കി എല്ലാവര്‍ക്കും വിതരണം ചെയ്യും. പിന്നെ രാത്രി ഭക്ഷണം ഞങ്ങള്‍ എവിടെയാണോ പോയി തമ്പടിക്കുന്നത്, അവിടെ ലഭിക്കും. ഓരോ വാഹനത്തിലും യാത്ര ചെയ്യുന്നവരുടെ കണക്ക് അനുസരിച്ച് ഞങ്ങള്‍ അഞ്ചും ആറും പേരുടെ സംഘത്തിന് വേണ്ട ഭക്ഷണം ലങ്കറില്‍ പോയി വാങ്ങിവന്നു. പൂരിയും ഉരുളക്കിഴങ്ങ് സബ്ജിയും തന്നെ. രണ്ട് പൂരി രാവിലത്തേക്കും ആറെണ്ണം ഉച്ചത്തേക്കുമായി ആളെണ്ണം എട്ട് പൂരി വെച്ചുതന്നു. ചിലപ്പോള്‍ ജീരകം വറുത്തിട്ട മഞ്ഞ കളര്‍ നല്‍കിയ ചോറും ഉണ്ടാകും. പക്ഷേ എത്ര മോശമായാലും തണുത്തതായാലും വെളിയില്‍വെച്ച് ഇതൊക്കെ കഴിക്കാന്‍ വലിയ സ്വാദാണ്. നാട്ടിലെ അമ്പലങ്ങളില്‍ വല്ലപ്പോഴുമൊക്കെ കഴിക്കുന്ന ഭക്ഷണംപോലെയാണ്.
രണ്ടോ മൂന്നോ ദിവസത്തെ ഇടവേളകളിലായി ഓരോ ബാറ്ററി ആയിട്ടാണ് ഡല്‍ഹിയിലേക്കുള്ള നീക്കം തീരുമാനിച്ചിരിക്കുന്നത്. പലതരത്തിലുള്ള ആയുധങ്ങളും തന്ത്രപ്രധാനമായ ഉപകരണങ്ങളുമൊക്കെ ചേര്‍ന്ന അറുപതില്‍ കൂടുതലുള്ള വാഹന വ്യൂഹങ്ങളെ അപകടങ്ങള്‍ ഒന്നുംകൂടാതെ ഡല്‍ഹിയില്‍ എത്തിക്കണം. ബാറ്ററി കമാന്‍ഡറുടെ ചെറിയ വാഹനമായ ജീപ്പ് അല്ലെങ്കില്‍ ജിപ്‌സി, വാഹനവ്യൂഹങ്ങള്‍ക്ക് മുന്നിലും ബാറ്ററിയുടെ രണ്ടാം കമാന്‍ഡറിന്റെ വാഹനം ഏറ്റവും പിറകിലും ആയിട്ടുണ്ടാവും. അവര്‍ തമ്മില്‍ റേഡിയോ സെറ്റിലൂടെ ആശയവിനിമയം നടത്തും. വഴിയില്‍ വെച്ച് ഏതെങ്കിലും വണ്ടി കേടായാല്‍ അതിനെ നന്നാക്കി എടുത്തുകൊണ്ടുവരണം. അതിനായി ഇ.എം.ഇ.യിലെ ജവാന്മാരും മെഡിക്കല്‍ കാര്യങ്ങള്‍ക്കായി ആര്‍മി മെഡിക്കല്‍ കോറിലെ ജവാന്‍മാരും കൂടെയുണ്ടാവും.
Content Highlights: Lieutenant colonel Surendran M.K. writes army memories