കാന്‍സറിന്റെ പേരുപറഞ്ഞ് ജോലി നിഷേധിച്ചു, നിയമപോരാട്ടത്തിനൊടുവിൽ ജിഷയ്ക്ക് നിയമനം | സ്നേഹഗംഗ

#ഡോ. വി.പി. ഗംഗാധരൻ
ഡോ. വി.പി. ​ഗം​ഗാധരൻ| Photo: Mathrubhumi
ഡോ. വി.പി. ​ഗം​ഗാധരൻ| Photo: Mathrubhumi

ഫെബ്രുവരി നാല്. ലോക കാന്‍സര്‍ ദിനം. കാന്‍സറിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ലോകമെമ്പാടും അന്നേ ദിവസം കാന്‍സര്‍ ദിനമായിട്ട് ആചരിക്കുന്നു. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു പ്രത്യേക സന്ദേശം ജനങ്ങളിലെത്തിക്കുന്നതും ഇതിന്റെ ഒരു ഭാഗമാണ്. 2025-27 വര്‍ഷങ്ങളിലേക്കുള്ള സന്ദേശം 'United by Unique' (അദ്വിതീയമായി ഒന്നിച്ചു) എന്നതായിരുന്നു. ഓരോ കാന്‍സര്‍ രോഗിക്കും വ്യത്യസ്തമായ കഥകള്‍ പറയാനുണ്ട്. സധൈര്യം രോഗത്തെ നേരിട്ടവര്‍, സ്വന്തമെന്ന് വിശ്വസിച്ചിരുന്ന കുടുംബാംഗങ്ങളും ബന്ധുക്കളും ഉപേക്ഷിച്ച് പോയവര്‍, നെഞ്ചോട് ചേര്‍ത്തുപിടിച്ച് ജീവിക്കാന്‍ പ്രചോദനം തന്നവര്‍... ഇവരുടെ അനുഭവങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ സമൂഹത്തിലേക്കെത്തുമ്പോള്‍, അത് പലരുടെയും സ്വന്തം അനുഭവം തന്നെയായിരിക്കും. എന്തിനെയും ഏതിനേയും നേരിടാനുള്ള ഒരു മനഃശക്തി രോഗികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ അത്തരം സാക്ഷ്യങ്ങള്‍ക്ക് സാധിക്കും. സഹതാപമല്ല കാന്‍സര്‍രോഗികള്‍ക്ക് വേണ്ടതെന്നും അനുതാപമണ് നാം അവരോട് വെച്ചുപുലര്‍ത്തേണ്ടതെന്നുമുള്ള സന്ദേശവും വ്യംഗ്യഭാഷയില്‍ ഇതിലൂടെ സമര്‍ഥിക്കുന്നുണ്ട്. കാന്‍സറിനെ തടയാനും പ്രാരംഭദശയില്‍ കണ്ടുപിടിച്ച് വേണ്ടവിധത്തില്‍ ചികിത്സിക്കാനും സമൂഹത്തെ ബോധവാന്മാരാക്കുക എന്നതു മാത്രമല്ല ഈ ദിനാചരണത്തിന്റെ ലക്ഷ്യം. രോഗിയെപ്പോലെ അവരുടെ രോഗവും ചികിത്സയും വ്യത്യസ്തമാണെന്നുള്ളതും അതുകൊണ്ട് തന്നെ അവരോടുള്ള സമീപനത്തിലും നാം വ്യത്യസ്തത പുലര്‍ത്തണമെന്നതും ഈ ദിനത്തിലെ സന്ദേശങ്ങളുടെ ഉള്ളടക്കം തന്നെയാണ്. ഈ ഉദ്ദേശങ്ങളെയെല്ലാം ചോദ്യം ചെയ്യുന്ന ഒരനുഭവമാണ് ഇക്കഴിഞ്ഞ കാന്‍സര്‍ദിനത്തില്‍ എനിക്കുണ്ടായത്.

2025 ഫെബ്രുവരി നാല്. ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് എന്റെ ഫോണില്‍ കുറേയധികം സന്ദേശങ്ങള്‍ വന്നിരുന്നു. ജീവിതത്തിലേക്ക് തിരികെ വന്ന കാന്‍സര്‍രോഗികളുടെ നന്ദി പ്രകടനമായിരുന്നു ഒട്ടുമിക്ക സന്ദേശങ്ങളുടെയും കാതല്‍. അതിനിടയില്‍ വ്യത്യസ്തമായ ഒരു സന്ദേശം എന്റെ ശ്രദ്ധയാകര്‍ഷിച്ചു. 'ഞാന്‍ ജിഷ. ഒരു അത്യാവശ്യ കാര്യം സംസാരിക്കാനുണ്ടായിരുന്നു. സാര്‍ ഫ്രീ ആകുമ്പോള്‍ എന്നെ ഒന്ന് വിളിക്കണം'. ഇതേ സന്ദേശം ഒരു മണിക്കൂറിനിടയില്‍ വീണ്ടും വീണ്ടും വന്നതായി കണ്ടത് കൊണ്ട് ഞാന്‍ ഉടനെ തന്നെ ആ നമ്പറുമായി ബന്ധപ്പെട്ടു. അസുഖസംബന്ധമായ ഒരു പ്രശ്‌നമായിരിക്കുമെന്ന് വിചാരിച്ചാണ് ഞാന്‍ വിളിച്ചത്. 'ഞാന്‍ ജിഷയാണ്. സാറിന്റെ പേഷ്യന്റ് (രോഗി). ഒരു സങ്കടം പറയാന്‍ വേണ്ടിയാണ് വിളിച്ചത്. കഴിഞ്ഞ മാസം ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്കായി ഞാന്‍ ഇന്റര്‍വ്യൂവിന്  പോയിരുന്നു. രണ്ടാം റാങ്ക് കിട്ടി. രണ്ട് ഒഴിവുകളുമുണ്ടായിരുന്നു. സ്ഥിരമായ ഒരു ജോലി. അതും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. ഇന്നോ നാളെയോ നിയമന ഉത്തരവ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എനിക്ക്...' ഒരു പൊട്ടിക്കരച്ചിലാണ് തുടര്‍ന്ന് ഫോണിലൂടെ കേട്ടത്. സംഭാഷണം തുടര്‍ന്നത് ഒരു പുരുഷശബ്ദമായിരുന്നു. 'ഞാന്‍ വിഷ്ണു. ജിഷയുടെ ഭര്‍ത്താവാണ്. ആരോഗ്യപരമായ കാരണത്താല്‍ അവളെ അയോഗ്യയാക്കി ജോലി നിഷേധിച്ചിരിക്കുന്നു. 'ഷീ ഈസ് മെഡിക്കലി അണ്‍ഫിറ്റ്' എന്നാണ് എഴുതിയിരിക്കുന്നത്'. വീണ്ടും ജിഷയുടെ ശബ്ദം. 'അഞ്ചുവര്‍ഷം മുമ്പാണ് സ്തനാര്‍ബുദത്തിന് ഓപ്പറേഷന്‍ നടത്തിയത്. കഴിഞ്ഞ മാസം തുടര്‍പരിശോധനയ്ക്ക് വന്നപ്പോള്‍ സാര്‍ പറഞ്ഞത് അടുത്ത മാസം ഞാന്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഹോര്‍മോണ്‍ ഗുളികയും നിര്‍ത്താമെന്നാണ്. പിന്നെ ഇവരെങ്ങിനെ എന്നെ ഇങ്ങനെ...' വീണ്ടും ജിഷയുടെ കരച്ചില്‍. 'ഇതിലും ഭേദം അസുഖം വന്ന് മരിക്കുകയായിരുന്നു' ജിഷ ഭര്‍ത്താവിനോട് ശബ്ദമടക്കി പറഞ്ഞത് ഞാന്‍ ഫോണിലൂടെ കേട്ടതാണ് അവസാന വാചകം. ഫോണ്‍ സംഭാഷണം അതോടുകൂടി അവസാനിച്ചു. 'നാളെ രാവിലെ 11 മണിക്ക് ആശുപത്രിയില്‍ വരൂ. ജിഷയുടെ ചികിത്സാ രേഖകള്‍ പരിശോധിച്ചിട്ട് നമുക്ക് ഒരു തീരുമാനമെടുക്കാം'. ഈ സന്ദേശത്തോടെ ഞാന്‍ ഫോണ്‍ മേശപ്പുറത്ത് വെച്ചു.
അടുത്ത ദിവസം ആശുപത്രിയില്‍ ജിഷ വന്നില്ല. വിഷ്ണുവാണ് രേഖകളുമായിട്ട് വന്നത്. ആശുപത്രി രേഖകളെല്ലാം പരിശോധിച്ചശേഷം ഞാന്‍ പറഞ്ഞു. 'ജിഷയുടെ അസുഖം പ്രാരംഭദശയില്‍ തന്നെ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. വേണ്ടവിധത്തില്‍ ചികിത്സയും തുടര്‍പരിശോധനയും ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ അസുഖത്തിന്റെ ലാഞ്ചന പോലും കണ്ടിട്ടുമില്ല. അടുത്ത മാസത്തോടെ അവള്‍ കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികയും തുടരേണ്ടതില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങിനെ അവളെ...' 'സാറും അവളെ തള്ളിപ്പറഞ്ഞാലോയെന്ന് വിഷമിച്ചാണ് അവള്‍ വരാതിരുന്നത്. ഞാന്‍ അവളോട് ഉടനെ തന്നെ വരാന്‍ പറയാം'. അയാള്‍ മുറി വിട്ടിറങ്ങി നടന്നുനീങ്ങി.

Content Highlights: World Cancer Day Story By Dr VP Gangadharan

Continue reading