വേദനയുടെ വഴികള്‍ അജ്ഞാതമാണോ? വേരുകള്‍ വിഷാദത്തിലാവാം

മനസ്സിന്റെ അസ്വസ്ഥതകൾ മാനസികരോഗലക്ഷണങ്ങൾ തീരെ പ്രകടിപ്പിക്കാതെയും അതേസമയം ശാരീരിക രോഗലക്ഷണങ്ങൾ മാത്രമായും പ്രത്യക്ഷപ്പെടാം. ശാരീരിക രോഗലക്ഷണങ്ങളായാണ് രോഗിക്ക് അനുഭവപ്പെടുന്നതെങ്കിലും ഒരു മനോരോഗ വിദഗ്ധന്റെ പരിശോധനയിൽ ഇവയുടെകൂടെ ചില മാനസികപ്രശ്നങ്ങളുടെ ലക്ഷണങ്ങളും കണ്ടെത്താനാവും. വിദഗ്ധമായ വിശകലനത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ ശരിയായ രോഗനിർണയം സാധ്യമാവുകയുള്ളൂ.
കുറെ വർഷങ്ങൾക്കു മുമ്പ് ചികിത്സക്കെത്തിയ ഒരു രോഗി കാലിന് ബലക്കുറവുമായി ന്യൂറോ ഐ.സിയുവിലും പിന്നീട് നെഞ്ചിടിപ്പും കിതപ്പും ആയി കാർഡിയോളജി ഐ.സിയുവിലും പ്രവേശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ആ രോഗിതന്നെ തലവേദനയുടെ ചികിത്സയ്ക്കായി ഒരു ന്യൂറോളജിസ്റ്റിനെ കാണുകയും തല സ്കാൻ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുൻകാല ചികിത്സാരേഖകൾ പരിശോധിച്ച ന്യൂറോളജിസ്റ്റിനാവട്ടെ ഇത് മാനസികമായ അസുഖത്തിന്‍റെ ഭാഗമാണെന്ന് പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് രോഗിയോട് സ്കാനിന്‍റെ ആവശ്യമില്ലെന്നും മാനസികരോഗ ചികിത്സയാണ് വേണ്ടതെന്നും നിർദേശിച്ചു. എന്നാൽ ന്യൂറോളജിസ്റ്റിന്‍റെ നിർദ്ദേശം ബോധ്യപ്പെടാത്തതിനാൽ രോഗി വീണ്ടും ചില ഡോക്ടർമാരെ കാണുകയും പലവിധ പരിശോധനകൾക്കും ചികിത്സകൾക്കും വിധേയമാകുകയും ചെയ്തു. വിവിധ ഡോക്ടർമാരുടെ ചികിത്സയ്ക്കുശേഷവും രോഗം ഭേദമാവാത്തതിനെതുടർന്നാണ് ഒടുവിൽ ഒരു മനോരോഗ വിദഗ്ധന്റെ അടുത്തെത്തിയത്. വിശദമായ പരിശോധനയിൽ അവർക്ക് ഡിപ്രഷൻ അല്ലെങ്കിൽ വിഷാദരോഗം എന്ന അസുഖമാണെന്ന് സ്ഥിരീകരിച്ചു. വിഷാദരോഗത്തിനുള്ള മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയെ തുടർന്ന് രോഗം പൂർണമായും സുഖപ്പെടുകയും ചെയ്തു.
Content Highlights: mental illness can cause physical symptoms