കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ലക്ഷണങ്ങൾ തിരിച്ചറിയാനായില്ല, ആ ജീവൻ നഷ്ടപ്പെട്ടു

ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ നമ്മുടെ സംസ്ഥാനത്തിന്‍റെ നിലവാരം ആഗോളതലത്തിൽ വികസിത രാഷ്ട്രങ്ങൾക്കൊപ്പമാണെങ്കിലും മാനസികാരോഗ്യരംഗത്തെക്കുറിച്ചുള്ള അവബോധം, മാനസികരോഗങ്ങളോടുള്ള സമൂഹത്തിന്‍റെ മനോഭാവം എന്നിവയുടെ കാര്യത്തിൽ വളരെ പരിതാപകരമായ അവസ്ഥയാണെന്ന് പറയാതെ വയ്യ. ഉയർന്ന വിദ്യാഭ്യാസമുള്ളവരിൽ പോലും മാനസികരോഗങ്ങളെക്കുറിച്ചും അവയെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയാണ് എന്നതിനെക്കുറിച്ചും ഉള്ള അറിവ് വളരെ പരിമിതമാണ്.
ശാരീരിക രോഗങ്ങളുണ്ടാവുമ്പോൾ ഒരു മടിയുംകൂടാതെ നേരിട്ട് സ്പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് ഓടുന്നവരിൽ ഭൂരിപക്ഷം പേരും മാനസികമായ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ അതിന് എറ്റവും വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിന് പകരം കാര്യങ്ങൾ ഒളിച്ചുവെക്കാനാണ് താൽപര്യപ്പെടുന്നത്.
ഇതരവിഷയങ്ങളിൽ പ്രഗത്ഭരായ ഡോക്ടർമാർക്കിടയിൽപോലും മാനസികരോഗങ്ങളെക്കുറിച്ചുള്ള അവബോധം വളരെ കുറവോ, ശാസ്ത്രീയരീതിയിലുള്ളതോ അല്ല എന്ന് പറയേണ്ടിവരും. ഇത് അവരുടെ കുഴപ്പമല്ല നമ്മളുടെ എം.ബി.ബി.എസിന്റെ പാഠ്യപദ്ധതിയിൽ മനോരോഗ വിഭാഗത്തിന് അല്ലെങ്കിൽ സൈക്യാട്രിക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതും അത് പരീക്ഷയെഴുതേണ്ട വിഷയമല്ലാത്തതുമാണ്.
ഒരു വ്യക്തിക്ക് മാനസികമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് എങ്ങനെ തിരിച്ചറിയാം, ആവശ്യമായ ചികിത്സ നൽകേണ്ടതെങ്ങനെ എന്ന കാര്യങ്ങളിൽ സമൂഹം ഇനിയും കൂടതൽ അറിവ് നേടേണ്ടിയിരിക്കുന്നു. സമൂഹത്തിന്‍റെ ഈ അജ്ഞതയുടെ ഉദാഹരണമാണ് അടുത്തിടെ കൊട്ടാരക്കരയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു യുവഡോക്ടറുടെ ജീവൻ പൊലിഞ്ഞ സംഭവം..
Content Highlights: importance of mental health awareness, how to diagnose depression