കര്‍ക്കിടക രുചിയില്‍ കേമന്‍ ; ഒരിക്കലെങ്കിലും കഴിക്കണം ഗാണ്‍ട്ടി തളാസിനി

കര്‍ക്കിടകത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴക്കാലത്ത് തൊടിയിലും പാടത്തും ഒക്കെ യഥേഷ്ടം കാണുന്ന ചെടിയാണ് ചേമ്പ്. കൊങ്കണി പാചകത്തില്‍ ചേമ്പിലകളും താളും കൊണ്ടുള്ള വിഭവങ്ങള്‍ക്കുള്ള പ്രസക്തി മറ്റൊന്നിനും ഇല്ല എന്നുതന്നേ പറയേണ്ടി വരും. 'പത്രോടാ' എന്ന ചേമ്പിലയപ്പം മുതല്‍ പല പല വിഭവങ്ങളാണ് മുന്‍പന്തിയില്‍ അണിനിരക്കുന്നത്.
പോഷകം സമ്പുഷ്ടമാണ് താള്. തേങ്ങാ പത്തരച്ചാലും താളല്ലേ കറി ' എന്നൊരു ചൊല്ലുണ്ടല്ലോ. ഈ ചൊല്ലിനെ കണ്ണടച്ച് വിശ്വസിക്കരുതേ. താള് കറിയുടെ രുചി അറിഞ്ഞാല്‍ പിന്നെന്നും മഴക്കാല വിഭവങ്ങളില്‍ ഇവയ്ക്കായി കാത്തിരിക്കും. പാടത്തും പറമ്പത്തും ഒക്കെ കാണുന്ന ചെറു ചേമ്പിലകളാണ് താള്. അല്പം കട്ടി പച്ച നിറത്തില്‍ കാണപ്പെടും.
മൂത്തു മുറ്റിപ്പോയ ഇലകള്‍ കറികള്‍ക്ക് ചേര്‍ന്നതല്ല. അല്പം പിഞ്ചു ഇലകളാണ് താള് കറികള്‍ക്ക് അനുയോജ്യം. പാകത്തിനുള്ള ഇലകളും, കൂടെ എരിവും പുളിയും ആവശ്യത്തിന് ചേര്‍ത്താല്‍ താളുകറി കഴിച്ച് നാക്ക് ചൊറിയുമോ എന്ന ഭയവും വേണ്ട.കൊങ്കണികളുടെ അടുക്കളയില്‍ താള്‍ വിഭവങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് തലേന്ന് തന്നേ തുടങ്ങും. പാകത്തിനുള്ള ഇലകള്‍ പറിച്ചാല്‍ ഉടന്‍ പിന്നിലെ കട്ടിയുള്ള ഞരമ്പ് ചീന്തി എടുത്ത് നീക്കം ചെയ്യും. ശേഷം നന്നായി കഴുകി വെള്ളം വാര്‍ന്നു ഉണങ്ങാനായി വിരിച്ചിടും.
താള് കറികളില്‍ താളിലകള്‍ ചേര്‍ക്കുന്നതിലും ഒരു പ്രത്യേകതയുണ്ട്. മറ്റ് ഇലകളെപ്പോലെ അരിഞ്ഞിടാറില്ല. ഓരോ താളും ഓരോ കെട്ടുകളാക്കും. ഈ കെട്ടുകള്‍ക്ക് കൊങ്കണിയിലെ വിളിപ്പേരാണ് . ഗാണ്‍ട്ടി ഈ കെട്ടുകള്‍ ആണ് കറികളിലേക്ക് ചേര്‍ക്കുക. ഗാണ്‍ട്ടി സുക്കെ, ഗാണ്‍ട്ടി ഭുത്തി, ഗാണ്‍ട്ടി ഘശി എന്നിങ്ങനെ പല തരം കറികളുണ്ട് കൊങ്കണി പാചകത്തില്‍. അതിലിന്നു പരിചയപ്പെടുത്തുന്ന എളുപ്പക്കറിയാണ്.
ഗാണ്‍ട്ടി തളാസിനി പേരിലെ കൗതുകം രുചിയിലുമുണ്ട് കേട്ടോ. ഇതിലേ മറ്റ താരങ്ങളാണ് ചക്കക്കുരുവും അമ്പഴങ്ങയും. അമ്പഴങ്ങ ചേര്‍ക്കുന്നതാണ് പാരമ്പര്യ രീതിയെങ്കിലും വാളന്‍പുളി പിഴിഞ്ഞും ഇതേ കറിയുണ്ടാക്കാം.
ആദ്യം താള് കെട്ടുകളാക്കുന്നത് നോക്കാം.താളിലകള്‍ കൈവെള്ളയില്‍ വിടര്‍ത്തി, രണ്ടായി മടക്കി ശേഷം ഒരു ഭാഗത്തു നിന്ന് ചുരുട്ടുക. ഈ ചുരുട്ടിന്റെ രണ്ടറ്റവും ചേര്‍ത്ത് ഒരു കുഞ്ഞ് കെട്ടിടുക. ഇതാണ് നമ്മുടെ ഗാണ്‍ട്ടി.
ചേരുവകള്‍
1.താളിലകള്‍ - 15- 20 എണ്ണം
2.അമ്പഴങ്ങ - 2 - 3
3.ചക്കക്കുരു - 6-8 എണ്ണം
4.വെളുത്തുള്ളി അല്ലികള്‍- 10-12 എണ്ണം
5.വറ്റല്‍ മുളക് - 6-8 എണ്ണം
6.കടുക് -1 ടീസ്പൂണ്‍
7.വെളിച്ചെണ്ണ- 2-3 ടീസ്പൂണ്‍
8.ഉപ്പ് -ആവശ്യത്തിന്
പാചകരീതിയിലേക്ക്
താള് കെട്ടുകളാക്കുക.അമ്പഴങ്ങ ചെറുതായി ചതയ്ക്കുക. ചക്കക്കുരു ചെറുകഷണങ്ങളാക്കുക. ഇനി ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ കടുകും വറ്റല്‍മുളകും താളിച്ചു വെളുത്തുള്ളി ചേര്‍ക്കാം.
വെളുത്തുള്ളി നന്നായി ചുവന്നു വരണം.
ഇനി ഇതിലേക്ക് താള് കെട്ടുകളും ചക്കക്കുരുവും അമ്പഴങ്ങയും ഉപ്പും ചേര്‍ത്ത് താള് നന്നായി വെന്തു വരത്തക്ക വെള്ളവും ചേര്‍ക്കാം.
താള് നന്നായി വെന്തു വരേണ്ടതാണ്. ഏകദേശം രണ്ടു ഗ്ലാസ്സോളം വെള്ളം ചേര്‍ക്കാം.
താള് നന്നായി വെന്തു ഉടഞ്ഞു പാകം ആയാല്‍ വാങ്ങി വെയ്ക്കാം.
ശ്രദ്ധിക്കുക
1.ചിലര്‍ താള്‍ പ്രഷര്‍ കുക്കറില്‍ ഒരു രണ്ട് മൂന്ന് വിസില്‍ വരെ വേവിച്ചു പിന്നീട് താളിച്ചത്തിലോട്ട് ചേര്‍ത്ത് പാകം ചെയ്‌തെടുക്കാറുണ്ട്. സമയം ലാഭിയ്ക്കാവുന്നതാണ്.
2.താളിലകള്‍ പറിക്കുമ്പോള്‍ നല്ല പിഞ്ചു ഇലകള്‍ തന്നെ പറിക്കാന്‍ ശ്രദ്ധിക്കുക .അല്ലെങ്കില്‍ എത്ര പാകം ചെയ്താലും ചൊറിച്ചില്‍ അനുഭവപ്പെടും.
3.അമ്പഴങ്ങ ലഭ്യമല്ലെങ്കില്‍ വാളന്‍ പുളിയോ ഇലുമ്പന്‍ പുളിയോ ചേര്‍ക്കാവുന്നതാണ്. വാളന്‍ പുളി ആണെങ്കില്‍ ഒരു നാരങ്ങ വലുപ്പത്തിലുള്ളതും, ഇലുമ്പന്‍ പുളി ആണെങ്കില്‍ ആറോ എഴോ ചേര്‍ക്കാവുന്നതാണ്.
Content Highlights: ganti talasini recipe