ആര്‍ത്തലയ്ക്കുന്ന നയാഗ്രയ്ക്ക് നടുവിലൂടെ റെയിന്‍ബോ ബ്രിഡ്ജ്; ഒരറ്റത്ത് അമേരിക്ക മറുഭാഗത്ത് കാനഡ

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്ന് എന്ന് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന ഒരിടം. ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ഇവിടെ ഈ വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ എല്ലാവര്‍ഷവും എത്തുന്നത്. കുട്ടിക്കാലം മുതല്‍ ചിത്രങ്ങളിലും വീഡിയോയിലും മറ്റും കണ്ടിട്ടുള്ള 'നയാഗ്ര വെള്ളച്ചാട്ടം' കാണണമെന്ന് അമേരിക്കന്‍ യാത്ര തീരുമാനിച്ചപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിരുന്നു. അമേരിക്കയും കാനഡയുമായി അതിര്‍ത്തി പങ്കിടുന്ന നയാഗ്ര വെള്ളച്ചാട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങളാണ് ഈ കുറിപ്പില്‍.
രാത്രി 11 മണിക്കാണ് ന്യൂയോര്‍ക്ക് മാന്‍ഹട്ടനിലെ ടൈം സ്‌ക്വയറില്‍ നിന്ന് നയാഗ്രയിലേക്കുള്ള ഞങ്ങളുടെ ബസ് യാത്ര ആരംഭിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് ഏകദേശം 650 കിലോമീറ്റര്‍ യാത്ര ചെയ്യണം നയാഗ്രയിലെത്താന്‍. ഇന്റര്‍നെറ്റ് വഴിയാണ് ഇന്റര്‍ട്രാവല്‍ കമ്പനിയുടെ ടിക്കറ്റ് ബുക്ക് ചെയ്തത്. ടൈംസ്‌ക്വയറിലെ തിരക്കില്‍ അല്‍പസമയം അലഞ്ഞുതിരിഞ്ഞ് നടന്നതിനുശേഷം അവിടുത്തെ ഒരു ഫുഡ് ട്രക്കില്‍ നിന്ന് ഫലാഫില്‍ സാന്റ് വിച്ചും കൊക്കോ കോളയും വാങ്ങി ബസ് പുറപ്പെടുന്ന സ്ഥലത്തെത്തി. കൃത്യം 11 മണിക്ക് തന്നെ ബസ് എത്തി. ഇക്വഡോര്‍ സ്വദേശിയായ എമിലി ആണ് യാത്രയില്‍ ഞങ്ങളുടെ ഗൈഡ്. അന്‍പതോളം യാത്രക്കാര്‍ ഉണ്ട് ഞങ്ങളുടെ ഗ്രൂപ്പില്‍. എല്ലാവരെയും പേരുവിളിച്ച് സീറ്റ് നമ്പര്‍ നല്‍കി ഉള്ളിലേക്ക് കയറ്റി. നഗരപ്രദേശം താണ്ടി നീണ്ട എക്‌സ്പ്രസ്സ് ഹൈവേയിലൂടെ ബസ് അതിവേഗം നീങ്ങിത്തുടങ്ങി.
അമേരിക്കയില്‍ ദീര്‍ഘദൂര ബസുകള്‍ക്കു നിശ്ചിത ഇടവേളകളില്‍ വിശ്രമം നിര്‍ബന്ധമാണ്. അതിനായി ഹൈവേകളില്‍ റസ്റ്റ് ഏരിയകള്‍ ഉണ്ട്. അവിടങ്ങളില്‍ റെസ്റ്ററന്റ്, പെട്രോള്‍ സ്റ്റേഷന്‍, മറ്റു കടകള്‍, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. ഞങ്ങളുടെ സഹയാത്രികരില്‍ 60 ശതമാനവും സ്പാനിഷ് ഭാഷ സംസാരിക്കുന്നവരായിരുന്നു. അതിനാല്‍ എമിലി എല്ലാ കാര്യങ്ങളും ആദ്യം സ്പാനിഷിലും പിന്നെ ഇംഗ്ലീഷിലുമായിരുന്നു വിശദമാക്കി തന്നിരുന്നത്. ബസ്സില്‍ തന്നെ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്, എന്നാല്‍ വളരെ എമര്‍ജന്‍സിക്ക് മാത്രമേ അത് ഉപയോഗിക്കാവൂ എന്ന് ഓര്‍മ്മിപ്പിച്ചിരുന്നു. രാവിലെ ആറുമണിയോടെ ഞങ്ങള്‍ നയാഗ്രയില്‍ എത്തി. ടിം ഹോര്‍ട്ടന്‍സ് റസ്റ്റോറന്റില്‍ നിന്ന് പ്രഭാത ഭക്ഷണത്തിനുശേഷം വെള്ളച്ചാട്ടത്തിനു സമീപത്തേക്ക് യാത്രയായി.
കനേഡിയന്‍ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോര്‍ക്കിനുമിടയില്‍ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ്, ഹോഴ്സ് ഷൂ ഫാള്‍സ് എന്നിവ ചേര്‍ന്നതാണ് നയാഗ്ര ഫാള്‍സ്. മൂന്നില്‍ ഏറ്റവും വലിപ്പമുള്ള കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള ഹോഴ്‌സ് ഷൂ വെള്ളച്ചാട്ടം കനേഡിയന്‍ ഫാള്‍സ് എന്നും അറിയപ്പെടുന്നു. ഇത് കാനഡയും അമേരിക്കന്‍ ഐക്യനാടുകളും തമ്മിലുള്ള അന്തര്‍ദേശീയ അതിര്‍ത്തിയിലേയ്ക്കു വ്യാപിച്ചുകിടക്കുന്നു. താരമ്യേന ചെറിയ അമേരിക്കന്‍ ഫാള്‍സും ബ്രൈഡല്‍ വെയില്‍ ഫാള്‍സും പൂര്‍ണ്ണമായും അമേരിക്കന്‍ ഐക്യനാടുകളുടെ അതിര്‍ത്തിക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സിന് ആ പേരു വന്നത് അതിന്റെ രൂപത്തില്‍ നിന്നാണ്. ബ്രൈഡല്‍ വെയില്‍ വെള്ളച്ചാട്ടം ഹോഴ്സ്ഷൂ വെള്ളച്ചാട്ടത്തില്‍ നിന്ന് ഗോട്ട് ദ്വീപിനാലും, അമേരിക്കന്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് ലൂണ ദ്വീപിനാലും വേര്‍തിരിക്കപ്പെടുന്നു. അമേരിക്കയില്‍ നിന്നും കാനഡയിലേക്ക് പതിക്കുന്നതിനാല്‍ കാനഡ ഭാഗത്ത് നിന്നാണ് നയാഗ്രയുടെ ഭംഗി പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുക എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
പകല്‍ വിനോദസഞ്ചാര സമയങ്ങളില്‍, ഓരോ മിനിറ്റിലും ആറ് ദശലക്ഷം ഘനയടി വെള്ളം ഒന്റാറിയോ നദിയിലേക്ക് പതിക്കുന്നു. ഹോര്‍സ്ഷൂ വെള്ളച്ചാട്ടം 187 അടി ഉയരത്തില്‍നിന്നു പതിക്കുമ്പോള്‍, അമേരിക്കന്‍ ഫാള്‍സിന്റെ ഉയരം അതിന്റെ അടിയില്‍ ഭീമന്‍ പാറക്കല്ലുകള്‍ സ്ഥിതിചെയ്യുന്നതിനാല്‍ 69 മുതല്‍ 98 അടി വരെ വ്യത്യാസപ്പെടുന്നു. വലിപ്പമേറിയ ഹോഴ്‌സ് ഷൂ വെള്ളച്ചാട്ടത്തിന് 2,590 അടി വീതിയുള്ളപ്പോള്‍ അമേരിക്കന്‍ ഫാള്‍സിന് 1,050 അടി വീതിയാണുള്ളത്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അമേരിക്കന്‍ അതിരും കനേഡിയന്‍ അതിരും തമ്മിലുള്ള ദൂരം 3,409 അടി ആണ്. ഹോഴ്സ്ഷൂ വെള്ളച്ചാട്ടത്തിന് മുകളിലുള്ള ഏറ്റവും ഉയര്‍ന്ന ഒഴുക്ക് സെക്കന്‍ഡില്‍ 6,400 ക്യുബിക് മീറ്ററായി രേഖപ്പെടുത്തിയിരിക്കുന്നു. ഹിമാനികള്‍ മൂലം ഉത്ഭവിക്കുന്ന ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളുടെ കൂട്ടമായ ഗ്രേറ്റ് തടാകങ്ങളില്‍ നിന്ന് നേരിട്ടുള്ള ഒഴുക്കായതിനാല്‍, വസന്തത്തിന്റെ അവസാനത്തിലോ വേനല്‍ക്കാലത്തിന്റെ ആരംഭത്തിലോ ഇത് സാധാരണയായി ഉയരുന്നു. വേനല്‍ക്കാലത്ത്, സെക്കന്‍ഡില്‍ കുറഞ്ഞത് 2,800 ക്യുബിക് മീറ്റര്‍ ജലം വെള്ളച്ചാട്ടത്തിലേയ്ക്കു പതിക്കുന്നു. അതില്‍ 90 ശതമാനവും ഹോഴ്സ്ഷൂ വെള്ളച്ചാട്ടത്തിന് മുകളിലൂടെ പോകുമ്പോള്‍, ബാക്കി ജലവൈദ്യുത പദ്ധതികളിലേക്ക് തിരിച്ചുവിടുന്നു. ഹോഴ്സ്ഷൂ വെള്ളച്ചാട്ടത്തില്‍ നിന്ന് മുകളില്‍ ചലിക്കുന്ന ഗേറ്റുകളുള്ള അന്താരാഷ്ട്ര നിയന്ത്രിത അണക്കെട്ട് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
വെള്ളം വഴിതിരിച്ചുവിടല്‍ 1950 ലെ നയാഗ്ര ഉടമ്പടി വഴിയാണ് നിയന്ത്രിക്കപ്പെടുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഒഴുകുന്ന ജലത്തിന്റെ ഹരിത നിറം ജലത്തില്‍ അലിഞ്ഞുചേരുന്ന ലവണങ്ങള്‍ പാറപ്പൊടി എന്നിവയുടെയും ഉപോല്‍പ്പന്നമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളില്‍ ഒന്നാണ് ഇവിടെയുള്ളത്. ഞങ്ങളുടെ ബസ് നയാഗ്ര ഫാള്‍സ് സ്റ്റേറ്റ് പാര്‍ക്കില്‍ എത്തി. വാഹനം പാര്‍ക്ക് ചെയ്ത് എമിലി ഇവിടെ കാണേണ്ടുന്ന കാര്യങ്ങളെ പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. മുന്നിലേക്ക് നടന്നപ്പോഴാണ് കൂടെയുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ടു പേര്‍ മലയാളം സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ലക്‌സംബര്‍ഗില്‍ നിന്നാണ് അവര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയത്. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ കാര്‍ത്തിക് നിലമ്പൂര്‍ സ്വദേശിയും ഭാര്യ മീനു കോട്ടയം സ്വദേശിയും ആണെന്ന് പറഞ്ഞു. കേരളത്തിന്റെ സമുദായിക ആചാര്യനായ മന്നത്ത് പത്മനാഭന്റെ കൊച്ചുമകള്‍ ആണ് മീനാക്ഷി എന്ന് പറഞ്ഞപ്പോള്‍ ആശ്ചര്യം അടക്കാനായില്ല. എന്നെപ്പോലെ തന്നെ യാത്രകളെ സ്‌നേഹിക്കുന്നവരാണ് അവര്‍ എന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി. പിന്നീടുള്ള കാഴ്ചകള്‍ എല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. പല യാത്രകളിലെയും വിശേഷങ്ങള്‍ പങ്കുവച്ച് ഞങ്ങള്‍ ഊഷ്മളമായ ഒരു സൗഹൃദം കെട്ടിപ്പടുത്തു. യാത്രാവേളകളില്‍ ലഭിക്കുന്ന അവിചാരിതമായ അനുഭവങ്ങളാണ് സമാനമനസ്‌കരുമായി ഇത്തരത്തില്‍ ലഭിക്കുന്ന സൗഹൃദങ്ങള്‍.
നയാഗ്ര ഫാള്‍സ് സ്റ്റേറ്റ് പാര്‍ക്ക് വലിയ മരങ്ങളും നിറഞ്ഞ പച്ചപ്പും വര്‍ണ്ണാഭമായ പൂക്കളും ഉള്ള പ്രദേശമാണ്. ടെറാപ്പിന്‍ പോയിന്റ് എന്ന കോണില്‍ നിന്ന് ഹോഴ്സ്ഷൂ വെള്ളച്ചാട്ടത്തിന്റെ വിശാലമായ കാഴ്ചകളിലേക്കാണ് ഞങ്ങള്‍ ആദ്യം നടന്നത്. അത്ഭുതപരതന്ത്രനായി പ്രകൃതിയുടെ വന്യമനോഹരമായ കാഴ്ച കണ്ട് നിന്നു. ഒഴുകി വരുന്ന വെള്ളം പ്രകൃതിയുടെ സൗന്ദര്യത്തെയും ശക്തിയെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് കുത്തനെ താഴേക്ക് പതിക്കുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു. നല്ല കാലാവസ്ഥയാണെങ്കില്‍ വെള്ളച്ചാട്ടത്തിന് മുകളിലെ ജലകണങ്ങളില്‍ മഴവില്ല് കാണാന്‍ സാധിക്കും എന്ന എമിലിയുടെ വാക്ക് അന്വര്‍ത്ഥമായി. മനം കുളിര്‍പ്പിക്കുന്ന മഴവില്ലാല്‍ വര്‍ണ്ണാഭമായ കാഴ്ച കണ്ട് വെള്ളച്ചാട്ടത്തിന്റെ അരികില്‍ കുറച്ചു സമയം നിന്നു. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഞങ്ങള്‍ നില്‍ക്കുന്ന വശമായ ഗോട്ട് ദ്വീപ് അമേരിക്കയും മറുവശം കാനഡയിലെ ഒന്റാറിയോയുമാണ്. അവിടെ സ്‌കൈലോണ്‍ ടവര്‍, ഹില്‍ട്ടണ്‍, ഷെറാട്ടണ്‍, മാരിയറ്റ് ഹോട്ടല്‍ തുടങ്ങിയ അംബരചുംബികളെ കാണാം.
'ദി കേവ് ഓഫ് ദി വിന്‍ഡ്സ്' എന്ന വെള്ളച്ചാട്ടത്തിന്റെ ഉള്ളിലേക്കുള്ള ഒരു സ്ഥലത്തേക്കാണ് ഇനി ഞങ്ങള്‍ പോകുന്നത്. ഇവിടുത്തെ ചരിത്രവും ജലവൈദ്യുത പദ്ധതിയുടെ ഉത്ഭവവും എല്ലാം വിശദീകരിക്കുന്ന ഒരു വീഡിയോ പ്രദര്‍ശനത്തിന് ശേഷം ലിഫ്റ്റ് വഴി താഴേക്ക് പോയി, അവിടുന്ന് ഒരു പഴയ തുരങ്കപാത വഴി നദീതീരത്തിറങ്ങി. പിന്നീട് നിരവധി സീഗള്ളുകള്‍ ഇരിക്കുന്ന ഒരു മലയുടെ വശത്തുകൂടി ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ് വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നടന്നെത്തി. ശക്തിയായി വെള്ളം മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്നിടത്ത് വെള്ളച്ചാട്ടത്തിന്റെ വന്യത ആസ്വദിക്കാന്‍ വിവിധ ഡെക്കുകള്‍ വെള്ളച്ചാട്ടത്തോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്. മഞ്ഞ പ്ലാസ്റ്റിക് റെയിന്‍ കോട്ട് ഇട്ട് പാറക്കെട്ടുകള്‍ക്കിടയിലെ മരപ്പാതകളില്‍ കയറിനിന്നു ഫോട്ടോയൊക്കെ എടുത്തു. അവിടുത്തെ കാഴ്ചകള്‍ ആസ്വദിച്ചതിനു ശേഷം ലൂണ ദ്വീപില്‍ നിന്ന് തിരികെ ഗൈഡ് പറഞ്ഞ വഴികളിലൂടെ അടുത്ത വ്യൂ പോയിന്റിലേക്ക് നടന്നു. ഇവിടേക്ക് കയറുമ്പോള്‍ ഉള്ള പ്രദര്‍ശനത്തില്‍ വിശദീകരിച്ച 1896ല്‍ സ്ഥാപിച്ച ജലവൈദ്യുത പദ്ധതിയുടെ സ്ഥാപകനായ വിഖ്യാത ശാസ്ത്രജ്ഞന്‍ നിക്കോള ടെസ്ലയുടെ വലിയ ഒരു പ്രതിമ അവിടെ ഉണ്ടായിരുന്നു. അമേരിക്കന്‍ ഫാള്‍സും കണ്ട് പാര്‍ക്കിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു.
ഇനി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന ബോട്ട് യാത്രയാണ് - മെയ്ഡ് ഓഫ് ദി മിസ്റ്റ് ബോട്ട് ടൂര്‍ (Maid of the Mist Boat Tour). ഇടിമുഴക്കത്തോടെ വീഴുന്ന വെള്ളച്ചാട്ടത്തിന്റെ താഴെ അടുത്ത് സഞ്ചാരികളെ എത്തിക്കുന്ന ഒരു അഭൂതപൂര്‍വ്വമായ അനുഭവം. ലിഫ്റ്റ് വഴി താഴെ ബോട്ട് ജട്ടിയില്‍ എത്തി. നീല പ്ലാസ്റ്റിക് കോട്ട് ധരിച്ച് വിസ്മയിപ്പിക്കുന്ന ആ യാത്രക്കായി ഞങ്ങള്‍ ബോട്ടിലേക്ക് കയറി, മുകളിലത്തെ തുറന്ന ഡെക്കില്‍ ഞങ്ങള്‍ സ്ഥാനം ഉറപ്പിച്ചു. വെള്ളച്ചാട്ടങ്ങളുടെ താഴെ നിന്നുള്ള അതിശയകരമായ കാഴ്ച!. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അലര്‍ച്ച വായുവിലൂടെ പ്രതിധ്വനിച്ച് ഭയത്തിന്റെയും അത്ഭുതത്തിന്റെയും ഒരു ഭാവം അന്തരീക്ഷത്തില്‍ നിറച്ചു.
ആര്‍ത്തലച്ച് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ നിന്നുയരുന്ന ജലകണങ്ങള്‍ മൂടല്‍മഞ്ഞ് പോലെ ദൂരെ നിന്ന് തോന്നുമെങ്കിലും, സമീപമെത്തിയപ്പോള്‍ തണുത്ത വെള്ളം കാറ്റടിച്ചു മുഖത്തേക്ക് വീഴുന്നത് പെരുമഴയായി അനുഭവപ്പെട്ടു. ജലകണങ്ങളുടെ ചുംബനം ഏല്‍ക്കുമ്പോള്‍ ആരും ഉള്‍പുളകിതരായിപ്പോകും. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട അവിസ്മരണീയ യാത്രക്ക് ശേഷം തിരികെ ബോട്ടില്‍ കയറിയ സ്ഥലത്ത് തന്നെ എത്തി. കാനഡയുടെ സമാനമായ ബോട്ടുകള്‍ പിങ്ക് നിറത്തിലുള്ള കോട്ട് ധരിച്ച സഞ്ചാരികളുമായി മറുവശത്തുനിന്നും പോകുന്നത് കാണാന്‍ സാധിച്ചു. ഈ മൂന്നു വെള്ളച്ചാട്ടങ്ങളും കുറച്ചുകൂടി വ്യക്തമായി കാണാന്‍ വേണ്ടി, അവിടെ സമീപമായി വെള്ളച്ചാട്ടത്തിലേക്ക് തള്ളി നില്‍ക്കുന്ന ഒരു ഒബ്‌സര്‍വേഷന്‍ ബ്രിഡ്ജ് ഉണ്ടാക്കിയിട്ടുണ്ട്. അവിടെനിന്ന് വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത കുറച്ചുകൂടി ഭംഗിയായി ആസ്വദിച്ചു.
ഞങ്ങളുടെ നയാഗ്ര പര്യടനം അവിടംകൊണ്ട് അവസാനിച്ചില്ല. വ്യത്യസ്തമായ ഒരു വീക്ഷണകോണില്‍ നിന്ന്കൂടി വെള്ളച്ചാട്ടം കാണുവാനായി ഞങ്ങള്‍ കാനഡയിലേക്കുള്ള പാലമായ റെയിന്‍ബോ ബ്രിഡ്ജിലേക്ക് നടക്കാന്‍ തീരുമാനിച്ചു!. ഏതോ യൂട്യൂബ് വീഡിയോയില്‍ പാലം കയറി സന്ദര്‍ശകര്‍ അതിര്‍ത്തിയില്‍ നില്‍ക്കുന്നതായി കണ്ടിട്ടുണ്ട് എന്നു പറഞ്ഞ് മീനാക്ഷിയാണ് ഞങ്ങളെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയത്. ഒരു ഗേറ്റ് കടന്ന് ഞങ്ങള്‍ പാലത്തിലേക്ക് കയറി. അവിടെ പരിശോധനകള്‍ ഒന്നുമില്ലായിരുന്നു. പാലത്തിന്റെ മധ്യഭാഗത്തായാണ് അമേരിക്ക കാനഡ അതിര്‍ത്തി മാര്‍ക്ക് ചെയ്തിരിക്കുന്നത്. ഫോട്ടോയൊക്കെ എടുത്ത് തിരികെ എമിഗ്രേഷന്‍ ചെക്കിങ്ങ് കൗണ്ടറിലൂടെ കയറണമായിരുന്നു. അവിടെ എത്തിയപ്പോള്‍ അനുമതി ഇല്ലാതെ പോയതിനു പ്രശ്‌നം ഉണ്ടാകുമോ കാര്‍ത്തികിന് ചെറിയ ഭയം ഉണ്ടായിരുന്നു. പക്ഷെ കുഴപ്പമൊന്നുമില്ലാതെ തിരികെ ഇറങ്ങി. അവിടെ സമീപമായുള്ള സുവനീര്‍ ഷോപ്പില്‍ നിന്നു ഞങ്ങള്‍ ഫ്രിഡ്ജ് മഗ്‌നറ്റുകള്‍ വാങ്ങി ബസ് പാര്‍ക്കിങ്ങിലേക്ക് നടന്നു. ഞങ്ങള്‍ക്ക് തിരികെ പോകുവാനുള്ള സമയം ആയിരുന്നു. ബസില്‍ അപ്പോഴേക്കും സഹയാത്രക്കാരെല്ലാം കയറി കഴിഞ്ഞിരുന്നു. നയാഗ്രക്ക് അടുത്തുള്ള ബഫല്ലോ (Buffalo) യിലുള്ള ഒരു മാളിലെ ഫുഡ് കോര്‍ട്ടില്‍ നിന്നും ഭക്ഷണത്തിനുശേഷം ഞങ്ങള്‍ ന്യൂയോര്‍ക്കിലേക്ക് മടക്കയാത്ര ആരംഭിച്ചു.
നയാഗ്ര വെള്ളച്ചാട്ടത്തോട് വിടപറയുമ്പോള്‍, ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഓര്‍മ്മകളാണ് കൂടെ കൊണ്ടുപോരുന്നത്. കാനഡ ഭാഗത്ത് നിന്നുള്ള ദൃശ്യവും, രാത്രിയിലെ വെള്ളച്ചാട്ടങ്ങളുടെ ദീപാലകൃതമായ കാഴ്ചയും, ശൈത്യകാലത്ത് തണുത്തുറയുന്ന വെള്ളച്ചാട്ടവും കാണാനുള്ള ഉള്ള ആഗ്രഹം ബാക്കി. എന്നും മനസ്സില്‍ ഓര്‍ത്തിരിക്കുന്ന ഒരു യാത്ര, അത്ഭുതവും സാഹസികതയും നിറഞ്ഞതും പ്രകൃതിയുടെ നിഷേധിക്കാനാവാത്ത ശക്തിയും സൗന്ദര്യവും മനസ്സിലാക്കിയ ഒരു യാത്ര, ഒപ്പം പുതിയ സഹൃദങ്ങളും.
Content Highlights: niagara water falls, usa, rainbow bridge, travel