അയാളത് തുറന്നു പറഞ്ഞപ്പോള്‍ എന്റെയുള്ളിലെ അപകര്‍ഷതയുടെ പാറക്കൂട്ടങ്ങള്‍ അലിഞ്ഞില്ലാതായി

കോളേജ് വിദ്യാഭ്യാസകാലത്തെ ഓര്‍മകളില്‍ നിന്ന് ഞാന്‍ മോചിപ്പിക്കപ്പെട്ടിരുന്നില്ല. അവിടെ നിന്ന് എനിക്ക് കിട്ടിയ മനുഷ്യരും അവരുടെ വേദനകളും ഓരോ നിമിഷവും എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. അതില്‍നിന്നുള്ള രക്ഷപ്പെടലിനായി പുസ്തകങ്ങളില്‍ അഭയം പ്രാപിച്ചു. ഹൃദയം നിലച്ചുപോകുമെന്ന് തോന്നുന്ന അവസ്ഥകളില്‍ കവിതകളെഴുതി. കായലിറമ്പത്ത് ചുറ്റിനടന്നു. പണ്ട് അമ്മ കൊയ്യാനിറങ്ങുമ്പോള്‍ എന്നെയിരുത്തിയ പാടവരമ്പും എന്റെ നേരെ ഇഴഞ്ഞുവന്ന പാമ്പും എഴുന്നേറ്റ് ഓടാനാകാതെ ഭയന്ന് നിലവിളിച്ച എന്നെയും ഓര്‍ത്ത് ഞാനവിടെ കുറേനേരമിരിക്കുമായിരുന്നു. എനിക്ക് ഏറെ ഇഷ്ടമുള്ള കൈതപ്പൂക്കളും പാമ്പിന്‍ മാളത്തെ ഒളിപ്പിച്ച കൈതക്കാടും കൈതപ്പൂക്കളുടെ ലഹരിപിടിപ്പിക്കുന്ന മണവും അവിടെയില്ലായിരുന്നു. ഒക്കെയും രൂപാന്തരം പ്രാപിച്ചിരിക്കുന്നു. എനിക്ക് പരിചിതമല്ലാത്ത മറ്റൊരു പ്രകൃതിയും അവയ്ക്ക് പരിചയമില്ലാത്ത മറ്റൊരു ഞാനുമായിരുന്നു അത്. വര്‍ഷാവര്‍ഷം കൃഷിയിറക്കാറുള്ള പാടങ്ങള്‍ വെറും വെള്ളക്കെട്ടുകള്‍ മാത്രമായി. അതിലാകെ ആമ്പലുകളും പായല്‍പ്പോളകളും കൊണ്ട് നിറഞ്ഞു. പാടവരമ്പത്തെ കാക്കപ്പൂവും കമ്മല്‍പ്പൂക്കളും ഓര്‍മകളില്‍ മാത്രം പൂവിട്ടുനിന്നു.
നാട്ടുവഴികളും ഇടവഴികളുമെല്ലാം ടാറുപാകിയ റോഡുകളായി. കൈത്തോടുകള്‍ നികത്തി അവിടെ പുതിയ വീടുകള്‍ വന്നു. എന്റെ ജനാലയിലൂടെയുള്ള കാഴ്ചകളും മാറിയിരുന്നു. എന്റെ വീടിനു മുന്നിലെ തോടിനു കുറുകെയുള്ള തടിപ്പാലം മാറ്റി കോണ്‍ക്രീറ്റ് പാലം വന്നു. അമ്മിണിയമ്മ തൂങ്ങിച്ചത്ത അമ്പഴമരം മുറിച്ചുമാറ്റിയിരുന്നു. അയല്‍പക്കത്തുള്ള എന്റെ കൂട്ടുകാരൊക്കെ സുന്ദരികളും സുന്ദരന്മാരുമായി. പെണ്‍കുട്ടികളൊക്കെ മുടി നീട്ടി വളര്‍ത്തിയും കരിമഷിയെഴുതിയും പൊട്ടുതൊട്ടും അതീവ സുന്ദരികളായി കാണപ്പെട്ടു. അവരുടെ ചുരുണ്ടതും മിനുമിനുത്തതുമായ രോമം നിറഞ്ഞ കാലുകളെ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു. ആണ്‍കുട്ടികള്‍ക്ക് മീശ മുളച്ചു. അവരുടെ കവിളുകളില്‍ മുഖക്കുരു വന്ന് ചുവന്നു കൂമ്പി. രണ്ടു കാര്യങ്ങള്‍ മാത്രമായിരുന്നു മാറ്റമില്ലാതായി നിന്നിരുന്നത്. അതിലൊന്ന് പാടവരമ്പത്തെ കൈതക്കാടിനോട് ചേര്‍ന്നുനില്‍ക്കുന്ന മുരിക്ക് മരം. അതിന്റെ തടിയുടെ ഒത്ത നടുക്ക് നിന്നും കുറച്ചുഭാഗം പുറത്തേയ്ക്ക് തള്ളിനിന്നിരുന്നതിനാല്‍ അതിനെ നാട്ടിലെ ആണ്‍കുട്ടികള്‍ ഒറ്റമുലച്ചി എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. അതിന്റെ രക്തവര്‍ണമുള്ള പൂക്കളോട് എനിക്ക് നല്ല ഇഷ്ടമായിരുന്നു. പണ്ടൊക്കെ ആ പൂവ് കയ്യിലെടുക്കുമ്പോള്‍ കുട്ടിയമ്മ വഴക്കിടുമായിരുന്നു. എന്നിട്ടു പറയും 'അതുകൊണ്ട് കളിക്കാന്‍ പാടില്ല കൊച്ചെ, കണ്ണുപൊട്ടിപ്പോകും'. പിന്നീട് അതോര്‍ക്കുമ്പോഴൊക്കെ എനിക്ക് ചിരിവരുമായിരുന്നു. രണ്ടാമത്തേത് കുട്ടിക്കാലത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ട ആ വിചിത്രമായ ശബ്ദം കേട്ടിരുന്നയിടത്തെ ആ ഭീമന്‍ കശുമാവായിരുന്നു. എന്തൊക്കെയോ അന്ധവിശ്വാസങ്ങള്‍ ആ പറമ്പിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നതുകൊണ്ടാവാം അവിടുത്തെ മരം മുറിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. മുതിര്‍ന്നപ്പോള്‍ പലതവണ ഞാനാ കാട്ടുപറമ്പില്‍ പോയിരിക്കാറുണ്ടായിരുന്നു. ഭ്രാന്തന്‍ മോഹനന്റെ ശബ്ദം എന്റെ ഓര്‍മ്മകള്‍ തുളച്ച് എനിക്കു ചുറ്റും മുഴങ്ങിക്കേള്‍ക്കുമായിരുന്നു. മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കുമിടയില്‍ ഓര്‍മകളുടെ ദൂരം മാത്രമേ ഉള്ളൂ എന്നെനിക്ക് തോന്നി.
Content Highlights: remya thuravoor pathiyatha kalppadukal autobiography