കുറേ വര്‍ഷം പിന്നോട്ട് പോയപോലെ ഒരിടം; വീണ്ടും രാജസ്ഥാനിലേക്ക് | ജീവിതം എന്ന തീക്കടൽ | ആത്മകഥ 10

യുദ്ധ പരിശീലന ക്യാമ്പ് കഴിഞ്ഞ് രാജസ്ഥാനില്‍ നിന്നും ദേവലാലിയില്‍ തിരിച്ചെത്തി. ദേവലാലിയിലെ വെറും ഒരു ദിവസത്തെ പരിചയംകൊണ്ട് അന്ന് ആ സ്ഥലത്തെപ്പറ്റി മനസ്സിലാക്കാന്‍ കൂടുതല്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ശരിക്കുള്ള സൗന്ദര്യം കാണുന്നത്. ഒന്നാന്തരം കാലാവസ്ഥ. വൈകുന്നേരങ്ങളില്‍ ഉള്ള ചെറിയ കാറ്റ്, മുമ്പ് നാട്ടില്‍ കൂട്ടുകാരോടൊത്ത് കണ്ടന്‍ചിറ പാലത്തില്‍ ഇരിക്കുമ്പോള്‍ അടിക്കുന്ന അതേ കാറ്റ് തന്നെ. 'മൂക്കില്ലാ നാട്ടില്‍ മുറിമൂക്കന്‍ വമ്പന്‍'എന്ന് നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ടല്ലോ. സ്വതവേ വിദ്യാഭ്യാസം കുറഞ്ഞ വടക്കേ ഇന്ത്യക്കാരുടെ ഇടയില്‍ നമുക്ക് ഒരു പ്രാധാന്യമുണ്ട്. മാത്രമല്ല നമ്മള് കേരളക്കാര് പൊതുവേ വിദ്യാഭ്യാസവും കഴിവും ഉള്ളവരാണ് എന്നുള്ള ഒരു മുന്‍വിധി മറ്റുള്ളവരുടെ ഇടയിലുണ്ട്. അതുകൊണ്ടുതന്നെ ദേവലാലിയില്‍ തിരിച്ച് വന്നതിനുശേഷവും എനിക്ക് നല്ലൊരു ഡ്യൂട്ടി തന്നെ കിട്ടി. 'പരേഡ് സ്റ്റേറ്റ്' ഉണ്ടാക്കുക, മറ്റുള്ളവര്‍ക്ക് രാത്രികാല ഡ്യൂട്ടികള്‍ തരംതിരിച്ചുകൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് ഞാനായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സമയവും ലഭ്യമായിരുന്നു.
പിന്നെ മറ്റൊരു രസകരമായ കാര്യമുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ലങ്കറില്‍ രാത്രി ഭക്ഷണത്തിന്റെ കൂടെ ഇറച്ചിക്കറി ഉണ്ടായിരുന്നു. പിന്നീട് നിര്‍ത്തിയെങ്കിലും ആ കാലങ്ങളില്‍ ഈ മൂന്ന് ദിവസം ജവാന്മാര്ക്ക് സൗജന്യമായി ഓരോ പെഗ് വീതം മദ്യവിതരണം ഉണ്ടായിരുന്നു. എന്നെപ്പോലെ അപൂര്‍വം ചില 'നോണ്‍ ഡ്രിങ്കര്‍' മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എന്റെ വിഹിതത്തിലുള്ള ആ ഒരു പെഗ് മദ്യം കിട്ടാന്‍ വേണ്ടി എന്റെ സീനിയേഴ്സ് ഒക്കെ എന്നോട് നല്ല രീതിയില്‍ പെരുമാറുമായിരുന്നു. ഞാനുമായി അടുത്ത് ബന്ധപ്പെട്ട സീനിയേഴ്സിന് ഞാന്‍ എന്റെ വിഹിതം മാറി മാറി കൊടുത്തിരുന്നതുകൊണ്ട് അവര്‍ക്ക് എന്നോട് നല്ല സ്നേഹവും. എനിക്കത് ഗുണവും ചെയ്തിട്ടുണ്ട്.
Content Highlights: Lieutenant Colonel Surendran M.K.'s autobiography Jeevitham enna theekkadal chapter 10