പുതിയ ഉത്തരവാദിത്വത്തിലേക്കുള്ള യാത്ര; ആരുമില്ലാതെ മരുഭൂമിയില്‍ | ജീവിതം എന്ന തീക്കടൽ | ആത്മകഥ 09

അവധി കഴിഞ്ഞ് വീണ്ടും ഹൈദരാബാദില്‍ തിരിച്ചെത്തി. ഇനി അടുത്ത ട്രെയിനിങ്ങിനുള്ള തയ്യാറെടുപ്പാണ്. അത് അത്ര കഠിനമല്ലെന്നാണ് കേട്ടത്. കഴിഞ്ഞ 20 ആഴ്ചത്തെ 'ബേസിക് ട്രെയിനിങ്ങ്' എല്ലാവര്‍ക്കും ഒന്നാണെങ്കിലും ഇനിയങ്ങോട്ട് ഓരോരുത്തരുടെയും 'ട്രേഡ്' സംബന്ധമായ ട്രെയിനിങ്ങ് ആണ്. എന്റെ ട്രേഡ് 'ഗണ്ണര്‍' അഥവാ പീരങ്കി ഭടന്‍ ആണ്. യുദ്ധകാലത്ത് പീരങ്കിയെ നയിക്കേണ്ട സംഘത്തിലെ ഒരാള്‍. പീരങ്കികളെ ഏതുസമയത്തും തയാറാക്കി വെയ്ക്കണം. ഇവിടെനിന്നും വെയ്ക്കുന്ന പീരങ്കിവെടി കിലോമീറ്ററുകള്‍ക്കപ്പുറം എവിടെയോ കിടക്കുന്ന ശത്രുവിന്റെ താവളത്തില്‍ പോയി ചെന്നെത്തണം. അതിന് പല കണക്കുകളും ഉണ്ട്. അതൊക്കെ പഠിച്ചെടുക്കണം. മറ്റ് തോക്കുകളും കാര്‍ബെയിനും ചെറിയ മെഷീന്‍ ഗണ്ണും ഒക്കെ ഉപയോഗിച്ചുള്ള ഫയറിങ്ങില്‍ നൈപുണ്യം നേടണം. ഇതിനൊക്കെയായി ഇനിയും ആറുമാസത്തെ ട്രെയിനിങ്ങ് ഉണ്ട്. നാട്ടില്‍ പോയി വന്നതിനുശേഷമാണ് കൂടുതല്‍ പ്രയാസം തോന്നിയത്. വീണ്ടും അവിടുത്തെ പരിസ്ഥിതിയുമായി ഒത്തുപോരാന്‍ വളരെ പ്രയാസപ്പെട്ടു. എപ്പോഴും വീട്ടിലെയും നാട്ടിലെയും ഓര്‍മ മാത്രം.
ട്രേഡ് സംബന്ധമായ 'അഡ്വാന്‍സ് ട്രെയിനിങ്ങ്' തുടങ്ങി. ഇപ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ട്. ഒരു ദിവസം എന്നെ കാണാന്‍ സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചിരുന്ന മറ്റൊരു സുഹൃത്തായ ശശി അവിടെ വന്നു. ശശി നാട്ടുകാരനും ഞങ്ങളുടെ ക്ലബ്ബിനോട് എപ്പോഴും മത്സരിച്ച് ജയിക്കാറുള്ള ക്ലബ്ബിലെ ഒരു മെമ്പറുമായിരുന്നു. ശശിയുടെ ജ്യേഷ്ഠന് ഹൈദരാബാദില്‍ ആയിരുന്നു ജോലി. ശശി അങ്ങനെ ജോലി അന്വേഷിച്ച് അവിടെ എത്തിയതാണ്. എന്നെക്കാളും നാലുമാസം മുമ്പ് അവന്‍ ഹൈദരാബാദില്‍ വന്നിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അവന്‍ ഒരു ദിവസം ആര്‍മിയില്‍ ആളെ എടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ട് അതിനായി വന്നതാണ്. ഞാന്‍ ഹൈദരാബാദ് സെന്ററില്‍ ഉണ്ടെന്ന കാര്യം അറിഞ്ഞിട്ട് എന്നെ കാണാന്‍ വേണ്ടി അങ്ങോട്ട് വന്നു. വൈകുന്നേരം ആയതിനാല്‍ തിരിച്ചുപോകാനുള്ള അസൗകര്യം ആലോചിച്ച് ഞാന്‍ എന്റെ മേലുദ്യോഗസ്ഥരോട് അനുവാദം വാങ്ങി ശശിയെ അന്ന് രാത്രി അവിടെ തന്നെ താമസിക്കാന്‍ അനുവദിച്ചു.
Content Highlights: Lieutenant Colonel Surendran M.K.'s autobiography Jeevitham enna theekkadal