കാത്തിരിപ്പിന്റെ അന്ത്യം; ആര്‍മി ട്രെയിനിങ് കഴിഞ്ഞ് വീട്ടിലേക്ക് | ജീവിതം എന്ന തീക്കടൽ | ആത്മകഥ 08

#ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(റിട്ട.)
പ്രതീകാത്മക ചിത്രം | Photo: Special arrangement
പ്രതീകാത്മക ചിത്രം | Photo: Special arrangement

നാലാഴ്ച കഴിഞ്ഞാല്‍ ട്രെയിനിങ്ങ് തീരും. അവസാനത്തെ ആഴ്ച എല്ലാം പരീക്ഷകളാണ്. അതിലൊക്കെ ജയിച്ചാല്‍ മാത്രമേ നാട്ടിലേക്ക് വിടൂ. അതുകൊണ്ടുതന്നെ ട്രെയിനിങ്ങിന്റെ കാഠിന്യവും കൂടി. മുണ്ട് ഉടുത്ത് നഗ്‌നപാദനായി നാട്ടില്‍നിന്ന് വന്ന എനിക്ക് ഇനി അങ്ങനെ തിരിച്ച് പോകാന്‍ പറ്റില്ലല്ലോ. ബനിയാ കാന്റീനിനടുത്ത് തന്നെയാണ് തയ്യല്‍ കടയും. കാന്റീനില്‍നിന്നും ഒരു പാന്റിന് വേണ്ടുന്ന തുണിയെടുത്ത് തയ്യല്‍ക്കാരന് തയ്ക്കാന്‍ കൊടുത്തു. ജീവിതത്തിലെ ആദ്യത്തെ പാന്റ്  ആണ്, മോശമാകരുത്. ഷര്‍ട്ട് പുതുതായി തുന്നിയില്ല. പകരം ചുവപ്പും വെള്ളയും കലര്‍ന്ന ഒരു ടീഷര്‍ട്ട് വാങ്ങി. പാന്റിന്റെ തുണിയുമായി ഒത്തുനോക്കി. മോശമില്ല, യോജിക്കുന്നുണ്ട്. ട്രെയിനിങ്ങ് കഴിയുമ്പോഴേക്കും പാന്റ് തയ്ച്ചു കിട്ടും..

ഇരുപതാഴ്ച വിയര്‍പ്പൊഴുക്കിയതിന്റെ പരിണിതഫലം. പട്ടാളത്തില്‍ ഒരു ചൊല്ലുണ്ട്.  'സമാധാനകാലത്ത് എത്രയും കൂടുതല്‍ വിയര്‍ക്കുന്നുവോ യുദ്ധകാലത്ത് അത്രയും കുറവേ രക്തം കളയേണ്ടതുള്ളൂ.' എല്ലാവര്‍ക്കും അവധിക്ക് പോകാനുള്ള അനുമതിപത്രം കിട്ടി. ട്രെയിനിങ്ങ് സമയത്ത് അടിസ്ഥാന ശമ്പളം 175 രൂപയായിരുന്നു. മറ്റു വേതനങ്ങളൊക്കെ ചേര്‍ത്ത് മാസശമ്പളം 400 രൂപയോളം വരും. അവധിക്ക് വരുമ്പോള്‍ ഒന്നിച്ച് തരാനായി അതിന്റെ ഒരു ഭാഗം പിടിക്കുന്നുണ്ടായിരുന്നു. എങ്കിലും എല്ലാമാസവും കിട്ടുന്നതിന്റെ ഒരു ഭാഗം അമ്മയ്ക്ക് മണിയോര്‍ഡര്‍ അയക്കുമായിരുന്നു. ഇന്നിപ്പോള്‍ നാട്ടില്‍ പോകുന്നതുകൊണ്ട് 1000 രൂപയോളം ഒന്നിച്ച് കൈയില്‍ തന്നു. നേരെ പോയത് സി.എസ്.ഡി. എന്ന മിലിറ്ററി കാന്റീനിലേക്കാണ്. അവിടെ നമുക്ക് സാധനങ്ങള്‍ക്ക് നികുതി ഇളവുണ്ട്. വീട്ടില്‍ എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങണം. ജ്യേഷ്ഠനുവേണ്ടി ഒരു 'കോഹിനൂര്‍' വാച്ച് വാങ്ങി. അത് കൈയില്‍ കെട്ടിനോക്കി. നല്ല തിളക്കം, ജ്യേഷ്ഠന് അത് നന്നായി ചേരും.

Content Highlights: Lieutenant Colonel Surendran M.K.'s autobiography Jeevitham enna theekkadal

Continue reading