പാക് സൈന്യത്തിന്റെ വെടി നെഞ്ചിൽതറച്ചു, നക്ഷത്രംവെച്ചുതന്ന തോളില്‍ അമ്മ കണ്ടത് ജീവനില്ലാത്ത വലതുകൈ

എന്റെ ജീവിതകഥയെ ഞാന്‍ മൂന്ന് പ്രധാന ഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്. ഓരോ ഭാഗവും ഓരോ വഴിത്തിരിവിന്റെയും വെല്ലുവിളിയുടെയും, അതിജീവനത്തിന്റെയും കഥയാണ്. ഒരു സാധാരണ പട്ടാളക്കാരനായി ജീവിതം തുടങ്ങി സ്വപ്രയത്‌നത്തിലൂടെ, വഴിയിലെ കല്ലുകളും മുള്ളുകളും അതിജീവിച്ച്, ഒരു ഓഫീസര്‍ ആയതുതന്നെയാണ് ജീവിതത്തിലെ ആദ്യത്തെ വെല്ലുവിളി. രണ്ടാമത്തെ വഴിത്തിരിവും, വെല്ലുവിളിയും, അതിജീവനവും ഇവിടെ ആരംഭിക്കുകയാണ്.
കിഴക്കന്‍ ഗ്ലേസിയറിന്റെ ആസ്ഥാനമാണ് റീവാടി കോംപ്ലക്‌സ് എന്ന 16000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഞാന്‍ ഇപ്പോഴുള്ള സ്ഥലം. അവിടെനിന്നാണ് ഇന്ത്യ പാകിസ്താൻ അതിര്‍ത്തികളിലുള്ള നമ്മുടെ പോസ്റ്റുകളിലേക്ക് നിയമിക്കപ്പെടുന്നത്. ഏതാനും ദിവസം അവിടുത്തെ ചുമതല എനിക്കായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് എന്നെ അവിടെനിന്നും അതിര്‍ത്തിയിലുള്ള ഒരു പോസ്റ്റിലേക്ക് മാറ്റി. കമാന്‍ഡര്‍ എന്ന നിലയില്‍ ഞാനും പിന്നെ നാലോ അഞ്ചോ ജവാന്മാരും മാത്രം. മഞ്ഞ് മലകള്‍ക്കിടയിലുള്ള വിടവുകളില്‍ നമുക്ക് സൗകര്യമുള്ളതും പാകിസ്താന്റെ ചലനങ്ങള്‍ കാണാന്‍ സാധിക്കുന്നതുമായ ഇടങ്ങളില്‍ ബങ്കറുകള്‍ ഉണ്ടാക്കി അവിടെ കഴിയണം. ദൂരദര്‍ശിനികളും രാത്രിക്കാഴ്ചാ ഉപകരണങ്ങളും ഒക്കെയായി ഏതുസമയവും ജാഗ്രതയോടുകൂടി ഇരിക്കുക.
Content Highlights: Lieutenant Colonel Surendran M.K. writes days of enemies attack army memories