ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയില്‍വെച്ച് തറച്ച വെടിയുണ്ട; യൂണിഫോം പോക്കറ്റിന് താഴെ ഒരലങ്കാരം കൂടി!

കോയമ്പത്തൂര്‍കാരനായ ഡ്രൈവര്‍ രാജകുമാറിനെയും കൂട്ടി ഞാനും സുധയും ശ്രദ്ധയും കൂടി റാണിക്കേത്തിലേക്ക് തിരിച്ചു. കുട്ടികള്‍ ഓരോരുത്തരായി ഞങ്ങളില്‍ നിന്നും അകലാന്‍ തുടങ്ങി. ഇനി ശ്രീരാഗിന് അവന്റെ കോളേജും ഹോസ്റ്റല്‍ ജീവിതവും. കഴിഞ്ഞ രണ്ടു വര്‍ഷം ഞാന്‍ ഒറ്റയ്ക്കും അവര്‍ ഒന്നിച്ചുമായിരുന്നു. റാണിക്കേത്ത് എന്ന സ്ഥലം ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഒരു ഹില്‍സ്റ്റേഷനാണ്. ഉത്തരാഖണ്ഡ് മുമ്പ് ഉത്തരപ്രദേശിന്റെ ഭാഗമായിരുന്നു. പുതിയ സംസ്ഥാനം രൂപം കൊണ്ടിട്ട് കുറച്ച് വര്‍ഷമേ ആയുള്ളൂ. ദേവഭൂമി എന്നാണ് ഉത്തരാഖണ്ഡിനെ വിളിക്കാറ്. അതായത് ദൈവങ്ങളുടെ നാട്. 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' ജനിച്ച ഞാന്‍ ഇനി 'ദൈവങ്ങളുടെ നാട്ടിലേക്ക്'. അതിരാവിലെ തന്നെ ഗ്വാളിയറില്‍ നിന്നും പുറപ്പെട്ടു.
500 കിലോമീറ്ററില്‍ കൂടുതല്‍ പോകാനുണ്ട്. ഞങ്ങള്‍ മൂന്നുപേരും വണ്ടി മാറി മാറി ഓടിച്ചു. രാത്രികാലങ്ങളില്‍ റാണിക്കേത്തിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. റാണിക്കേത്തിലേക്കുള്ള കുന്നുകള്‍ തുടങ്ങുന്നതിന് മുമ്പ് കാതുഗോദാം എന്ന് പറയുന്ന ഒരു സ്ഥലമുണ്ട്. അവിടെ ആര്‍മിയുടെ ഒരു ട്രാന്‍സിറ്റ് ക്യാമ്പ് ഉണ്ട്. കാതുഗോദാം ആ മേഖലയിലെ അവസാനത്തെ റെയില്‍വേ സ്റ്റേഷന്‍ കൂടിയാണ്. റാണിക്കേത്ത് യൂണിറ്റുകളിലേക്ക് പോകാനുള്ളവരൊക്കെ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടാണ് പോവുക. അവിടെനിന്നും റാണിക്കേത്തിലേക്ക് 75 കിലോമീറ്റര്‍ ഉണ്ട്. രാത്രി അവിടെ താമസിച്ചിട്ട് പിറ്റേന്ന് രാവിലെ മാത്രം അവിടെ നിന്നും പോയാല്‍ മതിയെന്നാണ് എനിക്ക് കിട്ടിയ ഉത്തരവ്.
Content Highlights: Lieutenant Colonel Surendran M.K. writes autobiography Jeevitham enna theekkadal