ഇടത്തും വലത്തും അമ്മയും ഭാര്യയും നക്ഷത്രം അണിയിച്ചു; സെക്കന്റ് ലെഫ്റ്റ്‌നന്റിലേക്കുള്ള 16 വര്‍ഷം!

പുതിയ മാറ്റം പഞ്ചാബിലെ ജലന്തറിലേക്കാണ്. രണ്ട് യൂണിറ്റുകള്‍ തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്ഥലംമാറ്റമാകുമ്പോള്‍ ഔദ്യോഗികമായി പല കാര്യങ്ങളും ഏറ്റെടുക്കുകയും ഏല്‍പ്പിക്കേണ്ടതുമുണ്ട്. അതിനുവേണ്ടി ഒരു ഓഫീസറുടെ കീഴില്‍ കുറച്ചുപേര്‍ മുന്‍കൂട്ടി പുതിയ സ്ഥലത്തേക്ക് പോകണം. അതിനെ 'അഡ്വാന്‍സ് പാര്‍ട്ടി' എന്നാണ് വിളിക്കാറ്. അതുപോലെ എല്ലാ കാര്യങ്ങളും ഏല്‍പ്പിച്ച് തിരിച്ചുവരുന്നതുവരെ ഒരു പാര്‍ട്ടി പഴയ സ്ഥലത്ത് തന്നെ നില്‍ക്കും. അതിനെ 'റിയര്‍ പാര്‍ട്ടി' എന്നും വിളിക്കും. റെജിമെന്റിലെ പല ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്നവര്‍ ആയിരിക്കും ഇവര്‍. അതുകൊണ്ടുതന്നെ ഇതില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ഞാന്‍ എപ്പോഴും ഉണ്ടാവും.
ഇത്തവണ അഡ്വാന്‍സ് പാര്‍ട്ടിയിലാണ് ജലന്തറിലേക്ക് വന്നത്. കത്തുവയിലെ അവസാന നാളുകളില്‍ ഞാന്‍ സുധയെയും മകനെയും നാട്ടില്‍ വിട്ടിരുന്നു. ഫാമിലി ക്വാർട്ടറിന്റെ അഭാവംകൊണ്ടുതന്നെ എല്ലാ ജവാന്മാര്‍ക്കും സ്ഥിരമായി ഫാമിലി വെക്കാനുള്ള അവസരം കിട്ടാറുമില്ല. നിര്‍ബന്ധമുള്ളവര്‍ക്ക് വെളിയില്‍ വാടകയ്ക്ക് താമസിക്കാനുള്ള അനുമതി കിട്ടും. കട്ടുവയില്‍ രണ്ടുവര്‍ഷം സര്‍ക്കാര്‍ വകയുള്ള താമസസൗകര്യം ഉപയോഗിച്ചതുകൊണ്ട് തന്നെ ജലന്തറില്‍ എനിക്ക് പുറത്ത് വാടകയ്ക്ക് വീട് എടുക്കേണ്ടിവന്നു. വാടക വീട് റെജിമെന്റിന് പുറത്തുള്ള ഒരു ഗ്രാമത്തില്‍ ആയിരുന്നതുകൊണ്ട് തന്നെ പോകാനും വരാനുമുള്ള സൗകര്യത്തിനായി ഒരു സ്‌കൂട്ടര്‍ വാങ്ങാം എന്ന് തീരുമാനിച്ചു. അങ്ങനെ എന്റെ ആദ്യത്തെ വാഹനമായ ബജാജ് ചേതക്ക് സ്‌കൂട്ടര്‍ ജലന്തറില്‍വെച്ച് വാങ്ങി. അന്ന് ഡ്രൈവിംഗ് പഠിച്ചിരുന്നില്ല. സുഹൃത്തും 'സ്റ്റോര്‍ കീപ്പിംഗ് ടെക്‌നീഷ്യന്‍ ക്ലര്‍ക്കും' ആയിരുന്ന എറണാകുളംകാരന്‍ ഹവില്‍ദാര്‍ സുധീര്‍ ആണ് സ്‌കൂട്ടര്‍ വാങ്ങാന്‍ കൂടെ വന്നതും പിന്നീട് എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചതും.
Content Highlights: Lieutenant Colonel Surendran M.K. writes army memories