പണിയെടുക്കുന്നവര്‍ എടുത്തുകൊണ്ടേയിരിക്കും, തട്ടിപ്പുകാര്‍ പിന്നെയും പറ്റിച്ചുകൊണ്ടേയിരിക്കും...

'ജാട്ട് റെജിമെന്റല്‍ സെന്റര്‍, ബറേലി'. ബറേലി എന്ന പേര് കേള്‍ക്കുമ്പോള്‍ ഹിന്ദി അറിയാവുന്ന ഏതൊരാളുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് 1966-ല്‍ ഇറങ്ങിയ പഴയ ഒരു ഹിന്ദി സിനിമ പാട്ടാണ്. 'ജുംക ഗിരാ രെ ബറേലി കാ ബജാര്‍ മേം'. വലിയ അര്‍ത്ഥമൊന്നുമില്ലെങ്കിലും ആ ഒരു പാട്ടിലൂടെ തന്നെ ബറേലി എന്ന ബജാറും, അവിടുത്തെ ജുംകയും (കമ്മല്‍) ലോകപ്രശസ്തമാകുകയായിരുന്നു. നമ്മുടെ മലയാളത്തിലും അമ്മയുടെ കമ്മലിനെ കുറിച്ച് ഒരു സിനിമ പാട്ട് ഉണ്ടായിരുന്നു. കുറച്ചുകാലം അത് എല്ലാവരും പാടി നടന്നതാണെങ്കിലും, ഈ പാട്ട് അങ്ങനെയല്ല. കഴിഞ്ഞ 57 വര്‍ഷമായിട്ടും അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. 'മേരാ സായ' എന്ന ഹിന്ദി സിനിമക്കുവേണ്ടി ആശാ ബോസ്‌ലെ പാടിയ ഗാനം സാധന എന്ന നടി സിനിമയില്‍ തകര്‍ത്താടി. പാട്ടിലെ ജുംക്കയും ബറേലി ബജാറുമായി ഒരു ബന്ധമില്ലെങ്കിലും അതിനടിസ്ഥാനമാക്കി പല കഥകളും പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു ജവാന്റെ ഭാര്യയുടെ കമ്മല്‍ ബജാറില്‍ നഷ്ടപ്പെട്ടതിനെ അടിസ്ഥാനമാക്കിയാണ് ഈ പാട്ട് വന്നതെന്ന് ചിലര്‍ പറയുന്നുവെങ്കില്‍, മറ്റുള്ളവര്‍ അത് അമിതാബച്ചന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയകഥയുമായി ബന്ധപ്പെടുത്തിയും പറയുന്നുണ്ട്. ഏതായാലും ഒരു പാട്ടിലെ വരികള്‍ കാരണം ഒരു നഗരം തന്നെ പ്രസിദ്ധമാകുന്നത് ഇത് ആദ്യമായിട്ടായിരിക്കണം.
ഇന്ന് ഞാന്‍ ഇതെഴുതുമ്പോള്‍ അറിയാന്‍ കഴിഞ്ഞത് രസകരമായ മറ്റൊരു വിവരമാണ്. ജുംക്ക കാരണം പ്രസിദ്ധമായ ബറേലിയില്‍ ഇന്ന് അവിടെ ലക്‌നോ ഡല്‍ഹി ഹൈവേയില്‍ ബറേലിയിലേക്ക് പ്രവേശിക്കുന്നിടത്ത് 14 മീറ്റര്‍ ഉയരത്തിലുള്ള ഒരു തൂണില്‍ 200 കിലോ ഭാരം ഉള്ള പിച്ചളയും ചെമ്പും ചേര്‍ത്ത് നിര്‍മിച്ച ഒരു വലിയ ജുംക്ക തന്നെ കെട്ടിത്തൂക്കിയിട്ട് ആ സ്ഥലത്തിന് 'ജുംക്ക ചോഹ്രായ' എന്ന് പേര് നല്‍കിയിട്ടുണ്ട് എന്നതാണ്. അത്യാവശ്യ സാധനങ്ങളുമായി എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ വിമാനമുള്ള റൂട്ട് ആകുമ്പോള്‍ നമുക്ക് അതില്‍ തന്നെ പോകേണ്ടതുണ്ട്. പ്രൈവറ്റ് എയര്‍ലൈന്‍സില്‍ പോയാല്‍ ചിലവ് ഗവണ്‍മെന്റ് തരില്ല. ഡല്‍ഹിയില്‍ നിന്നും ബറേലിയിലേക്ക് ട്രെയിനില്‍ ഒന്നാം ക്ലാസ് എസിയിലും മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. പക്ഷേ മുമ്പത്തെ പോലെ പുതുതായി ഒരു സ്ഥലത്തേക്ക് പോകുന്നതിന്റെ ഉത്സാഹം ഇല്ലായിരുന്നു. സുധയും, ശ്രദ്ധയും ബാംഗ്ലൂരില്‍. ശ്രീരാഗ് തമിഴ്‌നാട്ടില്‍. മറ്റു കുടുംബാംഗങ്ങള്‍ ഒക്കെ കണ്ണൂരില്‍. ഞാന്‍ ഇവരില്‍ നിന്നൊക്കെ വളരെ അകലത്തില്‍ ഉത്തര്‍പ്രദേശില്‍. കൂടാതെ ബറേലി എനിക്ക് ഒരു പുതിയ സ്ഥലമായിരുന്നില്ല. റാണിക്കേത്തില്‍ ഉള്ളപ്പോള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി ലക്‌നൗവിലും ബറേലിയിലും പോയിട്ടുണ്ട്. ഉത്സാഹമില്ലായ്മയുടെ കാരണം കണ്ടെത്തി.
Content Highlights: Lieutenant Colonel Surendran M.K.'s autobiography Jeevitham enna theekkadal chapter 25