കൈവിട്ടുപോയാൽ തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത പ്രത്യാഘാതങ്ങൾ; കരുതിയിരിക്കണം രക്താതിമർദം

നിശ്ശബ്ദനായ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗാവസ്ഥകളില്‍ പ്രധാനപ്പെട്ട ഒന്നാണ് രക്താതിമര്‍ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ എന്നത്. പ്രത്യക്ഷത്തില്‍ വലിയ സാന്നിദ്ധ്യമൊന്നും അറിയിക്കില്ലെങ്കിലും കൈവിട്ട് കഴിഞ്ഞാല്‍ പിന്നെ തിരിച്ച് പിടിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനുള്ള കഴിവ് രക്താതിമര്‍ദത്തിനുണ്ട് എന്നതുകൊണ്ടാണ് ഇതിനെ 'നിശ്ശബ്ദനായ കൊലയാളി' എന്ന് വിശേഷിപ്പിക്കുന്നത്. ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗാവസ്ഥകളില്‍ ഒന്ന് കൂടിയാണ് രക്താതിമര്‍ദം.
രണ്ട് തരം രക്താതിമര്‍ദ്ദങ്ങള്‍
രോഗത്തിന്റെ സ്വഭാവമനുസരിച്ച് രണ്ട് ഗണങ്ങളിലേക്ക് രക്താതിമര്‍ദത്തെ തരം തിരിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് പ്രാഥമിക രക്താതിമര്‍ദവും (പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്‍) രണ്ടാമത്തേത് ദ്വിതീയ രക്താതിമര്‍ദവും (സെക്കണ്ടറി ഹൈപ്പര്‍ ടെന്‍ഷന്‍) ആണ്. പാരമ്പര്യം, ഉപ്പിന്റെ അമിത ഉപയോഗം, വ്യായാമത്തിന്റെ കുറവ്, മനസിക സമ്മര്‍ദ്ദം തുടങ്ങിയ പൊതുവായ കാരണങ്ങള്‍ മൂലമോ പ്രത്യക്ഷത്തില്‍ വലിയ കാരണങ്ങളൊന്നും ഇല്ലാതെയോ കാണപ്പെടുന്ന രോഗാവസ്ഥയാണ് പ്രാഥമിക രക്താതിമര്‍ദം. എന്നാല്‍ മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന രക്താതിമര്‍ദ്ദത്തെ ദ്വിതീയ രക്താതിമര്‍ദം എന്ന ശ്രേണിയില്‍ ഉള്‍പ്പെടുത്തുന്നു. തൈറോയിഡിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍, സ്റ്റിറോയിഡ് മരുന്നുകളുടെ സ്ഥിരമായ ഉപയോഗം, അഡ്രിനൈൽ ഗ്രന്ഥിയെ ബാധിക്കുന്ന ചില അസുഖങ്ങല്‍, വേദന സംഹാരികളുടെ സ്ഥിരമായ ഉപയോഗം തുടങ്ങിയ നിരവധിയായ കാരണങ്ങള്‍ മൂലം ദ്വിതീയ രക്താതിമര്‍ദം കാണപ്പെടാം.
ചെറിയ പ്രായത്തിലുള്ളവരിലും പ്രായമായവരിലും കാണപ്പെടുന്ന രക്താതിമര്‍ദം കൂടുതലായും ദ്വിതീയ ഗണത്തില്‍ ഉള്‍പ്പെടുന്നവയായിരിക്കും കൂടാതെ പ്രാഥമിക രക്തസമ്മര്‍ദമാണെന്ന് കരുതി ചികിത്സ ആരംഭിക്കുകയും, മരുന്നുകള്‍ മാറി ഉപയോഗിച്ചിട്ടും രോഗം നിയന്ത്രണ വിധേയമാവാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ദ്വിതീയ രക്താതിമര്‍ദമാണോ എന്ന് സംശയിക്കേണ്ടി വരും.
പ്രത്യാഘാതങ്ങള്‍
രക്താതിമര്‍ദത്തെ നേരത്തെ തിരിച്ചറിയുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ നിരവധിയായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനിടയാക്കും. ഇതില്‍ പ്രധാനപ്പെട്ടവ ഇവയാണ്.
- വൃക്കളെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ സ്ഥായിയായ വൃക്ക പരാജയം വരെ .
- ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ഹൃദയാഘാതവും ഹൃദയസ്തംഭനവും വരെ.
- സ്‌ട്രോക്ക്
- കാഴ്ചസംബന്ധമായ തകരാറുകള്‍
രക്താതിമര്‍ദം തിരിച്ചറിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍
രക്താതിമര്‍ദം തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ അസുഖത്തെ നിയന്ത്രണ വിധേയമാക്കുവാനുള്ള നടപടികള്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നിര്‍ദ്ദിഷ്ടകാലയളവ് വരെ മുടക്കമില്ലാതെ തുടരുക എന്നതില്‍ വിട്ടുവീഴ്ച അരുത്. മരുന്നുകളുടെ ഉപയോഗം ഇടയ്ക്ക് വെച്ച് നിര്‍ത്തുകയോ, സ്വന്തം ഇഷ്ടപ്രകാരം ക്രമീകരിക്കുകയോ, അശാസ്ത്രീയമായ ചികിത്സാ രീതികള്‍ സ്വീകരിക്കുകയോ ചെയ്യരുത്. ഇവയെല്ലാം പലപ്പോഴും ഗുണത്തേക്കാള്‍ വലിയ ദോഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും.
ജീവിത ശൈലി ക്രമീകരണം നിര്‍ബന്ധമാണ്. രക്താതിമര്‍ദത്തിലേക്ക് നയിക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ബന്ധമായും ക്രമീകരിക്കണം. പൊണ്ണത്തടി കുറയ്ക്കുക, കൃത്യമായ അളവില്‍ വ്യായാമം ചെയ്യുക, ഉപ്പേരി, പപ്പടം, ഉണക്ക മത്സ്യം, അച്ചാര്‍ പോലുള്ള ഉപ്പ് കൂടുതലായി അടങ്ങിയ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുകയും ഉപ്പിന്റെ ഉപയോഗം ആവശ്യമെങ്കില്‍ രുചിക്ക് വേണ്ടി അല്‍പ്പം എന്ന രീതിയില്‍ മാത്രമാക്കുകയും ചെയ്യണം.
ജീവിത ശൈലീ രോഗങ്ങളുടെ ഒരു പ്രധാനപ്പെട്ട കാരണം മാനസിക സമ്മര്‍ദമാണ്. തൊഴില്‍പരമായും അല്ലാതെയുമുള്ള മാനസിക സംഘര്‍ഷം പുതിയ കാലത്തിന്റെ സവിശേഷത കൂടിയാണ്. അതിനാല്‍ തന്നെ മാനസിക സമ്മര്‍ദത്തെ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. പല അസുഖങ്ങള്‍ക്കും സ്വന്തം ഇഷ്ടപ്രകാരം മരുന്നുകള്‍ വാങ്ങിക്കഴിക്കുന്ന രീതി ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദ്ദേശത്തോട് കൂടി മാത്രമേ മരുന്നുകള്‍ ഉപയോഗിക്കുവാന്‍ പാടുള്ളൂ.
രക്താതിമര്‍ദത്തിനായി ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മരുന്ന് നിര്‍ദ്ദേശിച്ച അളവില്‍ എത്രകാലമാണോ കഴിക്കേണ്ടത് അത്രയും കാലം കഴിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മരുന്നിന്റെ അളവില്‍ ക്രമീകരണം നടത്തണം. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം മരുന്ന് ക്രമീകരിക്കുകയോ നിര്‍ത്തുകയോ ചെയ്യരുത്.
കോഴിക്കോട് വി. പി. എസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ ഡയറക്ടര്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ് ആണ് ലേഖകൻ
Content Highlights: world hypertension day, hypertension treatment, hypertension complications