അതിശക്തമായ ആ സുരക്ഷാഭിത്തിയും ഭേദിച്ച് പ്ലാസ്റ്റിക് തലച്ചോറിലുമെത്തി,തലപുകയ്‌ക്കേണ്ടി വരും ഗവേഷകര്‍

HEALTHY PULSE
#എം.കെ രാജശേഖരൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഞെട്ടൽ എന്ന വാക്കുകേട്ടാൽ ഇപ്പോഴാരും അത്ര ഞെട്ടാറില്ല. കാരണം അത്രയൊന്നും ഞെട്ടലില്ലാത്ത മരണവാർത്തകൾ കേട്ട് നമ്മുടെ സമൂഹം വല്ലാതെ ഞെട്ടിഞെട്ടി ആ വാക്കിനെ ഒരു വഴിക്കാക്കി. എന്നാലും മികച്ച ഒരു പകരക്കാരനെത്തുന്നതുവരെ നമുക്കും അതുതന്നെയങ്ങ് ഉപയോഗിക്കാം. ആരോഗ്യമേഖല ശരിക്കും ഞെട്ടിയിരിക്കുകയാണ്....ശരിക്കും.. സംഭവമെന്തെന്നല്ലേ...മനുഷ്യന്റെ തലച്ചോറിനകത്തേക്കും പ്ലാസ്റ്റിക് എന്ന ആ ഭീകരൻ ഒളിച്ചു കടന്നെന്ന്. മനുഷ്യശരീരത്തിലെ ഇസഡ് കാറ്റഗറി സുരക്ഷയുള്ള ആളാണ് ഞാനെന്ന ഭാവമാണ് ആദ്യകാലം മുതൽ ഈ മസ്തിഷ്‌കത്തിന്. ബ്ലഡ്- ബ്രെയിൻ ബാരിയർ എന്ന ഈ സംവിധാനം കോശങ്ങളുടെ മണിച്ചിത്രത്താഴാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. അപകടരമായ വസ്തുക്കളോ അണുക്കളോ മറ്റ് വസ്തുക്കളോ തലച്ചറിലെത്തുന്നതിനെ തടയുകയാണിതിന്റെ ധർമം. തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാതലെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതിശക്തമായ ഈ സുരക്ഷാഭിത്തിയും ഭേദിച്ച് പ്ലാസ്റ്റിക് അകത്തുകയറിത് എങ്ങനെയെന്നതാണ് പുതിയ ചിന്താവിഷയം. 

സംശയം അരിപ്പയെയോ....

ഗവേഷകർക്ക് കിട്ടിയ വിവരപ്രകാരം സംശയത്തിന്റെ കുന്തമുന നീളുന്നത് തലയോട്ടിയുടെ മുകൾ ഭാഗത്ത് അരിപ്പപോലെയുള്ള ക്രിബ്രിഫോം പ്ലേറ്റിലേക്കാണ്. ഇവയിലൂടെയാകാം പ്ലാസ്റ്റിക്കിന്റെ ഒളിച്ചുകടത്തമെന്നാണ് അനുമാനം. ശ്വാസവായുവിലൂടെയാണ് ഇവ കടന്നതെന്നും ഗവേഷകർ ഏറെക്കുറെ ഉറപ്പിക്കുന്നു. മണം തിരിച്ചറിയാൻ സഹായിക്കുന്ന ഔൾ ഫാക്ടറി ബൾബ് എന്ന തലച്ചോറിന്റെ ഭാഗത്താണ് പ്ലാസ്റ്റിക് ഘടകങ്ങൾ കണ്ടെത്തിയതെന്ന വസ്തുത ഇതിന് അടിവരയിടുന്നു. മൈക്രോ ഫോറിയർ ട്രാൻസ്‌ഫോം ഇൻഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപ്പിയുടെ സഹായത്തോടെയാണ് തലച്ചോറിലെ ഈ 'വിദേശി' യെ കണ്ടെത്തിയത്. പ്ലാസ്റ്റിക് ഘടകങ്ങളിൽ നാരുകളുടെ രൂപത്തിലുള്ളവയുമുണ്ട്.  കണ്ടെത്തിയവയിൽ 44 ശതമാനവും പോളിപ്രോപ്പലീൻ എന്ന വസ്തുവാണെന്നും തെളിഞ്ഞിട്ടുണ്ട്. വീടുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിഭാഗമാണിത്. 

പഠനം നടന്നത് ബ്രസീലിൽ

ജർമനിയിലെയും ബ്രസീലിലെയും ഗവേഷകരടങ്ങിയ സംഘം ബ്രസീൽ ആസ്ഥാനമായാണ് പഠനം നടത്തിയത്. അടുത്തയിടെ മരിച്ച 12 പുരുഷന്മാരും മൂന്ന് വനിതകളുമടക്കം  15 പേരുടെ ശരീരങ്ങളാണ് പഠിച്ചത്. 33 മുതൽ നൂറുവയസുവരെയുള്ളവരായിരുന്നു ഇത്.  എട്ടുപേരുടെ തലച്ചോറിലും പ്ലാസ്റ്റിക് ഘടകങ്ങൾ കണ്ടെത്തി. അന്തരീക്ഷത്തിൽ പാറിപ്പറന്നു നടക്കുന്ന പ്ലാസ്റ്റിക് അതിസൂക്ഷ്മാംശങ്ങൾ ശ്വാസവായുവിലൂടെ ഉള്ളിലേക്കെത്തിയതാകുമെന്നാണ് അനുമാനം. ബെർലിനിലെ ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ലൂയിസ് ഫെർണാണ്ടോ അമാറ്റോ-ലോറങ്കോ, ബ്രസീൽ സാവോ പൗലോ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തായിസ് മോഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ലോകപ്രശസ്തമായ അമേരിക്കൻ മെഡിക്കൽ ജേണൽ ' ജമ' യിൽ ഇവരുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 16 ഇനത്തിലുള്ള പ്ലാസ്റ്റിക് ഘടകങ്ങളാണിവയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്പിളുകളുടെ എണ്ണക്കുറവ് ഈ പഠനത്തിന്റെ വലിയ പരിമിതിയാണ്. ഏതായാലും കൂടുതൽ പഠനങ്ങളും നിരീക്ഷണങ്ങളും അനിവാര്യമാണെന്നാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം.

പുതിയ അറിവുകളിലേക്ക് വഴി തുറക്കാം- ഡോ.ബി. പത്മകുമാർ(പ്രിൻസിപ്പൽ കൊല്ലം ഗവ. മെഡിക്കൽ കോളേജ്.)

മസ്തിഷ്‌കത്തെ ബാധിക്കുന്ന ഒട്ടേറെ രോഗങ്ങളുടെ കാരണം അറിയാത്ത അവസ്ഥയാണുള്ളത്. തലച്ചോറിന്റെ തേയ്മാനരോഗങ്ങളെന്ന് പറയുന്ന പാർക്കിൻസൺ, ഡിമെൻഷ്യ, അൽ-ഷിമേഴ്‌സ്, ചില വിധത്തിലുള്ള അപസ്മാരം തുടങ്ങിയവയുടെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തലച്ചോറിലെത്തുന്ന വിഷ പദാർത്ഥങ്ങൾ ഇത്തരം അസുഖങ്ങൾക്ക് കാരണമാകാമെന്ന ധാരണ ശാസ്ത്രലോകത്തുണ്ട്. ഇതിനെ ശരിവെയ്ക്കുന്ന കണ്ടെത്തലാണിത്. എന്നാൽ കൂടുതൽ പഠനം വരണം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച്, വീടിനുള്ളിൽ ഗ്ലാസ് പാത്രങ്ങളും മറ്റും ശീലമാക്കി ഇതിനെ തടയാൻ ശ്രമിക്കാം. നാഡികൾ തമ്മിലുള്ള സംവേദനക്കൈമാറ്റത്തിലെ തകരാറുകൾ മസ്തിഷ്‌ക പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യവും ഭാവി പഠനത്തിൽ വിഷയമാകാം.

Content Highlights: microplastics in the brain tissue