ഇതെന്താ മാങ്ങാ ചമ്മന്തിയോ എന്ന് കമന്റ്;മെക്‌സിക്കന്‍ വിഭവം ആസ്വദിച്ച് റിമി ടോമി

photo|instagram.com/rimitomy/
photo|instagram.com/rimitomy/

ലയാളികള്‍ക്കേറെ പ്രിയങ്കരിയായ ഗായികയും അവതാരകയുമാണ് റിമി ടോമി. യാത്രകള്‍ ചെയ്യാനും പല സ്ഥലങ്ങളിലെ ഭക്ഷണങ്ങള്‍ പരീക്ഷിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണവര്‍. ഇതിന്റെയെല്ലാം വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും അവര്‍ പങ്കുവെയ്ക്കുന്നതും പതിവാണ്.

ഇപ്പോഴിതാ വ്യത്യസ്തമായൊരു ഭക്ഷണം ആസ്വദിക്കുന്നതിന്റെ വീഡിയോയാണ് അവര്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വളരെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന വീഡിയോ വളരെ വേഗത്തിലാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

സാല്‍മണ്‍ ഗ്രില്‍ ചെയ്തതും അതിനൊപ്പം ഗ്വാക്കാമോള്‍ എന്ന അവകാഡോ കൊണ്ടുള്ള വിഭവവുമാണ് കഴിക്കുന്നതെന്ന് റിമി പങ്കുവച്ച വിഡിയോയ്‌ക്കൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു മെക്‌സിക്കോ വിഭവമാണ്. അവക്കാഡോ ആണ് ഗ്വാക്കാമോളിലെ പ്രധാന ചേരുവ. ഡിപ്പായോ സാലഡോ ഒക്കെ ഈ വിഭവം കഴിക്കാന്‍ കഴിയും. അവകാഡോയ്‌ക്കൊപ്പം ഉപ്പ്, നാരങ്ങാനീര്, ഉള്ളി, മല്ലിയില, തക്കാളി എന്നിവ ചേര്‍ത്താണിത് ഉണ്ടാക്കുന്നത്.

ഇടിക്കല്ലു പോലെ തോന്നിക്കുന്ന ഒന്നിലാണ് ഗ്വാക്കാമോള്‍ റിമിയ്ക്കു മുമ്പിലായി വിളമ്പിയിരിക്കുന്നത്. അത് നന്നായി ഇളക്കി യോജിപ്പിക്കുന്നതും കഴിക്കുന്നതും വീഡിയോയില്‍ കാണാം. അതിനൊപ്പം  കഴിക്കാനായി സാല്‍മണ്‍ ഗ്രില്‍ ചെയ്തതും അടുത്തു തന്നെ കാണാന്‍ കഴിയും. ഏത് റെസ്റ്റോറന്റില്‍ നിന്നാണ് കഴിക്കുന്നതെന്ന് റിമി വീഡിയോയില്‍ സൂചിപ്പിച്ചിട്ടില്ല.

റിമിയുടെ ഭക്ഷണവീഡിയോകള്‍ക്ക് ശ്രദ്ധ കിട്ടുന്നത് പതിവാണ്. വ്യത്യസ്തമായ രുചികള്‍ ആസ്വദിക്കുന്നതിന്റെ വീഡിയോകളാണ് റിമി കൂടുതലും തന്റെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. എല്ലാവര്‍ക്കും എന്ത് ഭക്ഷണമാണെന്ന് കഴിക്കണമെന്നാണ് അറിയേണ്ടത്. മാങ്ങ ചമ്മന്തി പോലെയുണ്ടെന്നും കമന്റുകള്‍ വന്നിട്ടുണ്ട്.

Content Highlights: rimi tomy shares video trying mexican cuisine