വാഷിങ് മെഷീനില്‍ ഉരുളക്കിഴങ്ങോ? ഇത് 45 മില്യണ്‍ ആളുകള്‍ കണ്ട വീഡിയോ

അടുക്കളപ്പണി പലര്‍ക്കും അത്ര എളുപ്പപ്പണിയല്ല. അതെളുപ്പമാക്കാന്‍ പല മാര്‍ഗങ്ങളും പലരും പരീക്ഷിക്കാറുണ്ട്. അതില്‍ എല്ലാം തന്നെ വിജയിക്കണമെന്നുമില്ല. എളുപ്പപ്പണിയ്ക്ക് വേണ്ടി ചെയ്യുന്ന പലതും അബദ്ധമായിത്തീര്‍ന്ന കഥകളും പലര്‍ക്കുമുണ്ടാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സമയവും പണിയും ലാഭിക്കാന്‍ വേണ്ടി കണ്ടെത്തുന്ന ഈ സൂത്രപ്പണികള്‍ക്ക് ശുചിത്വവും സുരക്ഷിതത്വവും ഉണ്ടോ എന്നുകൂടി പരിശോധിക്കുന്നത് നന്നായിരിക്കും. വാഷിങ് മെഷീനില്‍ ഇട്ട് ഉരുളക്കിഴങ്ങ് വൃത്തിയാക്കുന്ന രീതിയാണിത്. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയ്ക്കുന്ന കാര്യമാണ്. എന്നാല്‍ അലോന ലോവന്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആദ്യം വാഷിംഗ് മെഷീനിന്റെ ഉള്ളിലേക്ക്, ഒരു ബാഗ് നിറയെ ഉരുളക്കിഴങ്ങ് ഇടുന്നു. ഇതിലേക്ക് മെറ്റല്‍ സ്‌പോഞ്ച് സ്‌ക്രബ്ബറുകള്‍ / സ്‌കോറിംഗ് പാഡുകള്‍ ചേര്‍ത്ത് ബാഗ് അടയ്ക്കുന്നു. ശേഷം മെഷീന്‍ റിന്‍സ് സൈക്കിളില്‍ ഇടുന്നു. ഉരുളക്കിഴങ്ങ് വാഷിങ് മെഷീനുള്ളില്‍ കഴുകുന്നത് നമുക്ക് വീഡിയോയില്‍ വ്യക്തമായി കാണാന്‍ കഴിയും.
മെഷീന്‍ നിന്ന ശേഷം ഇത് പുറത്തെടുക്കുമ്പോള്‍ ഉരുളക്കിഴങ്ങ് ശരിക്കും വൃത്തിയായാണ് കിട്ടുന്നത്. ഇതിനിടെ ഉരുളക്കിഴങ്ങ് കൊണ്ടുള്ള റെസിപ്പി തപ്പുകയാണ് പോസ്റ്റ് ഇട്ട ആള്‍. നിരവധിയാളുകള്‍ ഈ വീഡിയോയുടെ താഴെ കമന്റു ചെയ്തിട്ടുണ്ട്. 'കുറച്ചു ഉരുളക്കിഴങ്ങ് കഴുകാന്‍ എണ്‍പത് ലിറ്റര്‍ വെള്ളം പാഴാക്കി' എന്ന് ഒരാള്‍ കമന്റില്‍ പറഞ്ഞു. പച്ചക്കറി ഡിറ്റര്‍ജന്റു ഉപയോഗിച്ച് കഴുകാമോ എന്ന് മറ്റൊരാള്‍ ചോദിച്ചു.
വാഷിങ് മെഷീനുള്ളില്‍ ഉരുളക്കിഴങ്ങിന്റെ സ്റ്റാര്‍ച്ചും തൊലിയും പറ്റിപ്പിടിക്കും എന്ന് മാത്രമല്ല, ഇവ ഡിറ്റര്‍ജന്റ്‌റ് ആഗിരണം ചെയ്യുന്നത് വഴി കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്ന് മറ്റൊരാള്‍ എഴുതുന്നു. ഈ കമന്റ് നിരവധിയാളുടെ ശ്രദ്ധ നേടി. ഇത് എളുപ്പപ്പണിയല്ലെന്നും പണി കിട്ടുമെന്നും അഭിപ്രായം പലരും ഉന്നയിച്ചിട്ടുണ്ട്.
Content Highlights: Vlogger Shares "Life Hack" To Clean Potatoes In Washing Machine