എല്ലാ പഴങ്ങളും പച്ചക്കറികളും മുറിച്ചിട്ടാല്‍ സാലഡ് ആകുമോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

തയ്യാറാക്കാന്‍ വളരെ എളുപ്പമുള്ള ഭക്ഷണമാണ് സാലഡുകള്‍. എന്നാല്‍ ചെറിയ അശ്രദ്ധ മതി അത് തെറ്റായി ശരീരത്തെ ബാധിക്കാന്‍. എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുപോലെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് എന്നതുകൊണ്ടുകൂടിയാകാം സാലഡ് ജനപ്രിയമാകുന്നത്. പച്ചക്കറികള്‍ മാത്രമുള്ള സാലഡ്, പഴങ്ങള്‍ മാത്രമുള്ളവ, ഇവ രണ്ടു ചേര്‍ത്ത സാലഡ് എല്ലാം വ്യാപകമായി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. നമുക്ക് തോന്നുന്ന കുറേ പഴങ്ങളും പച്ചക്കറികളും അരിഞ്ഞ് പാത്രത്തിലിട്ടാല്‍ സാലഡ് ആകുമോ? വീട്ടില്‍ സാലഡ് തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് പഴങ്ങള്‍. പഴങ്ങള്‍ മാത്രം ചേര്‍ത്ത സാലഡ് തയ്യാറാക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഓര്‍ത്തുവെക്കാം.
സീസണല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താം
ഫ്രൂട്‌സ് സാലഡ് തയ്യാറാക്കുമ്പോള്‍ അതില്‍ സീസണല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. അവയുടെ മധുരം, രുചി എന്നിവയെല്ലാം സാലഡിലെ മറ്റ് പഴങ്ങളുമായി ചേരുമ്പോള്‍ സാലഡ് രുചികരവും ആരോഗ്യകരവുമാകുന്നു. ചെറിയ ചെലവില്‍ വാങ്ങാമെന്നതാണ് മറ്റൊരു ഗുണം. അതുകൊണ്ടുതന്നെ സീസണല്‍ പഴങ്ങള്‍ ഏതെല്ലാമാണെന്ന് മനസ്സിലാക്കി അവ വാങ്ങി സാലഡില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
കഴിക്കാന്‍ ഇഷ്ടമുള്ള പഴം ചേര്‍ക്കാം
നിങ്ങള്‍ക്ക് കഴിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള പഴങ്ങള്‍ സാലഡില്‍ ഉള്‍പ്പെടുത്താം. ഇഷ്ടമില്ലാത്ത പഴങ്ങള്‍ നിര്‍ബന്ധപൂര്‍വം കഴിക്കേണ്ട ആവശ്യമില്ല. ഇഷ്ടമുള്ള പഴങ്ങള്‍ ചേര്‍ത്ത സാലഡ് ചേര്‍ത്ത് ലളിതമായ ഈ ഭക്ഷണം ആസ്വദിച്ച് കഴിക്കാം.
തമ്മില്‍ ചേരാത്ത പഴങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുക
ഇഷ്ടമുള്ള പഴങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവയില്‍ ശരിയായി ചേരാത്തവ ഇല്ലെന്ന് ഉറപ്പുവരുത്തുക. ചില പഴങ്ങളില്‍ കൂടുതല്‍ ജലാംശമുണ്ടാകാം. ചിലത് മുറിച്ചാല്‍ എളുപ്പം അലിഞ്ഞുപോകുന്നവയാകാം. ചില പഴങ്ങള്‍ എളുപ്പം ഓക്‌സിഡൈസ് ചെയ്യപ്പെടാം. മുറിച്ചുകഴിഞ്ഞാല് അല്പനേരം കഴിഞ്ഞ് നിറം മാറുന്ന ആപ്പിള്‍, അവക്കാഡോ, പഴം എന്നിവ അതിനുദാഹരണമാണ്. സാലഡിന്റെ രുചിയും ആകൃതിയുമെല്ലാം നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ അമിതമായി പഴുത്തതോ നീരുള്ളതോ ആയ പഴങ്ങള്‍ ചേര്‍ക്കാതിരിക്കാം.
അമിതമായി പഴങ്ങള്‍ ഉള്‍ക്കൊള്ളിക്കാതിരിക്കുക
സാലഡില്‍ അമിതമായി പഴങ്ങള്‍ ചേര്‍ക്കാതിരിക്കാം. പകരം അതില്‍ നട്‌സും ധാന്യങ്ങളും ചേര്‍ത്ത് തുലനപ്പെടുത്താം. കൂടുതല്‍ പഴങ്ങള്‍ ചേര്‍ക്കുമ്പോള്‍ അതില്‍ ഓരോന്നിന്റെയും പ്രാധാന്യം നഷ്ടപ്പെട്ടുപോകാം. അതുകൊണ്ട് ചില പഴങ്ങള്‍ മാത്രം തിരഞ്ഞെടുത്തും അടുത്തതവണ മറ്റ് ചില പഴങ്ങള്‍ ചേര്‍ത്തും സാലഡ് തയ്യാറാക്കാം.
ഒരുപാട് നേരം മുമ്പ് അരിഞ്ഞുവെക്കാതിരിക്കുക
കഴിക്കുന്നതിന് ഒരുപാട് മുമ്പ് പഴങ്ങള്‍ മുറിച്ചുവെക്കുന്നത് ഓക്‌സിഡൈസ് ചെയ്യപ്പെടാന്‍ കാരണമാകും. കാണാനുള്ള ഭംഗിയും നഷ്ടമാകും. കഴിക്കുന്നതിന് തൊട്ടുമുമ്പ് മുറിച്ചുവെക്കുന്നത് പഴത്തിന്റെ പുതുമയും നിറവും നിലനിര്‍ത്തും. സാലഡില്‍ ഉള്‍പ്പെടുത്തുന്ന ചെറിയ പഴങ്ങള്‍ മുറിക്കാതിരിക്കുക. അത് അവയുടെ ആകൃതി നശിപ്പിക്കും. നല്ല സാലഡ് എപ്പോഴും പല നിറങ്ങളാല്‍ ആകര്‍ഷകമായാണ് കാണപ്പെടുക.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: How to make delicious and healthy fruit salads.