ചായകളില്‍ ഏറ്റവും വില കൂടിയത് ; മാച്ചാ ടീയെക്കുറിച്ച് അറിയാമോ ?

ഗ്രീന്‍ ടീ കുടിക്കുന്ന ശീലമുള്ള നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഒരിക്കലെങ്കിലും മാച്ചാ ഗ്രീന്‍ ടീ കുടിച്ചുനോക്കിയിട്ടുണ്ടോ ? ഇത് പ്രത്യേകതരത്തിലുണ്ടാക്കിയെടുക്കുന്ന ഒരു ഗ്രീന്‍ ടീ തന്നെയാണ്. നിറത്തിലും രുചിയിലും ഗുണത്തിനുമെല്ലാം അതിനനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി തേയിലത്തോട്ടങ്ങള്‍ കുന്നുകളിലും മറ്റുമായി നല്ല വെയിലിലാണ് കൃഷി ചെയ്യുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തരീതിയിലാണ് മാച്ച ടീ ഉണ്ടാക്കിയെടുക്കാന്‍ ഇലയെടുക്കുന്നത്. പറിച്ചെടുക്കാനുള്ള ഇലകള്‍ വെയില്‍ നേരിട്ട് കൊള്ളിക്കാതെ തണലില്‍ സംരംക്ഷിക്കുകയാണ് ഇതിന്റെ ആദ്യപടി. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിലൂടെ ആന്റി ഓക്‌സിഡന്റുകള്‍ നഷ്ടമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷമാണ് ചെടിയില്‍ നിന്നും ഇലകള്‍ ശേഖരിക്കുന്നത്. വിവിധ പ്രക്രിയലൂടെ കടന്നിട്ടാണ് ഇത് നല്ല പൗഡര്‍ രൂപത്തില്‍ അവസാനം പൊടിച്ചെടുക്കുന്നത്. ജപ്പാനില്‍ നിന്നാണ് മാച്ചാ ടീയുടെ ഉത്ഭവം. ഇതില്‍ ഉയര്‍ന്ന അളവില്‍ ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. വിപണിയിലെ വിലയേറിയ ചായപ്പൊടികളിലൊന്നാണിത്. ഇതിന്റെ ഉത്പാദനരീതിയും ആരോഗ്യഗുണങ്ങളും തന്നെയാണ് ഇതിന് കാരണം.
ആന്റി ഓക്‌സിഡന്റുകളാണ് സമ്പന്നമാണ് മാച്ചാ ടീ. ഇതില്‍ കാറ്റെച്ചിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ കേടുപാടുകള്‍ തടയാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയുന്ന സസ്യസംയുക്തമാണിത്.500 ഗ്രാമിന് ഏഴായിരം രൂപ മുതലാണ് പ്രീമിയം ഗ്രേഡ് ചായപ്പൊടിയുടെ വില വരുന്നത്.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ ടീ കുടിയ്ക്കുന്നത് നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. മാനസിക നില മെച്ചപ്പെടുത്താനും ഇത് കുടിയ്ക്കുന്നത് നല്ലതാണ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്.
ഹൃദയാരോഗ്യം സംരംക്ഷിക്കാനും ഈ ചായ ഗുണകരമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി ഇത് പരീക്ഷിക്കാവുന്നതാണ്. ഇതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെങ്കിലും മിതമായി കഴിക്കുന്നതാണ് നല്ലത്. സാധാരണ ഗ്രീന്‍ ടീയേക്കാള്‍ അധികമായി കഫൈന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits of matcha tea