ദീപാവലി മധുരത്തിന് 'ചുര്മ്മുണ്ടോ' ഉണ്ടാക്കാം

ദീപങ്ങളുടെ ഉത്സവം. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയം. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണം. ഇതൊക്കെയാണ് ദീപാവലി എങ്കിലും നമ്മുടെ ഉള്ളില്‍ അന്നുമിന്നും ദീപാവലിയുടെ പ്രധാന ആകര്‍ഷണം മധുരപലഹാരങ്ങള്‍ തന്നെയാണ് എന്നതില്‍ തര്‍ക്കമില്ലല്ലോ?കൊങ്കണികളുടെ ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിലെ ഒരു പ്രധാന ഭാഗം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുക തന്നെയാണ്.
ദിവസങ്ങള്‍ക്കു മുന്‍പേ ഇത്തരം പലഹാരങ്ങള്‍ ഉണ്ടാക്കി തുടങ്ങും. മധുരത്തോടൊപ്പം തന്നേ എരിവോടെ കറുമുറെ കൊറിക്കാന്‍ പറ്റുന്ന മുറുക്കും, സേവയും, ഡയമന്‍ പോലുള്ള പലഹാരങ്ങളും ഒക്കെ ഉണ്ടാക്കി വെയ്ക്കും. അവില് വറുത്ത് ചൂട എന്ന മിക്സ്ചര്‍ ഒക്കെ മിക്ക വീടുകളിലും കാണും.
മധുരപലഹാരങ്ങളില്‍ പലതരം ഹല്‍വയും ലഡുവും മാത്രമല്ല കൊങ്കണികളുടെ പ്രിയപ്പെട്ട വിഭവം ആയ 'ഫെണോരി ', ' മണ്ഡോ ', 'ഖടി ', ' സാട്ടോ ' ഒക്കെയുണ്ടാക്കും. ഇവ ഉണ്ടാക്കി സൂക്ഷിച്ചു വെയ്ക്കുന്നതിലുപരി അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ വിതരണം ചെയ്യുകയും വേണം.
ഇന്ന് പരിചയപ്പെടുത്തുന്ന വിഭവമാണ് ' ചുര്മ്മുണ്ടോ'. ലഡു കുടുംബത്തിലെ അംഗമാണ്. ഗോതമ്പ് പൊടിയാണ് പ്രധാന താരം. ദീപാവലിക്ക് മാത്രമല്ല, മറ്റു വിശേഷ ദിവസങ്ങളിലും ചുര്മ്മുണ്ടോ ഉണ്ടാക്കും. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണെങ്കിലും ലഡു ഉരുട്ടിയെടുക്കാന്‍ സ്വല്പം മെനക്കേടുണ്ട് എന്നും കൂട്ടിച്ചേര്‍ക്കട്ടെ. അപ്പൊ ഇത്തവണത്തേ ദീപാവലി ചുര്മ്മുണ്ടോ കഴിച്ച് ആഘോഷിക്കാമോ?
പാചകരീതിയിലേക്ക്
ചേരുവകള്‍
1.ആട്ട - മൂന്നര കപ്പ്
2. റവ - ഒരു പിടി
3. പഞ്ചസാര - രണ്ടര കപ്പ്
4. നെയ്യ് - 150- 200 ഗ്രാം
5.ഏലയ്ക്ക - 8-10 എണ്ണം
അടിവശം കട്ടിയുള്ള ഒരു വലിയ പാനില്‍ 4 ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കുക. ഇതിലേക്ക് റവ ചേര്‍ക്കുക .രണ്ട് മിനിറ്റ് നേരം ചെറുതീയില്‍ റവ വറുക്കുക. ഇനി ഇതിലേക്ക് ആട്ട ചേര്‍ക്കാം.
ചെറുതീയില്‍ തന്നെ തുടരെത്തുടരേ ഇളക്കി വറുത്തു കൊണ്ടിരിക്കുക .20 മിനിറ്റുകള്‍ക്കുള്ളില്‍ നല്ല മണം വരുന്നതായിരിക്കും.
അന്നേരം ഇത് അടുപ്പില്‍ നിന്നും താഴെ മാറ്റി വെച്ച് അല്പം ചൂടാറാന്‍ വെയ്ക്കുക.തീരെ തണുത്തു പോവേണ്ടതില്ല.ഇളം ചൂട് ഇരുന്നോട്ടെ.ഈ സമയത്തു പഞ്ചസാരയും ഏലയ്ക്കയും ഒരുമിച്ചു മിക്സിയില്‍ നന്നായി പൊടിച്ചു വെയ്ക്കാം.ഇനി ചൂടാറിയ വറുത്ത ആട്ട കൂട്ടിലേക്ക് പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.ചൂടാക്കാറില്ല, വെറുതെ കൈ കൊണ്ട് മിക്സ് ചെയ്താല്‍ മതി.
ഇനി ബാക്കിയുള്ള നെയ്യ് അല്പം ചൂടാക്കി ഉരുക്കുക.അരകപ്പ് നെയ്യെങ്കിലും വേണ്ടി വരും.ഈ ഉരുക്കിയ നെയ്യ് ആട്ട കൂട്ടിലേക്ക് ഒഴിച്ച് കൈകൊണ്ടു തന്നെ പതുക്കെ നന്നായി മിക്സ് ചെയ്യുക.
എന്നിട്ട് ഈ കൂട്ട് തട്ടിപൊത്തി അമര്‍ത്തി വെയ്ക്കുക.കൂട്ട് ഉണങ്ങി വരണ്ടു പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നിട്ടുടനെ തന്നെ ഒരു വശത്തു നിന്ന് അല്പാല്പമായി എടുത്തു ഉരുട്ടി തുടങ്ങാം.
വേണമെങ്കില്‍ നെയ്യ് ചേര്‍ക്കുകയും ചെയ്യാം.
ശ്രദ്ധിക്കുക
തൊട്ടാല്‍ പൊടിഞ്ഞു പോവുമെന്നല്ല എന്നാലും സാധാരണ ലഡു പോലെ സ്റ്റിഫ് ആയി ചുര്മ്മലഡ്ഡു നില്‍ക്കില്ല.രാജസ്ഥാനി ചൂര്‍മ്മ ലഡ്ഡുവിനോട് സാമ്യം ഉണ്ട്.സാധാരണ കിസ്മിസ് , കശുവണ്ടി എന്നിവ ചേര്‍ക്കാറില്ല.താല്പര്യമുള്ളവര്ക്ക് നെയ്യില്‍ വറുത്തു ചേര്‍ക്കാം.
Content Highlights: Churmundo Recipe , Konkani Style Ladoo ,konkani food,diwali sweets