'ഈ കാലു കൊണ്ട് കയറിയാല്‍ തറ പൊട്ടുമെന്ന് പറഞ്ഞ് അവർ തടഞ്ഞു, മുലപ്പാൽ തന്ന് എന്നെ വളർത്തിയ അമ്മായി'

പതിനാല് വയസ്സുള്ളപ്പോഴാണ് ഞാന്‍ വയസ്സറിയിക്കുന്നത്. അങ്ങനെയൊരു സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആ ശാരീരികാവസ്ഥ എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. എന്റെ തുടകളിലും യോനിയിലും പുരണ്ടിരിക്കുന്ന രക്തം കണ്ട് ഞാന്‍ ഭയന്ന് നിലവിളിച്ചു. അന്ന് ഞാനും കുട്ടിയമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
എന്റെ കരച്ചില്‍ കേട്ട് കുട്ടിയമ്മ ഓടിക്കിതച്ചെത്തിയപ്പോള്‍ മുറിക്കുള്ളിലിരുന്ന് കരയുന്ന എന്നെയാണ് കണ്ടത്. എനിക്കെന്തോ മാരക അസുഖം ബാധിച്ചിരിക്കുന്നു എന്ന ഭയത്തോടുകൂടിയാണ് ഞാന്‍ കുട്ടിയമ്മയോട് കാര്യം അവതരിപ്പിച്ചത്. എന്റെ കരച്ചിലും പറച്ചിലും കേട്ടതും കുട്ടിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു ''അതിനെന്തിനാ കരയുന്നത്, ഇതൊക്കെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്നതാണ്. നീ വലിയ പെണ്ണായിരിക്കുന്നു. ''കുട്ടിയമ്മ എന്നെ എഴുന്നേല്‍പിച്ച് കുളിമുറിയിലേയ്ക്ക് കൊണ്ടുപോയി.
Content Highlights: remya thuravoor autobiography pathiyatha kalppadukal avoidance from friends and relatives