'ആ കഷ്ടപ്പാടുകൾ മകൻ സഹിക്കേണ്ടല്ലോ എന്നൊരു ആശ്വാസമുണ്ടായിരുന്നു അച്ഛന്റെ മുഖത്ത്' | ആത്മകഥ 05

#ലെഫ്റ്റനന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ.(റിട്ട.)
ചിത്രീകരണം: ബാലു
ചിത്രീകരണം: ബാലു

അങ്ങനെ ജീവിതത്തിലെ ആദ്യത്തെ കടമ്പ കടന്നുകിട്ടി. പക്ഷേ ഇനിയങ്ങോട്ട് എന്താണെന്നുള്ള ഒരു തീരുമാനമായില്ല. എട്ടാം ക്ലാസ് മുതല്‍ സൂക്ഷിച്ചുവച്ചിരുന്ന സയന്‍സ് നോട്ടുബുക്ക് അടക്കം എല്ലാം പഴയ കടലാസുകള്‍ എടുക്കാന്‍ വരുന്നവര്‍ക്ക് തൂക്കി വിറ്റു. പാഠപുസ്തകങ്ങള്‍ പുതുതായി പത്താം ക്ലാസിലേക്ക് വന്ന ആവശ്യക്കാരായ കുട്ടികള്‍ക്ക് നല്‍കി. പത്ത് മാസം ചുമന്ന് നടന്ന അമ്മമാരെക്കാളും സന്തോഷത്തോടെ പത്തുവര്‍ഷം ചുമന്ന് നടന്ന വിദ്യാഭ്യാസം എന്ന ഭാരത്തെ തല്‍ക്കാലത്തേക്ക് എങ്കിലും മാറ്റിവെച്ച് ഞങ്ങള്‍ കുട്ടികളെല്ലാം ഒരു വലിയ ദീര്‍ഘശ്വാസം വിട്ടു. ചങ്ങാതിമാരായ ഞങ്ങള്‍  മൂന്നുപേര്‍ക്കും മോശമില്ലാത്ത മാര്‍ക്കുണ്ടായിരുന്നു. പക്ഷേ, ഫീസ് കുറഞ്ഞ സര്‍ക്കാര്‍ കോളേജുകളില്‍ പ്രീ ഡിഗ്രിക്ക്  പ്രവേശനം ലഭിക്കത്തക്ക മാര്‍ക്ക് ഇല്ലാത്തതുകൊണ്ട് തന്നെ താരതമ്യേന ഫീസ് കൂടിയ പ്രൈവറ്റ് കോളേജുകളിലേക്ക് പോകേണ്ട സ്ഥിതിയായി. ഏതായാലും എന്റെ വീട്ടില്‍ നിന്നും ഒരു തീരുമാനമായി.

കോളേജിലേക്ക് വിടുന്നില്ല. പുതിയ ഒരു കീഴ്‌വഴക്കം വേണ്ടെന്ന് അച്ഛന്‍ തീരുമാനിച്ചു. സാമ്പത്തികം തന്നെയായിരുന്നു പ്രധാന വിഷയം. ജ്യേഷ്ഠനെയും പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം അടുത്തുള്ള സ്ഥാപനത്തില്‍ ടൈപ്പ് റൈറ്റിങ് പഠിക്കാനാണ് ചേര്‍ത്തിരുന്നത്. അച്ഛന് പെട്ടെന്ന് ഒരു താങ്ങും തണലും ആവാന്‍ വേണ്ടി തന്നെ ജ്യേഷ്ഠനെ പോലെ എന്നെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ചേര്‍ക്കാന്‍ തീരുമാനിച്ചു.

Content Highlights: Lieutenant Colonel Surendran M.K.'s autobiography titled Jeevitham enna theekkadal Chapter five

Continue reading