വൈദ്യശാസ്ത്രം വിധിച്ചുതന്ന അഞ്ചുവര്‍ഷം; ഒന്നു ചെരിഞ്ഞുകിടക്കാന്‍ കഴിഞ്ഞാല്‍ അതായിരുന്നു 'ലക്ഷ്വറി'

ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതിനെ നേരിടുക ഒരു കല തന്നെയാണ്. രണ്ടു പ്രധാന വെല്ലുവിളികളെ നേരിട്ട കഥ ഞാന്‍ പറഞ്ഞു. ഇനി ഏറ്റവും കഠിനമായ മൂന്നാം വെല്ലുവിളിയുടെ കഥയാണ് പറയാന്‍ പോകുന്നത്. വെല്ലുവിളികളെ നേരിടുക എന്നത് ഇതിനകം എന്റെ ഒരു വിനോദമായി മാറി എന്നുതന്നെ പറയാം. വിരമിച്ചതിനുശേഷം കുറച്ച് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുള്ള വിശ്രമ ജീവിതമായിരുന്നു ആഗ്രഹിച്ചിരുന്നത്. തളിപ്പറമ്പിലെ എയറോസിസ് കോളേജിന്റെ ഡയറക്ടറായി ചേര്‍ന്നു. കോളേജിലെ കാര്യങ്ങള്‍ക്ക് പുറമേ, സാമൂഹ്യപ്രവര്‍ത്തകനും കോളേജിന്റെ മാനേജിങ് ഡയറക്ടറുമായ ഡോ. ഷാഹുല്‍ ഹമീദിന്റെ കൂടെചേര്‍ന്ന് സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിച്ചു. അതിനിടയില്‍ സ്വന്തം ശരീരത്തില്‍ അസ്വഭാവികമായ ചില മാറ്റങ്ങള്‍ വരുന്നില്ലേ എന്ന് സംശയിച്ചു. അതായത് ഒരേ വഴി, ഒരേ ദൂരം, ഒരേസമയം, എന്നും ചെയ്യാറുള്ള വൈകുന്നേരത്തെ നടത്തത്തില്‍ ശ്വാസത്തിന്റെ വേഗതയില്‍ കുറച്ച് മാറ്റം വന്നിട്ടുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പിന്നീടത്, വയസ്സ് കൂടുമ്പോള്‍ ഉണ്ടാകുന്ന മാറ്റമല്ലേ എന്ന സ്വയം വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ആയിടയ്ക്കാണ് മകന്‍ ശ്രീരാഗിന്റെ കല്യാണം ശരിയായത്. ഇനി ഏതായാലും കല്യാണത്തിന്റെ തിരക്കൊക്കെ കഴിഞ്ഞ് ഏതെങ്കിലുമൊരു ഡോക്ടറെ ചെന്നുകാണാമെന്ന് കരുതി.
ശ്രീരാഗ് ഹരിയാനയില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. അവന് പറ്റിയ പെണ്‍കുട്ടിയെ തന്നെ കിട്ടി. വര്‍ഷയുടെ അച്ഛന്‍ ബോംബെയില്‍ റെയില്‍വേയില്‍ ആയിരുന്നതുകൊണ്ട് വര്‍ഷ ജനിച്ചതും വളര്‍ന്നതുമൊക്കെ ശ്രീരാഗിനെ പോലെ തന്നെ ഉത്തരേന്ത്യയിലായിരുന്നു. മലയാളം രണ്ടുപേരുടെയും മൂന്നാം ഭാഷയായിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു കല്യാണം. അത് കഴിഞ്ഞ് പിറ്റേന്ന് കണ്ണൂരിലെ ഡിഫന്‍സ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് റിസപ്ഷന്‍ പാര്‍ട്ടി കൊടുത്തു. എന്റെ സിദ്ധാന്തത്തിന് അനുസരിച്ച് തന്നെ ഒരു പാര്‍ട്ടി കൊടുക്കണം എന്നുണ്ടായിരുന്നു. പൂര്‍ണമായും പ്ലാസ്റ്റിക് രഹിതമായ ഒരു പാര്‍ട്ടിയായിരുന്നു. പ്രവേശന കവാടം മുതല്‍ വേദിയിലൊക്കെ പലതരത്തിലുള്ള ബോധവല്‍ക്കരണ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. 'ദേര്‍ ഈസ് നോ പ്ലാനറ്റ് ബി' എന്ന് തുടങ്ങി, 'ഒരു മരം നടുവാനുള്ള ഏറ്റവും നല്ല സമയം 20 വര്‍ഷം മുമ്പായിരുന്നു, അടുത്ത ഏറ്റവും നല്ല സമയം ഇപ്പോഴാണ്' തുടങ്ങിയ ബോര്‍ഡുകള്‍ കവാടത്തില്‍ തന്നെ സ്ഥാപിച്ചു.
Content Highlights: Lieutenant Colonel Surendran M.K. writes autobiography Jeevitham enna theekkadal