ക്ഷൗരക്കട തുടങ്ങാന്‍ പറഞ്ഞയാളുടെ മുമ്പിലേക്ക് ആര്‍മി വാഹനത്തില്‍ വന്നിറങ്ങി മധുരപ്രതികാരം

ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഔദ്യോഗിക ജോലിക്കായി സ്വന്തം നാട്ടിലേക്ക് വരുന്നത്. അതും വീട്ടില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെ. അതുകൊണ്ടുതന്നെ ഇത്രയും സന്തോഷകരമായ ഒരു പോസ്റ്റിങ് യാത്ര ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കോഴിക്കോട്ടേയ്ക്കുള്ള വിമാനത്തിന്റെ സമയവും ശരിയായിരുന്നില്ല. അതുകൊണ്ട് ഞാന്‍ കോയമ്പത്തൂരിലേക്ക് ടിക്കറ്റ് എടുത്ത് അവിടെ അനുജത്തി സുരജയേയും കണ്ടിട്ട് ട്രെയിന്‍ വഴി കണ്ണൂരിലേക്ക് വരികയാണ് ചെയ്തത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് നഗ്‌നപാദനായി ഹൈദരാബാദിലേക്ക് ട്രെയിന്‍ കയറിയ അതേ സ്റ്റേഷനില്‍ ഇന്ന് എല്ലാ ആഡംബരങ്ങളോടും കൂടി തന്നെ ട്രെയിന്‍ ഇറങ്ങി. ആര്‍മി ജിപ്‌സി റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിപ്പുണ്ടായിരുന്നു. സല്യൂട്ട് നല്‍കി അനുമതി ചോദിച്ചുകൊണ്ട് ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ആദ്യകാലങ്ങളില്‍ നടന്നും, ബസ്സിലും, പിന്നീട് ഓട്ടോയിലും അതുകഴിഞ്ഞ് സ്വന്തം കാറിലും സഞ്ചരിച്ചിരുന്ന വഴികളിലൂടെ ഇന്ന് ആദ്യമായി ഔദ്യോഗിക വാഹനത്തിലുള്ള യാത്ര. പരിചയക്കാര്‍ ആരെങ്കിലും വഴിയില്‍ കാണട്ടെ എന്ന് ആഗ്രഹിച്ചു. ജിപ്‌സി ഡി.എസ്.സി. സെന്ററിനെ ലക്ഷ്യമാക്കി നീങ്ങി. 36 വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍മിയില്‍ ചേരാനായി തന്റെ ഊഴവും കാത്ത് വെറും ഒരു അടിവസ്ത്രത്തില്‍ കുത്തിയിരുന്ന കോട്ടമൈതാനം ഒരു വശത്ത്. മറുവശത്തെ കവാടത്തില്‍, ഉയരം തിട്ടപ്പെടുത്താന്‍ കെട്ടിത്തൂക്കിയ ചരട് ഒരു സ്വപ്നത്തില്‍ എന്നപോലെ കാണാമായിരുന്നു. സെന്റ് മൈക്കിള്‍ സ്‌കൂള്‍ വഴി വന്നപ്പോള്‍, മെഡിക്കല്‍ കടക്കാന്‍ പറ്റാത്തതു കാരണം ഡോക്ടറോട് കെഞ്ചി അപേക്ഷിക്കുന്ന ഒരു പയ്യന്റെ ദീനരോദനം ഇപ്പോഴും അവിടെ കേള്‍ക്കുന്നതായി തോന്നി.
Content Highlights: Lieutenant Colonel Surendran M.K.'s autobiography Jeevitham enna theekkadal