'കടിച്ചാ പൊട്ടുന്ന പ്രായവാ, കെട്ടിയോന്‍ പോലും ഇല്ലാതെ നീ ജീവിക്കുന്നതാണ് എന്ന് മറക്കണ്ട...'

തലേവര്‍ഷം പ്രീഡിഗ്രി പരീക്ഷ എഴുതിയ ജെസി ഇംഗ്ലീഷിന് വിജയിച്ചിരുന്നില്ല. പഠനം അവസാനിപ്പിക്കാന്‍ ജെസി ആലോചിച്ചെങ്കിലും ഇംഗ്ലീഷ് ഒരു പ്രാവശ്യം കൂടി പഠിച്ചെഴുതാന്‍ അമ്മ അവളെ നിര്‍ബന്ധിച്ചു. യൂണിവേഴ്സിറ്റി പരീക്ഷ എഴുതാന്‍ ജെസിക്ക് സെന്റര്‍ കിട്ടിയത് കോതമംഗലത്തിന് അടുത്തായിരുന്നു. വാടാട്ടുപാറയിലുള്ള ഒരു വീട്ടില്‍ താമസിച്ചായിരുന്നു അവള്‍ പരീക്ഷ എഴുതിയത്. തലേവര്‍ഷവും അവിടെത്തന്നെ ആയിരുന്നു പരീക്ഷാകേന്ദ്രം. അവിടെ വച്ച് അവള്‍ പ്രായമേറെ ആയ ഒരപ്പച്ചനെ പരിചയപ്പെട്ടു.
ഇംഗ്ലീഷ് പരീക്ഷ രണ്ടാമതും എഴുതിയ ശേഷം ജെസി വീട്ടില്‍ മടങ്ങിയെത്തി ഒരാഴ്ചയോളം കഴിഞ്ഞപ്പോള്‍ വാടാട്ടുപാറയിലുള്ള ആ അപ്പച്ചന്‍ ഒരു വൈകുന്നേരം വീട്ടില്‍ വന്നു. അമ്മയും ലാലിയും പണി കഴിഞ്ഞ് മടങ്ങി വന്നിരുന്നില്ല.
'അപ്പച്ചന്‍ പൊയ്ക്കോളൂ. അമ്മക്ക് ഇതൊന്നും ഇഷ്ടമാകില്ല...' ജെസി അല്‍പ്പം പരിഭ്രമത്തോടെയാണ് പറഞ്ഞത്.
'മോള്‍ ഞങ്ങളോട് പറഞ്ഞതനുസരിച്ചു, ജെസിമോളുടെ അമ്മക്ക് എന്റെ അവസ്ഥ മനസ്സിലാകും... മേരിയെ ഒന്നു കണ്ടിട്ട് ഞാന്‍ പൊയ്ക്കോളാം...'
എഴുപതിലേറെ വയസ്സുണ്ടായിരുന്ന ആ അപ്പച്ചന്‍ അത് പറയുമ്പോഴും എനിക്കും ബിന്ദുവിനും ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. വാടാട്ടുപാറ അടുത്തു താമസിച്ചിരുന്ന അപ്പച്ചന് മൂന്നു പെണ്‍മക്കളാണ്. ആ അപ്പച്ചന്റെ മൂത്ത മകളെ കെട്ടിച്ചു വിട്ടുവെങ്കിലും പറഞ്ഞുറപ്പിച്ച സ്ത്രീധനത്തുക കൊടുക്കാത്തതിനാല്‍ അവരെയും രണ്ടു കുട്ടികളെയും ഭര്‍ത്താവ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടില്‍ കൊണ്ടുചെന്നാക്കിയത്രെ. അപ്പച്ചന് ഒരു മകന്‍ കൂടി ഉണ്ടായിരുന്നു. അയാള്‍ ഒരപകടത്തില്‍ മരിച്ചപ്പോള്‍ ആ കുടുംബം ഒന്നടങ്കം ദാരിദ്ര്യത്തിലായി. പറഞ്ഞു വെച്ചിരുന്ന സ്ത്രീധനം കൊടുക്കാന്‍ മാര്‍ഗമില്ലാതായി. അങ്ങനെ മൂന്നു പെണ്‍മക്കളും അതിലൊരാളുടെ രണ്ടു കുട്ടികളും പ്രായമായ കാര്‍ന്നവന്മാരും പട്ടിണിയിലായി. ഇളയ പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമൊക്കെ ആയെങ്കിലും കെട്ടിച്ചയക്കാന്‍ പണമില്ലാത്തതിനാല്‍ ആലോചനകള്‍ പോലും അവരെ തേടിയെത്തിയില്ല.
Content Highlights: From Parathot to Paris, Childhood struggle, family memories, Poverty, life challenges, babu abraham