തരിണി ഒരുങ്ങാന്‍ മൂന്ന് മണിക്കൂറെങ്കിലും എടുക്കുമെന്ന് കാളിദാസ്, മണ്ഡപത്തിലേക്ക് പോകുംമുമ്പ് പുഷ്അപ്

പുഷ് അപ് എടുക്കുന്ന കാളിദാസ്/ തരിണി അമ്മയോടൊപ്പം | Photo: instagram/ kalidas jayaram
പുഷ് അപ് എടുക്കുന്ന കാളിദാസ്/ തരിണി അമ്മയോടൊപ്പം | Photo: instagram/ kalidas jayaram

കഴിഞ്ഞ ദിവസമാണ് നടന്‍ കാളിദാസ് ജയറാം വിവാഹിതനായത്. ഗുരുവായൂരില്‍ നടന്ന ചടങ്ങിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്ന തരിണി കലിംഗരായരെയാണ് കാളിദാസ് ജീവിതപങ്കാളിയാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. വ്യാഴാഴ്ച ചെന്നൈയിലാണ് ഇരുവരുടേയും വിവാഹവിരുന്ന് നടക്കുക. കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷവും സംഘടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന്റെ മനോഹരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. വരനും വധുവും ഒരുങ്ങുന്നതും പാര്‍വതിയും ജയറാമും മാളവികയും ഭര്‍ത്താവ് നവനീതും കാളിദാസിനെ കുറിച്ച് സംസാരിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. 

സഹോദരി ഭര്‍ത്താവായ നവനീതിന് മുന്നില്‍വെച്ച് പുഷ് അപ് എടുത്ത് ശരീരം ഫിറ്റാക്കി വെയ്ക്കുന്ന കാളിദാസനെ വീഡിയോയില്‍ കാണാം. ഒരുങ്ങിനില്‍ക്കുന്ന കാളിദാസിനെ കാണുമ്പോള്‍ പാര്‍വതി ആദ്യം അമ്പരക്കുകയും ഭംഗിയായിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്നു. പിന്നാലെ തരിണി ഒരുങ്ങി ഇറങ്ങാന്‍ കാത്തുനില്‍ക്കുന്ന കാളിദാസനെ രസകരമായി വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സാധാരണയായി ഒരുങ്ങാന്‍ തരിണി മൂന്ന് മണിക്കൂറെങ്കിലും എടുക്കാറുണ്ടെന്നും ഇന്ന് സ്വന്തം വിവാഹത്തിന് അവള്‍ എത്ര നേരമെടുക്കും എന്നത് താന്‍ നോക്കി ഇരിക്കുകയാണെന്നും കാളിദാസ് ചിരിയോടെ പറയുന്നു. വിവാഹവേഷത്തില്‍ കാളിദാസിനെ കണ്ടപ്പോള്‍ 'താന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു' എന്നായിരുന്നു തരിണിയുടെ പ്രതികരണം. മാല അണിയാന്‍ കാളിദാസിനെ സഹായിക്കുന്ന പാര്‍വതിയേയും വീഡിയോയില്‍ കാണാം. 

രാവിലെ 7.15നും എട്ടിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മന്ത്രി മുഹമ്മദ് റിയാസ്, നടന്‍ ഗോകുല്‍ സുരേഷ് തുടങ്ങിയ സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന ചുവപ്പ് മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം രീതിയിലാണ് കാളിദാസ് മുണ്ടുടുത്തിരുന്നത്. നിറയെ ഗോള്‍ഡന്‍ വര്‍ക്കുകള്‍ വരുന്ന പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. 


 

Content Highlights: kalidas jayaram and tarini wedding video