മഞ്ഞളില്‍ മുങ്ങിക്കുളിച്ച് താരങ്ങള്‍,മുല്ലമൊട്ട് കോര്‍ത്തുണ്ടാക്കിയ ദുപ്പട്ട;ആനന്ദിന്റെ ഹല്‍ദി ആഘോഷം

ഹല്‍ദി ആഘോഷത്തില്‍ നിന്ന്/ പൂക്കള്‍ കോര്‍ത്തുണ്ടാക്കിയ ദുപ്പട്ട ധരിച്ച് രാധിക മെര്‍ച്ചന്റ്‌ | Photo: instagram/ ambani updates
ഹല്‍ദി ആഘോഷത്തില്‍ നിന്ന്/ പൂക്കള്‍ കോര്‍ത്തുണ്ടാക്കിയ ദുപ്പട്ട ധരിച്ച് രാധിക മെര്‍ച്ചന്റ്‌ | Photo: instagram/ ambani updates

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും ഹല്‍ദി ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍. മുകേഷ് അംബാനിയുടെ വീടായ മുംബൈയിലെ ആന്റീലിയയില്‍ നടന്ന ചടങ്ങില്‍ സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്ങ്, ജാന്‍വി കപൂര്‍, ഖുശി കപൂര്‍, സാറ അലി ഖാന്‍, അനന്യ പാണ്ഡെ, അര്‍ജുന്‍ കപൂര്‍, മാനുഷി ഛില്ലര്‍ തുടങ്ങിയ താരങ്ങളെല്ലാം പങ്കെടുത്തു.

ചടങ്ങിനെത്തിയപ്പോള്‍ ധരിച്ച ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രങ്ങള്‍ മാറ്റി ലളിതമായ വസ്ത്രത്തിലാണ് എല്ലാവരും ഹല്‍ദിയില്‍ പങ്കെടുത്തത്. രണ്‍വീറും അനന്യയും ഖുശിയും ജാന്‍വിയുമെല്ലാം മഞ്ഞളില്‍ കുളിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലണ്. ലെഹങ്കയും സാരിയും അനാര്‍ക്കലിയുമെല്ലാം മാറ്റിവെച്ച് സിംപിള്‍ കുര്‍ത്ത ധരിച്ചാണ് എല്ലാവരും ആഘോഷത്തിന്റെ ഭാഗമായത്.

ഹല്‍ദിക്കായി ലെഹങ്ക ചോളികളാണ് രാധിക തിരഞ്ഞെടുത്തത്. ചടങ്ങിനായി മഞ്ഞ നിറത്തിലുള്ളതും ചടങ്ങിനുശേഷം ധരിക്കാന്‍ സാല്‍മണ്‍ പിങ്ക് നിറത്തിലുള്ളതും. ഇത് രണ്ടും ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ അനാമിക ഖന്നയാണ്. സ്റ്റൈല്‍ ചെയ്തിരിക്കുന്നത് റിയ കപൂറുമാണ്. രാധിക ഈ ഔട്ട്ഫിറ്റുകള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ റിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

പൂക്കള്‍ മാത്രം കോര്‍ത്തുണ്ടാക്കിയ ദുപ്പട്ട മഞ്ഞ ലെഹങ്കയെ കൂടുതല്‍ മനോഹരമാക്കി. ഇതിനായി മുല്ലപ്പൂമൊട്ടുകളും മല്ലികപ്പൂവുമാണ് ഉപയോഗിച്ചത്. ദുപ്പട്ടയുടെ ബോര്‍ഡര്‍ പോലെയാണ് മല്ലികപ്പൂക്കള്‍ കോര്‍ത്തുകെട്ടിയത്. ഇതിനൊപ്പം ഫ്‌ളോറല്‍ ജ്വല്ലറിയും രാധിക ധരിച്ചു. മുല്ലമൊട്ടുകള്‍ കൊണ്ടുണ്ടാക്കിയ ഡബ്ള്‍ ലെയറുള്ള ലോങ് മാലയും കമ്മലും വളയുമാണ് പെയര്‍ ചെയയ്ത്. 

വെള്ള നിറത്തിലുള്ള പൂക്കളാണ് സാല്‍മണ്‍ പിങ്ക് ലെഹങ്കയില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ ചോളിക്കും ദുപ്പട്ടയ്ക്കും ഒരേ ഡിസൈന്‍ നല്‍കി. പൂക്കളുടെ ഡിസൈനുള്ള ചോക്കറും കമ്മലും ഇതിനൊപ്പം പെയര്‍ ചെയ്തു. 

ഗുജറാത്തികളുടെ പാരമ്പര്യ ചടങ്ങായ 'മാമേരു' വോടെയായിരുന്നു വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആന്റീലിയയില്‍ നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഇതിന് പിന്നാലെ മുംബൈയിലെ നിത അംബാനി കള്‍ച്ചറല്‍ സെന്ററില്‍ സംഗീത് ആഘോഷവും സംഘടിപ്പിച്ചു. ജസ്റ്റിന്‍ ബീബര്‍ ഉള്‍പ്പെടെയുള്ള താരനിര സംഗീതിന്റെ ഭാഗമായി. 

അതിനുശേഷം ഗ്രഹ് ശാന്തി പൂജയും മുഹൂര്‍ത്ത് പൂജയും നടന്നു.  ഗ്രഹ് ശാന്തി പൂജയ്ക്കായി രാധിക  ഗോള്‍ഡന്‍ വര്‍ക്കുള്ള ക്രീം നിറത്തിലുള്ള സാരിയാണ് തിരഞ്ഞെടുത്തത്. ഇത് ഗുജറാത്തി സ്റ്റൈലില്‍ ഉടുത്തു. ഇതിനൊപ്പം പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞു. മുകേഷ് അംബാനിയുടെ അമ്മ കോകിലബെന്‍ അംബാനിയാണ് ഗര്‍ബ നൈറ്റ് സംഘടിപ്പിച്ചത്. മുംബൈ നരിമാന്‍ പോയിന്റിലെ ട്രൈഡന്റ് ഹോട്ടലിലായിരുന്നു ആഘോഷം. പര്‍പ്പ്ള്‍ ലെഹങ്കയായിരുന്നു രാധികയുടെ ഔട്ട്ഫിറ്റ്. പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള ഷെര്‍വാണിയാണ് ആനന്ദ് ധരിച്ചത്. ആനന്ദിന്റെ അടുത്ത സുഹൃത്തുക്കളായ വീര്‍ പഹാരിയ, കാമുകിയും മിസ് വേള്‍ഡുമായ മാനുഷി ഛില്ലര്‍, ശിഖര്‍ പഹാരിയ തുടങ്ങിയവര്‍ ആഘോഷത്തിന്റെ ഭാഗമായി. 

ജൂലൈ 12-ന് മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് രാധികയുടേയും ആനന്ദിന്റേയും വിവാഹം. മൂന്ന് ദിവസത്തെ ആഘോഷമാണ് സംഘടിപ്പിക്കുന്നത്. നേരത്തെ ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടത്തിയിരുന്നു.
 

Content Highlights: anant ambani and radhika merchant haldi ceremony