ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനെക്കുറിച്ച് ഈ 12 തെറ്റിദ്ധാരണകള്‍ നിങ്ങള്‍ക്കുണ്ടോ?

#മിനി പി.എസ്. നായര്‍
Representative Image| Photo: Gettyimages
Representative Image| Photo: Gettyimages

ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ഇന്ന് എല്ലാവരും ബോധവാന്‍മാരാണ്. വര്‍ക്ക്ഔട്ട് ചെയ്യുക എന്നത് പലരും ജീവിതശൈലിയുടെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു. എങ്കിലും പലര്‍ക്കും സംശയങ്ങളുണ്ട്.  

വ്യായാമം ജിമ്മില്‍ പോയിത്തന്നെ ചെയ്യണമെന്നുണ്ടോ?  ഇല്ല, ജിമ്മില്‍ പോകണമെന്നില്ല. വീട്ടിലിരുന്ന് തന്നെ  വ്യായാമം ചെയ്താലും മതി. പക്ഷേ, ഒരു നല്ല പരിശീലകന്റെ മേല്‍നോട്ടത്തില്‍ തന്നെയാവണം വ്യായാമങ്ങള്‍ ചെയ്യേണ്ടത്. അത് വളരെ പ്രധാനമാണ്.

ഫിറ്റ്നസ് ഉപകരണങ്ങൾ വിലക്കുറവിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

അതുപോലെ പ്രധാനമാണ്  വ്യായാമങ്ങളെ ചുറ്റിപ്പറ്റി കിടക്കുന്ന മിഥ്യാധാരണകള്‍. വ്യായാമവുമായി ബന്ധപ്പെട്ട വസ്തുതകള്‍ അറിയുന്നത് നല്ലതാണ്. അത്തരത്തിലുള്ള കുറച്ച് മിഥ്യാധാരണകളെക്കുറിച്ചും അവയുടെ വസ്തുതകളെക്കുറിച്ചും അറിയാം. 

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വര്‍ക്ക്ഔട്ട് ചെയ്യുന്നവരും വര്‍ക്ക്ഔട്ട് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും പലപ്പോഴായി ചോദിച്ച ചില മിഥ്യാധാരണകളും അതിന്റെ വാസ്തവവും. 

1. വയറു കുറയ്ക്കാന്‍ ദിവസേന നൂറു സിറ്റപ്പ് ചെയ്യുന്ന ഒരാളാണ് ഞാന്‍. പക്ഷേ വയറിലെ കൊഴുപ്പ് കുറയുന്നില്ല. വയറു മാത്രം കുറയ്ക്കാന്‍ എന്ത് ചെയ്യണം?

വ്യായാമം ചെയ്ത് ശരീരത്തിലെ ഒരു ഭാഗം മാത്രമായി കൊഴുപ്പ് കുറയ്ക്കാന്‍ പറ്റില്ല. 'സ്‌പോട് റിഡക്ഷന്‍' എന്നത് വെറും മിഥ്യയാണ്. ഒരു ഭാഗത്തെ മാത്രം കൊഴുപ്പ് നഷ്ടപ്പെടുത്താന്‍ കഴിയില്ല. മറിച്ച്  നിങ്ങളുടെ ശരീരത്തില്‍ നിന്ന് മുഴുവനായും മാത്രമേ കൊഴുപ്പ് നഷ്ടപ്പെടുത്താന്‍ കഴിയൂ. അതിന് കാര്‍ഡിയോ വര്‍ക്ക്ഔട്ടുകളാണ് ഉത്തമം. വ്യായാമം ചെയ്യുമ്പോള്‍  ശരീരത്തില്‍ നിന്നും കൊഴുപ്പ്  ആനുപാതികമായി പുറത്തുവരുന്നു എന്നുള്ളതാണ് സത്യം. സിറ്റ്-അപ്പുകളും മറ്റ് പ്രതിരോധ വ്യായാമങ്ങളും ശരീരത്തിലെ കൊഴുപ്പിന് താഴെയുള്ള പേശികളെ ടോണ്‍ ചെയ്യുകയാണ് ചെയ്യുന്നത് എന്നു മനസ്സിലാക്കുക. 

2. ഞാന്‍ കഴിഞ്ഞ രണ്ടു മാസമായി എയ്‌റോബിക്‌ വ്യായാമം ചെയ്യുന്നുണ്ട്. മെലിഞ്ഞപോലെ തോന്നുന്നുണ്ട്. പക്ഷേ ശരീരഭാരം കുറയുന്നേയില്ല. പരിശീലകന്റെ കുഴപ്പമാണോ അതോ എന്റെ ശരീരത്തിന്റെ കുഴപ്പമാണോ? വര്‍ക്കൗട്ട്​ നിര്‍ത്തിയാലോ എന്നാലോചിക്കുകയാണ് 

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാന്‍ നമ്മള്‍ എയ്‌റോബിക്‌ വ്യായാമം ചെയ്യണമെന്നത് ശരിയാണ്, ഊര്‍ജത്തിനായി ആ കൊഴുപ്പ് കത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തീര്‍ച്ചയായും കൊഴുപ്പിന്റെ ഭാരം ശരീരത്തില്‍ നിന്നും  കുറയുന്നുണ്ട്. പക്ഷേ ഭാരം കുറയാത്തതെന്തു കൊണ്ടാണ് എന്നത് ന്യായമായ സംശയമാണ്. വ്യായാമം ചെയ്യുമ്പോള്‍ കൊഴുപ്പു കത്തിച്ചു കളയുക മാത്രമല്ല ചെയ്യുന്നത് ശരീരം പുതിയ പേശികള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട് 
പേശികളുടെ കോശങ്ങള്‍ക്ക് കൊഴുപ്പിനേക്കാള്‍ ഭാരം കൂടുതലാണ്. അതിനാല്‍ 'കൊഴുപ്പ് ഭാരം' നഷ്ടപ്പെടുമ്പോള്‍, 'പേശികളുടെ ഭാരം' വര്‍ധിക്കുന്നു. നിങ്ങളുടെ ഭാരത്തിന്റെ വലിയൊരു ശതമാനം കൊഴുപ്പിനേക്കാള്‍ ലീന്‍ മസില്‍ (LEAN MUSCLE)  ആയിരിക്കേണ്ടത് പ്രധാനമാണ്.

3. വെയ്റ്റ് ട്രെയ്‌നിങ് ചെയ്താല്‍ മസില്‍ ബില്‍ഡ് ചെയ്ത് സ്ത്രീകളും  പുരുഷന്മാരെ പോലെ ആവുമോ?

ജിമ്മില്‍ വരുന്ന ഭൂരിഭാഗം  സ്ത്രീകള്‍ക്കും വെയ്റ്റ് ട്രെയ്‌നിങ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. അത് വേണ്ട എന്നാണ്  പറയുക. വെയ്റ്റ് ട്രെയ്‌നിങ് ചെയ്താല്‍ മസില്‍ ബില്‍ഡ് ചെയ്ത് സ്ത്രീകളും പുരുഷന്മാരെ പോലെ ആവും എന്നാണ് പലരുടെയും വിശ്വാസം. വെയ്റ്റ് ട്രെയ്‌നിങ് ചെയ്താല്‍ മസില്‍ ബില്‍ഡാകും എന്നുള്ളത് ശരിയാണ്. പക്ഷേ നിങ്ങള്‍ക്ക് ബോഡി ബില്‍ഡര്‍മാര്‍ ആവണമെങ്കില്‍ മാത്രം അങ്ങനെയാക്കാം. ബോഡി ബില്‍ഡര്‍മാര്‍ ചെയ്യുന്ന പോലെ  മനഃപൂര്‍വം കനത്ത ഭാരം ഉയര്‍ത്തുകയും ആ രൂപം കൈവരിക്കാന്‍ നിരവധി സപ്ലിമെന്റുകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ മാത്രം. ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ കുറവായതു കൊണ്ട് തന്നെ ഒരു സാധാരണ സ്‌ട്രെങ്ത് ട്രെയ്‌നിങ് വര്‍ക്ക്ഔട്ട് കൊണ്ട് സ്ത്രീകള്‍ക്ക് മസില്‍ ബില്‍ഡ് ചെയ്യില്ല. മിതമായ വെയ്റ്റ് ട്രെയ്‌നിങ് പേശികളെ ശക്തിപ്പെടുത്തുന്നതിനും ടോണ്‍ ചെയ്യുന്നതിനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു മികച്ച മാര്‍ഗമാണ്. കൂടാതെ ഏത് ഫിറ്റ്‌നസ് പ്ലാനിലും ഇത് ഒരു പ്രധാന ഘടകമാണ്. ലോകത്തിലെ ഏറ്റവും മികച്ച ട്രെയ്‌നിങ് രീതിയാണ് വെയ്റ്റ് ട്രെയ്‌നിങ്. നിര്‍ബന്ധമായും അത് നിങ്ങളുടെ വര്‍ക്ക്ഔട്ട് ഷെഡ്യൂളില്‍  ഉള്‍പ്പെടുത്തുക.

4. മെഷീന്‍ ഇല്ലാതെ ചെയ്യുന്ന  ചെയ്യുന്ന വ്യായാമങ്ങള്‍ തീരെ ഫലപ്രദമല്ല

മെഷീന്‍ ഇല്ലാതെ ചെയ്യുന്ന വ്യായാമങ്ങള്‍ ശരീരത്തെ കൂടുതല്‍ ഫിറ്റ് ആന്‍ഡ് സ്‌ട്രോങ് ആക്കുകയാണ് ചെയ്യുന്നത്. ഓരോ രീതിയുടെയും ഫലപ്രാപ്തി നിങ്ങള്‍ അവ എത്ര നന്നായി ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മെഷീന്‍ ഇല്ലാതെ ചെയ്യുന്ന വ്യായാമങ്ങളിലൂടെ കാര്‍ഡിയോ എന്‍ഡ്യൂറന്‍സും മസ്സില്‍ സ്‌ട്രെങ്ത്തും നന്നായി വര്‍ധിപ്പിക്കാന്‍ കഴിയും. അത് മാത്രമല്ല, ഒരേ സമയം കൂടുതല്‍ മസിലുകള്‍ക്കുള്ള വര്‍ക്ക്ഔട്ടുകള്‍ കൊടുക്കാനും  ശരീരത്തിന്റെ ബാലന്‍സിങ്ങും ഫ്‌ളെക്‌സിബിലിറ്റിയും മെച്ചപ്പെടുത്താനും  ചെയ്യും. ഇതിനൊക്കെ ഉപരിയായി ഏതു ഫിറ്റ്‌നസ് നിലവാരത്തിലുള്ളവര്‍ക്കും ചെയ്യാനും കഴിയും.

5. വ്യായാമം കൊഴുപ്പിനെ പേശികളാക്കി മാറ്റുന്നു

ഒരു തരം ടിഷ്യു ഒരിക്കലും മറ്റൊരു തരത്തിലേക്ക് മാറില്ല. വ്യായാമത്തിന് കൂടുതല്‍ ഊര്‍ജം ആവശ്യമാണ്. അത് കൊഴുപ്പ് കത്തിച്ചാണ് കൂടുതലും ലഭിക്കുന്നത്. അതേ സമയം, വ്യായാമം മസില്‍ ടോണ്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ കൊഴുപ്പിന്റെ കട്ടിയുള്ള പാളിയാല്‍ പൊതിഞ്ഞ ദുര്‍ബലവും മങ്ങിയതുമായ പേശികള്‍ക്ക് പകരം, കൊഴുപ്പിന്റെ നേര്‍ത്ത പാളിയാല്‍ പൊതിഞ്ഞ ശക്തമായ പേശികള്‍  ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അല്ലാതെ വ്യായാമം ഒരിക്കലും കൊഴുപ്പിനെ പേശികളാക്കി മാറ്റില്ല.

6. നോ പെയിന്‍ നോ ഗെയിന്‍ 

ഈയൊരു ചൊല്ല് വര്‍ക്ക്ഔട്ടിന്റെ കാര്യത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. അപകടകരമായ ഒരു പ്രവര്‍ത്തനം നിര്‍ത്താന്‍ നിങ്ങളോട് പറയുന്ന നിങ്ങളുടെ ശരീരത്തിന്റെ മാര്‍ഗമാണ് വേദന. വ്യായാമം ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും ഗുരുതരമായ അസ്വസ്ഥതയോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ അത് ഒഴിവാക്കുക. 

7.രാത്രി വളരെ വൈകി വര്‍ക്ക്ഔട്ട്  ചെയ്യുന്നത് ഉറക്കത്തെ മോശമായി  ബാധിക്കും 

പഴയ പഠനങ്ങള്‍ പറയുന്നത് രാത്രി വൈകിയുള്ള വ്യായാമം ഉറക്കത്തെ കുറയ്ക്കും എന്നായിരുന്നു. പുതിയ പഠനങ്ങള്‍  പറയുന്നത് രാത്രി ലളിതമായ വ്യായാമം ചെയ്യുന്നത് ഉറക്കത്തെ ബാധിക്കില്ല എന്നാണ്. പക്ഷേ, കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുക. കിടക്കാന്‍ പോകുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും വ്യായാമം ചെയ്തിരിക്കുകയും വേണം.

8. ധാരാളം കാര്‍ഡിയോ മാത്രം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്

നിങ്ങളുടെ ലക്ഷ്യം ശരീരഭാരം കുറയ്ക്കുകയാണെങ്കില്‍, സ്‌ട്രെങ്ത് വര്‍ക്ക്ഔട്ട് ചെയ്യാതെ ട്രെഡ്മില്ലില്‍ കുറെയേറെ ദൂരം ഓടുകയോ നടക്കുകയോ മാത്രം ചെയ്യുന്നത് എല്ലായ്‌പ്പോഴും മികച്ച സമീപനമല്ല. അങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്നും കൊഴുപ്പിനൊപ്പം മസിലും നഷ്ടപ്പെടും. അത് അനാരോഗ്യകരമായ രീതിയാണ്.  പരമ്പരാഗത കാര്‍ഡിയോ വര്‍ക്ക്ഔട്ട് ദൈനംദിന കലോറി കമ്മി (CALORIE DEFICIT ) ഉണ്ടാകാന്‍ ഇടയാക്കും(ആരോഗ്യകരമായ ഭക്ഷണത്തിന് പുറമേ). ഇത് ശരീരഭാരം കുറയ്ക്കാന്‍ അത്യാവശ്യവുമാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ മസില്‍ നിങ്ങളുടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെടും എന്നോര്‍ക്കുക. ഹൈ ഇന്റന്‍സിറ്റി കാര്‍ഡിയോ, സ്‌ട്രെങ്ത് ട്രെയ്‌നിങ് ഇവയുടെ കോമ്പിനേഷന്‍ ഒരു നല്ല ആശയമാണ്. ശരീരഭാരം കുറയ്ക്കുമ്പോള്‍, ഒരു മികച്ച ഡയറ്റ് പ്ലാന്‍ ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്.

9. ആഴ്ചയില്‍ ഏഴു ദിവസവും കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യണം

പൂര്‍ണമായും തെറ്റാണ്. നമ്മള്‍ വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍, നമ്മളുടെ  മസില്‍ ഫൈബറുകള്‍ തകര്‍ക്കുകയാണ് ചെയ്യുന്നത്. അവ കൂടുതല്‍ ശക്തമായി പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള ഒരു രീതി. അതിനു വേണ്ടി, നഷ്ടപ്പെട്ട മസില്‍ ഫൈബറുകള്‍ വീണ്ടെടുക്കാന്‍ (RECOVERY) ശരീരത്തിന് സമയം നല്‍കേണ്ടതുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വിശ്രമ ദിനങ്ങള്‍(REST) കൊടുക്കേണ്ടത് അത്യാവശ്യമാണ് -അതായത് ശരീരത്തില്‍ സമ്മര്‍ദ്ദം ചെലുത്താത്ത, 
ലളിതമായ എന്തെങ്കിലും ചെയ്യുക. അതിനാല്‍, നമ്മളെപ്പോലെ സാധാരണക്കാര്‍ ആഴ്ചയില്‍ മൂന്നോ നാലോ ദിവസം കഠിനമായ വര്‍ക്ക്ഔട്ട് ചെയ്താല്‍ മതിയാകും. വര്‍ക്ക്ഔട്ട് ഷെഡ്യൂള്‍ ചെയ്യുന്നതില്‍ ഒരു നല്ല ട്രെയ്‌നര്‍ക്ക് സഹായം നല്‍കാനാകും. 

10. സ്‌ട്രെങ്ത് ട്രെയ്‌നിങ് എന്നാല്‍ മെഷീനുകളും ഹെവി വെയ്റ്റും  ഉപയോഗിച്ച് വ്യായാമം ചെയ്യുന്ന രീതിയാണ്

സ്‌ട്രെങ്ത് ട്രെയ്‌നിങ്  എന്നാല്‍ നമ്മളുടെ പേശികളെ(MUSCLE) പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രതിരോധം(RESISTANCE) ഉപയോഗിക്കുന്നു എന്നാണര്‍ഥം - ആ പ്രതിരോധം ഒരു മെഷീനില്‍ നിന്നോ ഹെവി വെയ്റ്റില്‍ നിന്നോ വരണമെന്നില്ല. തുടക്കത്തില്‍, നമ്മുടെ  സ്വന്തം ശരീരഭാരം ഉപയോഗിച്ചുകൊണ്ട് മാത്രം ഇത് ചെയ്യാം. പതിയെപ്പതിയെ  പ്രതിരോധം കൂട്ടാന്‍ കെറ്റില്‍ ബെല്‍സ്, ഡംബെല്‍സ്, റെസിസ്റ്റന്‍സ് ബാന്‍ഡ്‌സ്, മെഡിസിന്‍ ബോള്‍ തുടങ്ങിയ ഉപകരണങ്ങളും ഉപയോഗിക്കാം. 

ഇനി അതൊന്നും ഇല്ലേ?  വീട്ടിലിരുന്ന്, ശരീരഭാരം ഉപയോഗിച്ചു കൊണ്ട് മാത്രംചെയ്യാന്‍ കഴിയുന്ന ഇഷ്ടം പോലെ വ്യായാമങ്ങളുണ്ട്. തെറ്റുകൂടാതെ ചെയ്യുക എന്നത് വളരെ പ്രധാനമാണ് എന്ന കാര്യം മറക്കരുത്‌.

11. വ്യായാമത്തിന് മുമ്പ്  സ്‌ട്രെച്ച്  ചെയ്യേണ്ടതില്ല

ഒരിക്കലും ഒരു വര്‍ക്ക്ഔട്ടിലേക്ക് നേരിട്ട് പോകുന്നത് ശരിയല്ല. കൃത്യമായ വാംഅപ്, കൃത്യമായ സ്‌ട്രെച്ച് ആവശ്യമാണ്. പ്രീവര്‍ക്ക്ഔട്ട് സ്‌ട്രെച്ചുകള്‍, മൊബിലിറ്റി, ഫ്‌ളെക്‌സിബിലിറ്റി എന്നിവ മെച്ചപ്പെടുത്താനും അതിലൂടെ പെര്‍ഫോര്‍മന്‍സ് ഉയര്‍ത്താനും  സഹായിക്കും. നമ്മുടെ ശരീരത്തെ വ്യായാമത്തിനായി  തയ്യാറാക്കുകയും നമ്മളുടെ ചലന പരിധി(RANGE OF MOTION) വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വ്യായാമത്തിനു മുന്‍പ് കൃത്യമായ വാംഅപ്, കൃത്യമായ സ്‌ട്രെച്ച് ഇവ ചെയ്യുന്നത് പരുക്കുകള്‍ കൂടാതെ  കൂടുതല്‍ തീവ്രമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടാനും കൂടുതല്‍ പേശികളെ ശക്തിപ്പെടുത്താനും സഹായിക്കും. വ്യായാമത്തിനു മുന്‍പ് കൃത്യമായ വാംഅപ്, കൃത്യമായ സ്‌ട്രെച്ച് ചെയ്യുന്നത് നിര്‍ബന്ധമാക്കുക. അതിനും കൃത്യമായ രീതികളുണ്ട്. 

12. വ്യായാമത്തിന് വളരെയധികം സമയമെടുക്കും

വ്യായാമം ചെയ്യാത്തതിന് ആളുകള്‍ പറയുന്ന പ്രധാന കാരണം ഇതാണ്. എന്നാല്‍ വ്യായാമത്തിന് വളരെയധികം സമയമെടുക്കുമെന്ന ധാരണയില്‍ സത്യമില്ല. ഹൃദയമിടിപ്പും  ശ്വാസോച്ഛ്വാസവും വര്‍ധിപ്പിക്കുന്നതിന് 20-30 മിനിറ്റ് മാത്രം മതി. കൂടാതെ  എല്ലാം ഒറ്റയടിക്ക് ചെയ്യേണ്ടതില്ല. വ്യായാമങ്ങള്‍ ദിവസം മുഴുവനും വിഭജിച്ച് 30 സെക്കന്‍ഡ് മുതല്‍ രണ്ട് മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന ചെറിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് പോലും പ്രയോജനകരമാണ്.  

സമയത്തെക്കുറിച്ച് ശരിക്കും ആശങ്ക ഉള്ള ഒരാള്‍ക്ക്, വ്യായാമം ചെയ്യാതിരിക്കാന്‍ കഴിയില്ല എന്നുള്ളതാണ് സത്യം. വ്യായാമത്തില്‍ നമ്മള്‍ നിക്ഷേപിക്കുന്ന സമയത്തിന്റെ റിട്ടേണ്‍ വളരെ വലുതാണ്. ആഴ്ചയില്‍ 75 മിനിറ്റ് വ്യായാമം ചെയ്യുന്നത് നമ്മളുടെ  ജീവിതത്തിലേക്ക് 1.8 വര്‍ഷം കൂടി കൂട്ടിച്ചേര്‍ക്കും എന്നാണു പഠനങ്ങള്‍ പറയുന്നത്. അത് അതിശയോക്തിയായി തോന്നുന്നുവെങ്കില്‍ ഇത്ര മാത്രം ചിന്തിക്കുക, വ്യായാമം നമ്മളെ കൂടുതല്‍ ആരോഗ്യവാന്മാരാക്കുന്നു. കൈയിലുള്ള  സമയം കൊണ്ട് നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് ചിന്തിക്കുക.

(വടകര ക്രീഡ ഫീമെയില്‍ ഫിറ്റ്‌നസ്സ് സെന്ററിലെ ട്രെയ്‌നറാണ് ലേഖിക)

Content Highlights: Fitness, Gym Workout Myths and Facts, Female Fitness 

Content Highlights: