50 കിലോ കുറയാൻ നാല് വർഷമെടുത്തു; പിന്തുണയേകിയത് അമ്മ- അർജുൻ കപൂർ

#Movie Desk
അർജുൻ കപൂർ | Photo: Screengrab: bollywoodcelebritiesfamily, PTI
അർജുൻ കപൂർ | Photo: Screengrab: bollywoodcelebritiesfamily, PTI

ബോളിവുഡ് സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരമാണ് അർജുൻ കപൂർ. കുട്ടിക്കാലത്ത് അമിതഭാരമുണ്ടായിരുന്ന അർജുൻ പിന്നീട് നടത്തിയ രൂപമാറ്റം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. നാല് വർഷം കൊണ്ടാണ് താൻ 50 കിലോ ശരീരഭാരം കുറച്ചതെന്ന് അർജുൻ പറ‍ഞ്ഞു. മുംബൈയിലെ FICCI യങ്ങ് ലീഡേഴ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 കിലോ ശരീരഭാരം കുറയ്ക്കാൻ നാല് വർഷമെടുത്തു. ഈ മാറ്റത്തിന് കടപ്പെട്ടിരിക്കുന്നത് അമ്മ മോന ഷൗരി കപൂറിനോടാണ്. ആ പിന്തുണ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനായിരുന്നു. എന്നാൽ, മിക്ക ആളുകൾക്കും അത്തരത്തിൽ വൈകാരികമോ സാമ്പത്തികമോ ആയ പിന്തുണ ലഭിക്കുന്നില്ല, അർജുൻ പറഞ്ഞു.

മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും നടൻ സംസാരിച്ചു. മനസ്സ് തുറക്കുന്നതിൽ ഒരു തെറ്റുമില്ല. തങ്ങളുടെ വികാരങ്ങളെ അംഗീകരിക്കാൻ കഴിയുന്നവരാണ് ഏറ്റവും ശക്തരായ ആളുകൾ. തുറന്നുപറയാനുള്ള ഒരിടമാണ് നമുക്ക് വേണ്ടത്. തെറാപ്പി അത് നൽകുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, വിഷാദരോഗം, ഓട്ടോഇമ്മ്യൂൺ ഡിസോർഡർ എന്നിവയാൽ താൻ ബുദ്ധിമുട്ടിയിരുന്നുവെന്ന് നടൻ വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് അമിതവണ്ണമുണ്ടായിരുന്നത് തനിക്കൊരു ട്രോമ പോലെയായിരുന്നു. അടുത്തിടെയുണ്ടായ മാനസിക സമ്മർദങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതിരുന്നതോടെ തെറാപ്പി എടുക്കുകയും ചെയ്തു. നെഗറ്റീവ് ചിന്തകൾ വർധിച്ചതോടെയാണ് തെറാപ്പി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും തെറാപ്പിസ്റ്റാണ് തനിക്ക് ചെറിയതോതിൽ വിഷാദരോഗമുണ്ടെന്ന് സ്ഥിരീകരിച്ചതെന്നും അന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Arjun Kapoor shares his incredible 50kg weight loss story, crediting his late mother for her unwavering support during his transformation for `Ishaqzaade`.