ഈർക്കിലിൽ പഞ്ഞിചുറ്റിയോ പക്ഷിത്തൂവൽ ഉപയോഗിച്ചോ പുരട്ടിയിരുന്ന കറുത്തമരുന്ന്, ഒഴിഞ്ഞുപോയ ആ മണം

#എം.കെ രാജശേഖരൻ
Representative Image| Photo: wikipedia.org/wiki/Ammonium_bituminosulfonate
Representative Image| Photo: wikipedia.org/wiki/Ammonium_bituminosulfonate

ആശുപത്രികൾക്കൊരു മണമുണ്ട്, അന്നും ഇന്നും. പഞ്ചനക്ഷത്ര ആശുപത്രികളുടെ ഇക്കാലത്ത് ആ മണങ്ങൾക്ക് വല്ലാത്ത ആഡംബരവും സ്വീകാര്യതയുമാണെങ്കിലും മുൻകാലത്ത് അങ്ങനെയായിരുന്നില്ല. പലപ്പോഴും മരുന്നിന്റെ മണമായിരുന്നു. ആശുപത്രികൾക്കും ചെറിയ ക്ലിനിക്കുകൾക്കുമെല്ലാം ഏറെക്കുറെ ഒരേ മണം. ഇതിൽ പ്രധാനപ്പെട്ട മണത്തിന്റെ അധിപനാണ് നമ്മുടെ ഇന്നത്തെ കഥാപാത്രം. പേര് ഇക്തമോൾ ഗ്ലിസറിൻ.

1990-കൾക്ക് മുൻപ് കുട്ടികളിൽ പതിവായി കാണപ്പെട്ടിരുന്ന ഒരു രോഗമാണ് മംപ്‌സ് അഥവാ മുണ്ടിനീര്. ഉമിനീർ ഗ്രന്ഥികളെ വൈറസ് ബാധിക്കുന്നതാണ് രോഗം. അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് കൂടുതൽ കണ്ടിരുന്നത്.  പടരാൻ സാധ്യതയുള്ളതിനാൽ വേഗത്തിൽ ചികിത്സ തേടുമായിരുന്നു. രോഗം വന്നാൽ മുഖത്ത് നീരുവരുമെന്നതിനാൽത്തന്നെ കുട്ടികൾ വീട്ടിലിരിപ്പാകും. പഴയ കാലത്ത് രോഗത്തിനെതിരെ  ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരു ദ്രാവക മരുന്നാണ് ഇക്തമോൾ ഗ്ലിസറിൻ. കറുപ്പ് നിറവും ചെറിയതോതിൽ  ഒട്ടലുമുള്ളതുകൊണ്ട് അത്ര പ്രിയങ്കരമായ ഒരു പ്രയോഗം ആയിരുന്നില്ല ഇതിന്റേത്. എന്നാൽ മോശമല്ലാത്ത ഒരു മണം ആയിരുന്നു ഏക ആകർഷണം. മുണ്ടിനീരിന് പുറമേ എക്‌സിമ, സോറിയാസിസ് തുടങ്ങി തൊലിപ്പുറത്തെ അസുഖങ്ങൾക്കും ഇതുപയോഗിച്ചിരുന്നു.

നല്ല കറുത്ത നിറമുള്ള മരുന്ന് രണ്ടുചേരുവകൾ ചേർത്താണ് ഉണ്ടാക്കിയിരുന്നതെന്ന് ആരോഗ്യവകുപ്പിൽനിന്ന് ഫാർമസി സ്‌റ്റോർകീപ്പറായി വിരമിച്ച ആലപ്പുഴ തണ്ണീർമുക്കം സ്വദേശി കെ.പി. സത്യപാലൻ പറയുന്നു. എൺപതുശതമാനം ഗ്ലിസറിനും 20 ശതമാനം ഇക്ത്തമോളും ചേർത്ത് ആശുപത്രികളിൽതന്നെയായിരുന്നു അക്കാലത്ത് മരുന്നുണ്ടാക്കൽ. ആവശ്യമുള്ള രോഗികൾക്ക് ചെറിയ കുപ്പികളിൽ ഇത് പകർന്നും നൽകിയിരുന്നു. മുണ്ടിനീര് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന രോഗമായതിനാലും മറ്റ് മരുന്നുകൾ ഇല്ലാതിരുന്നതിനാലും ഇത് കൊടുത്തുവിടാതെ പറ്റുമായിരുന്നില്ല. ഈർക്കിലിൽ പഞ്ഞിചുറ്റിയോ പക്ഷിത്തൂവൽ ഉപയോഗിച്ചോ ആണ് കഴുത്തിലും കവിളത്തും മരുന്ന് പുരട്ടിയിരുന്നത്. പാർശ്വഫലമില്ലെന്നതായിരുന്ന് പ്രധാന മേന്മ. ഇതിലെ പ്രധാന മൂലകമായ ഇക്തമോളിന്റെ രാസനാമം അമോണിയം ബിറ്റുമിനോസൾഫൊണേറ്റ് എന്നാണ്. സൾഫർ സാന്നിധ്യമേറെയുള്ള എണ്ണപ്പാളിയിൽനിന്നാണ് ഇത് വേർതിരിച്ചെടുക്കുന്നത്. പ്രാണികളുടെ കടി തുടങ്ങി തൊലിപ്പുറത്തെ ചെറിയ അസ്വസ്ഥതകൾക്കെതിരെ ഉപയോഗിക്കുന്ന മരുന്നാണിത്. ഇതു ചേർത്തുള്ള ഓയിൻമെന്റുകൾ വിപണിയിൽ ലഭിക്കുന്നുമുണ്ട്. ഗ്ലിസറിനൊപ്പം ചേർത്ത് മരുന്നായി ഉപയോഗിക്കുമ്പോൾ മുറിവുള്ള ഭാഗത്ത് പ്രയോഗിക്കരുതെന്ന മുന്നറിയിപ്പും ഡോക്ടർമാർ നൽകാറുണ്ടായിരുന്നു. 

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

മുഖം കറുക്കുമെന്നതും ഒട്ടിപ്പിടിക്കുമെന്നതും ഇതിന്റെ ജനപ്രിയതയെ ഏറെ ദോഷകരമായി ബാധിച്ചിരുന്നു. മുണ്ടിനീരിനും മറ്റും പ്രതിരോധ കുത്തിവെപ്പ് നിലിവിൽ വന്നതോടെയാണ് ഈ മണത്തിന്റെ പ്രൗഢി മങ്ങിത്തുടങ്ങിയത്. ഇതോടെ രോഗബാധ അപൂർവമായി. ഒരുകാലത്ത് തീരെ ഇല്ലാതായെന്നും പറയാം. കൂടുതൽ ഉപയോഗ സൗകര്യമുള്ള മരുന്നുകൾ ഗുളികകളുടെയും ഓയിൻമെന്റുകളുടെയും രൂപത്തിൽ വന്നതോടെ 'കറുത്തമണം' കൂടുതൽ പുറത്തായി. ഏതായാലും പഴകാലത്തിന്റെ ഓർമകൾ പരത്തുന്ന മണമുള്ള  ഈ മരുന്ന് അങ്ങനെ ആശുപത്രികളുടെ മരുന്നുമേശയിൽനിന്നും നാടുനീങ്ങി. എന്നാൽ ഇക്ത്താൽമോൾ പ്രധാന ചേരുവയായ വിവിധിയിനം മരുന്നുകൾ പല രൂപത്തിൽ ഇന്ന് വിപണിയിൽ ലഭിക്കുന്നുണ്ട്. പഴമയുടെ ഗരിമ പേറുന്ന വിധത്തിൽ ഇക്തമോൾ ഗ്ലിസറിൻ എന്ന മിശ്രിതവും ചെറിയ കുപ്പികളിലായി ചില കമ്പനികളെങ്കിലും വിപണിയിലെത്തിക്കുന്നുണ്ട്.

Content Highlights: what is ichthammol glycerine