ഈ അവധിക്കാലം കാത്തിരിക്കുന്ന അപ്പൂപ്പനമ്മൂമ്മമാര്‍ നിങ്ങളില്‍ പലര്‍ക്കുമുണ്ടാകും,മറക്കരുത് ഇക്കാര്യം

#ഡോ. വി.പി. ഗംഗാധരൻ
ഡോ. വി.പി. ​ഗം​ഗാധരൻ
ഡോ. വി.പി. ​ഗം​ഗാധരൻ

അച്ഛന്റെ അമ്മയെ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് അമ്മയുടെ അമ്മയാണ് എന്റെ മനസ്സിലെ അമ്മൂമ്മ. വടവട്ടത്ത് ഗൗരി അമ്മ. എന്റെ സ്വന്തം അമ്മൂമ്മ. ഇരിഞ്ഞാലക്കുടയിലെ കുട്ടിക്കാലം ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലം. അഞ്ചാമത്തെ വയസ്സില്‍ നേരെ 3-ാം ക്ലാസില്‍ ചേര്‍ന്നതിനാല്‍ 6 വയസ്സ് മാത്രം പ്രായം. കൂടെ ചേച്ചിയുമുണ്ടായിരുന്നു. അച്ഛനും അമ്മയും അന്ന് അങ്ങ് ദൂരെ... തിരുപ്പൂരില്‍. അവരെ പിരിഞ്ഞിരിക്കുന്ന കൊച്ച് ഗംഗയുടെ മനസ്സിലെ ദുഃഖം ഒരു പരിധി വരെ അകറ്റിയിരുന്നത് അമ്മൂമ്മയുടെ സ്‌നേഹമായിരുന്നു, ഞങ്ങളോടുള്ള സമീപനമായിരുന്നു.

വെളുത്ത് മെലിഞ്ഞ് ചെമ്പന്‍ മുടിയുള്ള അമ്മൂമ്മയുടെ നെറ്റിയില്‍ നീണ്ട ഒരു ഭസ്മക്കുറി കാണും എപ്പോഴും. മുഖത്ത് സൗമ്യ ഭാവം. ചുണ്ടില്‍ മായാത്ത പുഞ്ചിരി. അമ്മയുടെ അതേ മുഖഛായ. കഴുത്തില്‍ ഒരു വലിയ മുഴയുണ്ടായിരുന്നു. മുറുക്കാന്‍ ചെല്ലം അരികില്‍ വെച്ച് കാലും നീട്ടിയിരിക്കുമ്പോള്‍ അമ്മൂമ്മ പറയും. 'ഒരു ദിവസം ഈ മുഴ പൊട്ടും. അന്ന് ഞാന്‍ തീരും'. അടക്ക ചെരണ്ടിക്കൊണ്ടിരുന്ന ഞാന്‍ പേടിച്ച് അമ്മൂമ്മയുടെ കയ്യില്‍ പിടിച്ച് കരയും. 'പേടിച്ചുപോയി അല്ലേ? ഞാന്‍ തമാശ പറഞ്ഞതല്ലേടാ. നിങ്ങളെ വിട്ടിട്ട് ഞാന്‍ പോകുമോ? എനിക്കെങ്ങിനെ പോകാന്‍ കഴിയും'. 'ഞങ്ങളെ തനിയെ വിട്ടിട്ട് അമ്മൂമ്മ എങ്ങും പോകില്ല'. ഞങ്ങള്‍ അമ്മൂമ്മയെ കെട്ടിപ്പിടിക്കും.

Content Highlights: dr vp gangadharan column about grandparents

Continue reading