വീട്ടിലുണ്ടാക്കാം ഹെല്‍ത്തിയായ തക്കാളി സോസ്

representative image|photo:canva
representative image|photo:canva

തക്കാളി സോസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. എന്നാല്‍ പുറത്ത് നിന്നും എപ്പോഴും അത് വാങ്ങിയുപയോഗിക്കുന്നത് അത്ര ആരോഗ്യപ്രദമല്ല. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ആരോഗ്യപ്രദമായ രീതിയില്‍ തക്കാളി സോസുണ്ടാക്കി നോക്കാം.

ചേരുവകള്‍

തക്കാളി -1 കിലോ
വിനാഗിരി -1/3 കപ്പ്
പഞ്ചസാര -1/2 കപ്പ്
പച്ചമുളക് -4
ഉപ്പ് -പാകത്തിനു
ഏലക്കാ -4
ഗ്രാമ്പൂ-5
കറുവപട്ട -1 മീഡിയം കഷണം
പെരുംജീരകം -1/2 റ്റീസ്പൂണ്‍
ജീരകം -1/2 റ്റീസ്പൂണ്‍
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂണ്‍
സവാള -1


പാചകരീതിയിലേയ്ക്ക്

തക്കാളി കഴുകി വൃത്തിയാക്കി എടുക്കണം.ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കണം. ശേഷം വെള്ളം നന്നായി തിളച്ച് തക്കാളിയുടെ തൊലി അടര്‍ന്നു വരുന്ന പരുവം ആകുമ്പോള്‍ തീ അണക്കാം. ശേഷം തക്കാളി നല്ല തണുത്ത വെള്ളതില്‍ ഇട്ടുവെക്കുക.ചൂട് നന്നായി പോയതിന് ശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞെടുക്കണം.പിന്നീട് എല്ലാം മിക്‌സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കിയെടുക്കാം.

ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്,സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേര്‍ത്ത് ഒരു വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി എടുക്കുക.അടികട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് ശേഷം തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കണം. തുടര്‍ന്ന് ഉണ്ടാക്കി വെച്ചിരിക്കുന്ന കിഴി കൂടി അതില്‍ ഇട്ട് ഇളക്കി ചൂടാക്കണം.

നന്നായി ചൂടായി കുറുകാന്‍ തുടങ്ങുമ്പോള്‍ വിനാഗിരി ,പഞ്ചസാര ,പാകത്തിനു ഉപ്പ് ഇവ കൂടെ ചേര്‍ത്ത് നന്നായി തിളച്ചശേഷം നന്നായി കുറുകുന്നത് വരെ ഇളക്കിക്കൊടുക്കുക.ശേഷം കിഴിയെടുത്ത് തക്കാളി ചാറിലേക്ക് നന്നായി പിഴിഞ്ഞ് ആ സത്ത് മുഴുവന്‍ ഇറങ്ങാന്‍ അനുവദിക്കുക. ആ സമയം നന്നാായി ഇളക്കി കൊടുക്കണം. 25 മിനിറ്റിനു ശേഷം തീ അണക്കാം. തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.
 

Content Highlights: homemade tomato sauce recipe, tomato sauce recipe, recipe,food